ADVERTISEMENT

ആലപ്പുഴ∙ കരുനാഗപ്പള്ളി കുലശേഖരപുരത്തുനിന്നു കാണാതായ വിജയലക്ഷ്മി(40)യുടെ മൃതദേഹം കണ്ടെത്തി. വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയലക്ഷ്മിയെ കൊന്ന് വീടിനു സമീപത്തെ പറമ്പിൽ കുഴിച്ചുമൂടിയതായി ഇയാൾ പൊലീസിന് മൊഴി നൽകിയത്. തുടർന്ന് ജയചന്ദ്രനെയും കൊണ്ട് കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെ വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. 

വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്ത് കെഎസ്ആർടിസി ബസിൽനിന്നു കണ്ടെത്തിയിരുന്നു. ഫോൺ പരിശോധിച്ചതിൽ നിന്ന് ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മിൽ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. കരുനാഗപ്പള്ളിയിൽ മീൻപിടുത്തമായിരുന്ന ജയചന്ദ്രന് ജോലി. ഇതിനിടെയാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നത്. കരുനാഗപ്പള്ളിയിൽ മത്സ്യവിൽപ്പന നടത്തുന്ന ജോലിയായിരുന്നു വിജയലക്ഷ്മിക്ക്. ഓച്ചിറ ക്ഷേത്രത്തിൽ വച്ച് ഇരുവരും സ്ഥിരമായി കണ്ടിരുന്നതായും പറയുന്നു.

ഈ മാസം ആറിനാണ് വിജയലക്ഷ്മിയെ കാണാതായത്.  വിജയലക്ഷ്മിയോട് അമ്പലപ്പുഴയിൽ എത്താൻ ജയചന്ദ്രൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നീട് ജയചന്ദ്രന്റെ വീട്ടിലെത്തിയ വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിൽ വഴക്കിട്ടുവെന്നാണ് നിഗമനം. വിജയലക്ഷ്മിക്ക് വന്ന ഒരു ഫോൺ കോളിന്റെ പേരിലാണ് ഇരുവരും വഴക്കിട്ടതെന്നാണ് സൂചന. തുടർന്ന് പ്ലയർ ഉപയോഗിച്ച് തലയ്ക്കടിച്ച് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയെന്നും വീടിനു സമീപത്തെ പറമ്പിൽ കുഴിച്ചിട്ടെന്നുമാണ് സൂചന.

വിജയലക്ഷ്മി ഇടുക്കി സ്വദേശിയെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് ഭർത്താവുമായി പിണങ്ങി കരുനാഗപ്പള്ളിയിലെ വീട്ടിലേക്കു താമസം മാറ്റി. ഇവർക്ക് 2 മക്കളുണ്ട്. പിന്നീട് ജയചന്ദ്രനെ പരിചയപ്പെടുകയായിരുന്നു. വിജയലക്ഷ്മി അമ്പലപ്പുഴയിലെ വീട്ടിലെത്തിയ സമയത്ത് ജയചന്ദ്രന്റെ ഭാര്യ സുനിമോളും മകനും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇരുവരും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ജയചന്ദ്രന്റെ ഭാര്യ സുനിമോൾ, കരുനാഗപ്പള്ളിയിലെത്തി വിജയലക്ഷ്മിയെ കണ്ടിരുന്നു. ജയചന്ദ്രൻ തന്നെ സ്നേഹിക്കുന്നതായും തനിക്ക് പണം നൽകിയെന്നും ജയലക്ഷ്മി സുനിമോളോട് പറഞ്ഞിരുന്നു.

അതേസമയം, വിജയലക്ഷ്മിയെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് വെളിപ്പെടുത്തിയ ജയചന്ദ്രൻ, താൻ 'ദൃശ്യം' സിനിമ പല തവണ കണ്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഒന്നര വർഷം മുൻപാണ് ജയചന്ദ്രനും കുടുംബവും കരൂരിലെ വീട്ടിലേക്കു മാറിയത്. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്. ശനിയാഴ്ച തന്നെ ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന് കുടുംബം പറയുന്നു. അതേസമയം ജയചന്ദ്രന്റെ വീടിനു സമീപത്തെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ വസ്ത്രം കത്തിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ജയചന്ദ്രന് നാട്ടുകാരുമായി വലിയ സൗഹൃദമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

English Summary:

Accused claims to have watched 'Drishyam' multiple times; Investigation underway in woman's disappearance, murder suspected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com