വില കുറച്ച് കാണിച്ച് ഭൂമി റജിസ്റ്റർ ചെയ്ത കേസുകൾ തീർപ്പാക്കാൻ കമ്മിഷൻ; സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും കുറയ്ക്കും
Mail This Article
കോട്ടയം∙ വില കുറച്ച് കാണിച്ച് ഭൂമി റജിസ്ട്രേഷൻ നടത്തിയ കേസുകൾ തീർപ്പാക്കാൻ ജില്ലാ തലത്തിൽ കമ്മിഷനെ നിയോഗിച്ച് റജിസ്ട്രേഷൻ വകുപ്പ്. അഡിഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് പുറത്തിറക്കിയ ഉത്തരവിലാണ് കേസുകൾ ജില്ലാ അടിസ്ഥാനത്തിൽ തീർപ്പാക്കാൻ കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്. കമ്മിഷനെ നിയോഗിക്കുന്ന ഉത്തരവിൽ റജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും കുറച്ച് കൊടുക്കണമെന്നും പറയുന്നുണ്ട്.
1986 മുതൽ 2017 വരെ വില കുറച്ച് ഭൂമി റജിസ്ട്രർ ചെയ്ത കേസുകളാണ് കമ്മിഷൻ തീർപ്പാക്കുക. ഈ കാലയളവിലെ കേസുകൾ തീർപ്പാക്കാൻ മുൻപ് തന്നെ റജിസ്ട്രേഷൻ വകുപ്പ് അനുമതി നൽകിയിരുന്നു. 2023 മാർച്ച് വരെയായിരുന്നു കാലാവധി. ഇക്കാലയളവിൽ തീർപ്പാക്കാത്ത കേസുകളാണ് പുതിയതായി വരുന്ന തീർപ്പാക്കൽ കമ്മിഷൻ പരിഗണിക്കുക. ഓരോ ജില്ലയിലും ജില്ലാ റജിസ്ട്രാർ – ജനറലും ജില്ലാ റജിസ്ട്രാർ – ഓഡിറ്റും ആയിരിക്കും കമ്മിഷൻ അധ്യക്ഷൻമാർ. ഇവർ ജില്ലയിലെ 50 ശതമാനം വീതം സബ് റജിസ്ട്രേഷൻ ഓഫിസുകളുടെ കീഴിലുള്ള കേസുകൾ പരിഗണിക്കണം.
അതേസമയം, ജില്ലാ റജിസ്ട്രാർ – ഓഡിറ്റില്ലാത്ത ജില്ലകളായ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ജില്ലാ റജിസ്ട്രാർ – ജനറലിന് തന്നെയായിരിക്കും കമ്മിഷന്റെ പൂർണ ചുമതല. കമ്മിഷനിൽ പ്രവർത്തിക്കാൻ വകുപ്പിൽനിന്ന് ജീവനക്കാരെയും ജില്ലാ റജിസ്ട്രാർക്ക് നിയമിക്കാം. തിരുവനന്തപുരം ജില്ലയിൽ അഞ്ചും എറണാകുളം കോഴിക്കോട് ജില്ലകളിൽ മൂന്ന് വീതവും മറ്റ് ജില്ലകളിൽ 2 വീതം ജീവനക്കാരെയും ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാം. എന്നാൽ ജീവനക്കാർ ഏതൊക്കെ ഗ്രേഡിലുള്ളവരാണെന്നോ ഏത് ഓഫിസിലുള്ളവരാണെന്നോ ഉത്തരവിൽ വ്യക്തമായി പറയുന്നില്ല.
കേസുകളുടെ പ്രാധാന്യം അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയിലും റജിസ്ട്രേഷൻ ഫീസിലും ഇളവ് അനുവദിക്കാനും തീർപ്പാക്കൽ കമ്മീഷന് അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ 60 ശതമാനം വരെയും റജിസ്ട്രേഷൻ ഫീസിൽ 75 ശതമാനം വരെയും ഇളവ് അനുവദിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം കേസുകളുടെ പ്രാധാന്യം എങ്ങനെ കമ്മിഷൻ നിശ്ചയിക്കണമെന്നോ, എത്ര വരെ ഫീസ് കുറയ്ക്കാമെന്ന കാര്യത്തിലോ ഉത്തരവിൽ വ്യക്തതയില്ല. മാത്രമല്ല 2025 മാർച്ച് 31ന് തീർപ്പാക്കൽ കമ്മിഷന്റെ കാലാവധി കഴിയുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഉത്തരവ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നാണ് മുതിർന്ന റജിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറയുന്നത്. തീർപ്പാക്കൽ കമ്മിഷന്റെ പ്രവർത്തനത്തെ പറ്റി ഉത്തരവിൽ വ്യക്തതയില്ലെന്നും ഫീസ് കുറയ്‌ക്കേണ്ട മാനദണ്ഡത്തെ പറ്റി ഉത്തരവിൽ പറയുന്നില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്.