യുഎസിൽ അഭയം തേടാൻ അൻമോൽ ബിഷ്ണോയി; തന്ത്രപരമായ നീക്കം, ഇന്ത്യയ്ക്കു വിട്ടുകിട്ടാൻ സാധ്യതയില്ല
Mail This Article
വാഷിങ്ടൻ / മുംബൈ ∙ കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയി (25) അഭിഭാഷകൻ വഴി യുഎസിൽ അഭയം തേടാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച അറസ്റ്റിലായ അൻമോലെ അയോവയിലെ പോട്ടവട്ടാമി കൗണ്ടി ജയിലിലാണു പാർപ്പിച്ചിട്ടുള്ളത്. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ മുംബൈ പൊലീസ് ആരംഭിച്ചിരിക്കെയാണു യുഎസിൽ അഭയം തേടാൻ അപേക്ഷ നൽകിയത്.
ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള അൻമോൽ, മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധം, ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്കു പുറത്തു നടന്ന വെടിവയ്പ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഗുജറാത്തിലെ സബർമതി ജയിലിലുള്ള ലോറൻസ് ബിഷ്ണോയിക്കു വേണ്ടി പുറത്തു ക്വട്ടേഷനുകൾ ഏറ്റെടുത്തു നടപ്പാക്കുന്നത് അൻമോലാണെന്നാണു പൊലീസിന്റെ നിലപാട്. അൻമോളിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
യുഎസിലെ ജയിൽ വെബ്‌സൈറ്റിൽ അൻമോലിന്റെ വിശദാംശങ്ങളുണ്ട്. അതിൽ അൻമോൾ ബിഷ്ണോയ് എന്നാണ് പേര്. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും രേഖകളില്ലാത്ത കുടിയേറ്റവും കൈകാര്യം ചെയ്യുന്ന ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) കേസ് അന്വേഷിക്കുന്നതായും വെബ്‌സൈറ്റിൽ പറയുന്നു. അനധികൃതമായി രാജ്യത്തേക്കു പ്രവേശിച്ചതിനെക്കുറിച്ച് ഇന്ത്യൻ സർക്കാർ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയിൽ അൻമോളിനെ അറസ്റ്റ് ചെയ്തതെന്നാണ് ഇതുപ്രകാരം തോന്നുക. അഭയം തേടാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി അൻമോൽ ബോധപൂർവം യുഎസ് അധികൃതർക്കു കീഴടങ്ങിയിരിക്കാമെന്നാണു സൂചന.
അറസ്റ്റിന് മുൻപായി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ വിഭാഗമായ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വഴി അൻമോൽ ബിഷ്ണോയ് അഭയം തേടി അപേക്ഷിച്ചിരുന്നതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. നിയമപരമായ മാർഗങ്ങളിലൂടെ അഭയത്തിനുള്ള നടപടികൾ ആരംഭിച്ചതിനാൽ, അൻമോലെ ഉടൻ ഇന്ത്യയിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ കൈമാറാൻ സാധ്യതയില്ല. ഇതു മുന്നിൽക്കണ്ടാണ് അൻമോളുടെ നീക്കം. ഇത്തരം കേസുകളിൽ ജാമ്യം അനുവദിക്കുന്നതാണു യുഎസ് നിയമം. ഗുണ്ടാനേതാവ് ഗോൾഡി ബ്രാറിനെ മോചിപ്പിച്ച കീഴ്‌വഴക്കവും അൻമോലിനു മുന്നിലുണ്ട്. ഗോൾഡി ബ്രാറും യുഎസിൽ അഭയത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നാണു വിവരം.