ADVERTISEMENT

കൊച്ചി ∙ പിഡിപി നേതാവ് അബ്ദുൽ നാസര്‍ മഅദനിയുടെ വീട്ടിൽ സഹായിയായി കൂടി മോഷണം നടത്തിയ ആൾ കൊടുംക്രിമിനൽ. മഅദനിയുടെ കറുകപ്പിള്ളിയിലെ വീട്ടില്‍നിന്ന് 7 പവന്‍ സ്വര്‍ണവും 7500 രൂപയും മോഷ്ടിച്ച കേസില്‍ തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മന്‍സിലില്‍ റംഷാദിനെ (23) ഇന്നലെ എളമക്കര പൊലീസ് അറസ്റ്റ് െചയ്തിരുന്നു. മഅദനിയുടെ പിതാവ് കറുകപ്പിള്ളിയിലെ വീട്ടിലാണു കഴിയുന്നത്. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ എത്തിയതായിരുന്നു റംഷാദ്.

വൃക്കരോഗം കൂടിയതിനാൽ മഅദനി ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കിടപ്പുമുറിയിലെ അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയതായി ഞായറാഴ്‌ചയാണു വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്‌. തുടർന്ന്‌ മഅദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പൊലീസിൽ പരാതി നൽകി. വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഹോം നഴ്‌സ് റംഷാദിനെ കസ്‌റ്റഡിയിലെടുത്ത്‌.

വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം ചെയ്തെന്നു സമ്മതിച്ചു. പരിശോധനയിൽ, മലദ്വാരത്തിൽ ഒളിപ്പിച്ച 2 പവന്റെ കൈച്ചെയിൻ കണ്ടെടുത്തു. ബാക്കി സ്വർണം വിൽക്കുന്നതിനു സുഹൃത്തിനെ ഏൽപ്പിച്ചിരിക്കുകയാണ് എന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. മോഷണം ഉൾപ്പെടെ തിരുവനന്തപുരത്ത് ഇയാൾക്കെതിരെ 35 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

English Summary:

Aide Arrested for Stealing Gold from PDP Leader Abdul Nazer Mahdani's Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com