‘ഉത്തരവാദിത്തം സര്‍ക്കാരിന്’: ഗവര്‍ണര്‍ അന്നേ മുന്നറിയിപ്പ് നല്‍കി; ഇന്ന് രാജിയേക്കാള്‍ ഗുരുതര സാഹചര്യം
Mail This Article
തിരുവനന്തപുരം∙ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചതോടെ സജി ചെറിയാന്റെ മന്ത്രിസ്ഥാനം വീണ്ടും തുലാസില്‍ ആകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മന്ത്രിയുടെ ചില പരാമര്‍ശങ്ങളില്‍ ഭരണഘടനയോടുള്ള അനാദരവുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് നിരീക്ഷിച്ച കോടതി മന്ത്രിക്കെതിരെ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളുക കൂടി ചെയ്തതോടെ വിഷയം കൂടുതല്‍ ഗുരുതരമാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയോടു വിശ്വസ്തത പുലര്‍ത്തുമെന്നു പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ സജി ചെറിയാന്റെ എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അവര്‍ പറയുന്നു.
സജി ചെറിയാന് അനുകൂലമായി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയതോടെ രാജിവച്ചതിനേക്കാൾ ഗുരുതര സാഹചര്യത്തിലേക്കു തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. കൃത്യമായി അന്വേഷണം നടത്താതെ തിടുക്കത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ പൊലീസിന്റെ നടപടിയെ കോടതി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. സജി ചെറിയാന്‍ ഉടന്‍ തന്നെ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ പവിത്രതയെ അധിക്ഷേപിച്ചയാള്‍ മന്ത്രിയായി തുടരുന്നുവെന്ന ആരോപണം ഉയര്‍ത്തി വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷ കക്ഷികള്‍. സിപിഐ, ആര്‍ജെഡി തുടങ്ങിയ ഘടകകക്ഷികള്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാകും.
2022ല്‍ മുഖ്യമന്ത്രി ആദ്യം പിന്തുണ നല്‍കിയെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് സജി ചെറിയാന്റെ രാജിയിലേക്കു കാര്യങ്ങള്‍ എത്തിയത്. അന്നു പാര്‍ട്ടിയുടെ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ‘രാജിയുണ്ടോ’ എന്ന ചോദ്യത്തിന് ‘എന്തിനു രാജി’ എന്ന മറുചോദ്യമുന്നയിച്ച് ആറാം മണിക്കൂറില്‍ സജി ചെറിയാന് രാജി പ്രഖ്യാപനം നടത്തേണ്ടിവന്നിരുന്നു. 2022 ജൂലൈ 3ന് സജി ചെറിയാന്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് ജൂലൈ ആറിനാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷവും 47 ദിവസവും പിന്നിട്ടപ്പോഴായിരുന്നു ഭരണഘടനാ വിവാദത്തില്‍ മന്ത്രിസഭയില്‍നിന്നുള്ള ആദ്യ രാജി. എന്നാല്‍ മന്ത്രി ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടും നിയമോപദേശവും അനുകൂലമായതിനെ തുടര്‍ന്ന് 182 ദിവസത്തിനു ശേഷം വീണ്ടും മന്ത്രി സ്ഥാനത്തേക്ക് സജി ചെറിയാന്‍ തിരിച്ചെത്തുകയായിരുന്നു.
2022 ജൂലൈ ആറിന് രാജി പ്രഖ്യാപനം നടത്തിക്കൊണ്ടു സജി ചെറിയാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഏറെ പ്രസക്തമാണ്. ‘‘മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിയമോപദേശം സ്വീകരിച്ചിരുന്നു. ഞാന്‍ മന്ത്രിയായി ഇരുന്നാല്‍ സ്വതന്ത്രമായ അന്വേഷണം അല്ലെങ്കില്‍ തീരുമാനം വരുന്നതിനു തടസ്സം വരും. അതുകൊണ്ടു മന്ത്രിയെന്ന നിലയില്‍ തുടരുന്നതു ധാര്‍മികമായി ശരിയല്ല. അതുകൊണ്ട് ഞാന്‍ രാജിവയ്ക്കുന്നു.’’ - എന്നാണ് സജി ചെറിയാന്‍ അന്നു പറഞ്ഞത്. ഇതേ നിലയിലുള്ള അന്വേഷണമാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നടക്കാന്‍ പോകുന്നത്. അപ്പോള്‍ മന്ത്രി മുന്‍പു പറഞ്ഞതു പോലെയുള്ള ധാര്‍മിക പ്രശ്‌നം ഇല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
കേസ് നിലനില്‍ക്കുമ്പോള്‍ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. ഭാവിയില്‍ ഇക്കാര്യത്തില്‍ തിരിച്ചടി ഉണ്ടായാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്ന സന്ദേശം മുഖ്യമന്ത്രിക്കു നല്‍കിയ ശേഷമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്. അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കട്ടരമണിയുടെ നിയമോപദേശവും ഗവര്‍ണര്‍ തേടിയിരുന്നു. ഭരണഘടന അനുസരിച്ച് മന്ത്രിയെ നിയമിക്കുന്നതും പിന്‍വലിക്കുന്നതും മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. അത് അംഗീകരിക്കാതെ സത്യപ്രതിജ്ഞ തടയുന്നതു ഭരണഘടനാ വിരുദ്ധമാകുമെന്ന കാര്യവും ഗവര്‍ണര്‍ പരിഗണിച്ചിരുന്നു.
