വെള്ളം എന്നു കരുതി മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ചു; യുവാവിന് ദാരുണാന്ത്യം
Mail This Article
വണ്ടിപ്പെരിയാർ ∙ വെള്ളം എന്നു കരുതി മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവ് മരിച്ചു. ചുരക്കുളം അപ്പർ ഡിവിഷനിൽ കല്ലുവേലി പറമ്പിൽ ജോബിനാണ് (40) മരിച്ചത്. ഒപ്പം കുടിച്ച പ്രഭു (40) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ (21) പുലർച്ചെയാണ് സംഭവം. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുപ്പൂരിൽ വച്ചു മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച അയൽവാസിയായ പ്രതാപിന്റെ മൃതദേഹം അവിടെ നിന്നു വണ്ടിപ്പെരിയാറിലേക്കു കൊണ്ടു വരുന്നതിനിടെയാണ് സംഭവം.
പുലർച്ചെ ഒന്നിനു മൃതദേഹം വഹിച്ച ആംബുലൻസ് കുമളിയിൽ എത്തി. വാഹനം ഇവിടെ നിർത്തിയ ശേഷം ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർ ചായ കുടിക്കാനിറങ്ങി. ഈ സമയം ജോബിനും, പ്രഭുവും കൈവശം ഉണ്ടായിരുന്ന മദ്യം ആംബുലൻസിൽ സൂക്ഷിച്ച വെള്ളം ചേർത്ത് കഴിച്ചു. പിന്നാലെ ഇവർ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് മദ്യത്തിന് ഒപ്പം ഉപയോഗിച്ചത് ബാറ്ററി വെള്ളമെന്നു മനസ്സിലായത്. ഇരുവരെയും ഉടൻ തന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോബിൻ മരിച്ചു.
ബാറ്ററി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളും ആസിഡും രക്തത്തിൽ കലർന്ന് ഓക്സിജന്റെ അളവ് കുറഞ്ഞ് ശ്വാസതടസ്സം സംഭവിക്കുകയോ അല്ലെങ്കിൽ ഹൃദയ സംബന്ധമായി പ്രശ്നങ്ങൾ കാരണമോയാണ് മരണം സംഭവിക്കുന്നതെന്ന് മെഡിക്കൽ വിദഗ്ധർ പറഞ്ഞു. കൂടാതെ ബാറ്ററി വെള്ളം കുടിക്കുമ്പോൾ വായ മുതൽ വയറു വരെ ദ്രവിക്കുകയും അന്നനാളം പൊട്ടി വയറ്റിൽ ബ്ലീഡിങ്ങുണ്ടായും മരണം സംഭവിക്കാം.