ശബരിമലയിൽ ഇന്നെത്തിയത് 55,719 ഭക്തർ, സ്പോട് ബുക്കിങ്ങിലൂടെ 4435 പേർ
Mail This Article
ശബരിമല∙ അയ്യനെ കൺനിറച്ച് കണ്ടും മതിവരുവോളം തൊഴുതും തീർഥാടകർ. ശബരിമലയിൽ ചൊവ്വാഴ്ച 55,719 പേരാണ് ദർശനം നടത്തിയത്. പുലർച്ചെ 3 മണി മുതൽ രാത്രി 9 മണി വരെയുള്ള കണക്കാണിത്. 4435 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. വെർച്വൽ ക്യൂ വഴി ദിവസം 70,000 പേർക്കും സ്പോട് ബുക്കിങ് വഴി 10,000 പേർക്കും ദർശനം അനുവദിച്ചിട്ടുണ്ട്. വെർച്വൽ ക്യൂവിൽ നല്ലൊരു ഭാഗവും ദർശനത്തിന് എത്തുന്നില്ലെന്ന് ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.
നടപ്പന്തലിൽ ഭക്തർക്ക് കാര്യമായി കാത്തുനിൽക്കേണ്ടി വരുന്നില്ല. ഭക്തർക്ക് സൗകര്യപ്രദമായി ദർശനം നടത്താൻ കഴിയുന്നുണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. നിലയ്ക്കലിലും കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പമ്പയിൽ വാഹന പാർക്കിങ്ങിനും വലിയ ബുദ്ധിമുട്ടില്ല. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലാത്ത മണ്ഡല കാലമാണ് കടന്നുപോകുന്നതെന്നും ഇതുപോലെ മുന്നോട്ടു പോകുമെന്നാണ് കരുതുന്നതെന്നും പത്തനംതിട്ട എസ്പി വിനോദ് കുമാർ പറഞ്ഞു.
ഇതരസംസ്ഥാന തീർഥാടകർ എത്തുന്ന കോട്ടയം, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിലും സ്ഥിതിഗതികൾ ശാന്തമാണ്. ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽനിന്നു വിവിധ ഭാഗങ്ങളിലേക്ക് എൺപതോളം സർവീസുകൾ ദിവസവുമുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ബസുകളിൽ വലിയ തിരക്കില്ല. എന്നിരുന്നാലും വരും ദിവസങ്ങളിൽ വലിയ തിരക്കാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.