എന്നാല്‍ ഗവര്‍ണര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം വിഷയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഇനി എന്തു നടപടി സ്വീകരിക്കും എന്നതാവും നിര്‍ണായകം. എന്നാല്‍ തന്റെ പ്രസംഗത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല മറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തെക്കുറിച്ചാണെന്നുമുള്ള സാങ്കേതികവാദമാണ് മന്ത്രി സജി ചെറിയാന്‍ ഉയര്‍ത്തിയിരിക്കുന്നത്. രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സൂചിപ്പിച്ച മന്ത്രി നിയമനടപടിയുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ്.
മന്ത്രിസഭയില്‍ എത്തിയതു മുതല്‍ വിവാദങ്ങളും സജി ചെറിയാന് ഒപ്പമുണ്ട്. ദത്തു നല്‍കല്‍ വിവാദത്തിലെ പരാമര്‍ശം, വിദ്യാഭ്യാസ മേഖലയെക്കുറിച്ചും കൃഷിയെക്കുറിച്ചും നടത്തിയ പ്രസംഗങ്ങള്‍, സില്‍വര്‍ലൈന്‍ വിവാദത്തിലെ പരാമര്‍ശം, രഞ്ജിത് പ്രശ്‌നത്തിലെ നിലപാട് തുടങ്ങി വിവാദങ്ങളുടെ പട്ടിക നീണ്ടു. പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് സജി ചെറിയാന്റെ രക്ഷയ്‌ക്കെത്തിയത്. സജീവ രാഷ്ട്രീയത്തിന്റെ തുടക്കത്തില്‍ വിഎസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന സജി ചെറിയാന്‍ 2004ലെ മലപ്പുറം സമ്മേളനത്തിനു ശേഷം പിണറായി പക്ഷത്തെ അടിയുറച്ച സാന്നിധ്യമായി മാറുകയായിരുന്നു.
ആലപ്പുഴയില്‍ ജി.സുധാകരണും തോമസ് ഐസക്കും സജീവമല്ലാതായതോടെയാണ് സജി ചെറിയാന്‍ നിര്‍ണായക ശക്തിയായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എസ്എഫ്‌ഐ അംഗമായാണ് സജി ചെറിയാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2006ല്‍ ആയിരുന്നു ആദ്യ നിയമസഭാ മത്സരം. പി.സി.വിഷ്ണുനാഥിനെതിരെ ചെങ്ങന്നൂരില്‍നിന്നു നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2018ല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലാണ് ആദ്യ ജയം. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണു മത്സരം. എംഎല്‍എ ആകുന്നതിനു മുന്‍പു വരെ എല്‍ഐസി ഏജന്റും കേറ്ററിങ് സര്‍വീസ് നടത്തിപ്പുകാരനും കംപ്യൂട്ടര്‍ പരിശീലനകേന്ദ്രം നടത്തിപ്പുകാരനുമായിരുന്നു സജി ചെറിയാന്‍. എട്ടു വര്‍ഷക്കാലം സിപിഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലുമെത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1995ല്‍ മുളക്കുഴ ഡിവിഷനില്‍നിന്നു വിജയിച്ചു ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനായി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
‘കുന്തവും കുടച്ചക്രവും’
2022 ജൂലൈയിലാണ് ഭരണഘടനയ്ക്ക് എതിരായ സജി ചെറിയാന്റെ പരാമര്‍ശം മന്ത്രിക്കസേര തെറിപ്പിച്ചത്. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റി പരിപാടിയിലായിരുന്നു മന്ത്രിയുടെ ‘ഭരണഘടനാ വിമര്‍ശനം’. വാക്കുകള്‍ ഇങ്ങനെ: ‘‘ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാന്‍ മനോഹരമായി എഴുതിവച്ച ഭരണഘടന. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണിത്’’. ആദ്യം മന്ത്രി തന്റെ വാക്കുകളെ ന്യായീകരിച്ചു. പിന്നീടു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നാലെ നിയമസഭയിലും വിശദീകരിച്ച്, ഖേദം പ്രകടിപ്പിച്ചു. പക്ഷേ, മന്ത്രിക്കു രാജിവയ്ക്കേണ്ടിവരികയായിരുന്നു.
മല്ലപ്പള്ളി പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നതോടെയാണു വിഷയം കോടതിക്കു മുന്നിലെത്തിയത്. മന്ത്രിക്കെതിരെ ഒട്ടേറെ പരാതി ലഭിച്ചെങ്കിലും പൊലീസ് അനങ്ങിയില്ല. പിന്നീടാണ് ബൈജു നോയല്‍ തിരുവല്ല മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചത്. കേസ് റജിസ്റ്റര്‍ ചെയ്യാന്‍ മജിസ്‌ട്രേട്ട് നിര്‍ദേശിച്ചു. അതിവേഗം കേസന്വേഷിച്ച പൊലീസ്, മന്ത്രി ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്നു റിപ്പോര്‍ട്ട് നല്‍കി. ഇതോടെ കേസ് സിബിഐയോ കര്‍ണാടക പൊലീസോ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബൈജു നോയല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. ഈ ഹര്‍ജിയില്‍ തീരുമാനമാകുന്നതു വരെ സജി ചെറിയാനു ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവല്ല കോടതിയെയും സമീപിക്കുകയും ചെയ്തിരുന്നു.