ADVERTISEMENT

തിരുവനന്തപുരം∙ ‘‘അച്ഛാ, അമ്മേ എനിക്കു വേദനിക്കുന്നു’’–അമ്മു അവസാനമായി മാതാപിതാക്കളോട് പറഞ്ഞതിങ്ങനെ. പഠനം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രമുള്ളപ്പോഴാണ് പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ വിദ്യാർഥിനി അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ സജീവിന്റെയും രാധാമണിയുടെയും മകൾ അമ്മു എ.സജീവ് കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ചത്. എൻജിനീയറിങ് കോളജിൽ മെറിറ്റിൽ പഠിക്കാൻ അവസരം കിട്ടിയിട്ടും സ്വന്തം താൽപര്യപ്രകാരമാണ് അമ്മു നഴ്സിങ്ങിനു ചേർന്നത്. അതും മെറിറ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അമ്മയുടെ പാത പിന്തുടരുകയായിരുന്നു അമ്മു. വീടിന്റെ ടെറസിൽ കയറാൻപോലും പേടിയുള്ള അമ്മു ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണെന്ന് കോളജുകാർ അറിയിച്ചപ്പോൾ തന്നെ വീട്ടുകാർക്ക് പലവിധ സംശയങ്ങളുണ്ടായിരുന്നു.

‘‘തുടരെ വാർഡനെ വിളിച്ചു. മോളോട് സംസാരിക്കണമെന്നു പറഞ്ഞു. അരമണിക്കൂറിനു ശേഷമാണ് ഫോൺ കൊടുത്തത്. അമ്മേ എനിക്ക് വേദനിക്കുന്നു, അച്ഛാ എനിക്കു വേദനിക്കുന്നു എന്നാണ് അമ്മു അവസാനം പറഞ്ഞത്. ആരോ ഫോൺ പിടിച്ചു വാങ്ങും പോലെ തോന്നി’’– മരണത്തിൽ ദുരൂഹതയ്ക്ക് കാരണമായി അമ്മുവിന്റെ ബന്ധുക്കൾ പറയുന്നതിങ്ങനെ. ഗുരുതര പരുക്കുകളുണ്ടായിട്ടും മണിക്കൂറുകൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആവശ്യമായ ചികിത്സ നിൽകാതെ അമ്മുവിനെ കിടത്തിയതെന്തിനെന്ന് ബന്ധുക്കൾ ചോദിക്കുന്നു. ബന്ധുക്കൾ എത്തിയിട്ട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയാൽ മതിയെന്ന് കൂടെ വന്നവർ നിർബന്ധം പിടിച്ചതിലും അവർ സംശയം ഉന്നയിക്കുന്നു.

അമ്മു സജീവ്
അമ്മു സജീവ്

ബന്ധുക്കളുടെ സംശയങ്ങൾ: 71 കിലോമീറ്റർ ദൂരമുള്ള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ ആരുടെ നിർദേശപ്രകാരമാണ് 102 കിലോമീറ്റർ ദൂരത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടു വന്നത്?, ഓക്സിജൻ മാസ്കുപോലും ഇല്ലാത്ത ആംബുലൻസിലാണ് മൂന്നു നിലയുടെ മുകളിൽ നിന്നു വീണ കുട്ടിയെ കൊണ്ടു വന്നത്. വരുന്ന വഴി എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രികൾ ഉണ്ടായിട്ടും അവിടെ ഒരിടത്തും കയറ്റിയില്ല. ഐസിയു സംവിധാനമുള്ള ആംബുലൻസിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനുള്ള സൗകര്യം ഒരുക്കാത്തതെന്ത്? ജനറൽ ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മുവിന്റെ സ്ഥിതി കണ്ടുനിന്നവർ പോലും പെട്ടെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടും കൂടെ വന്നവർ അതും ചെവിക്കൊണ്ടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. 

അമ്മു സജീവ്
അമ്മു സജീവ്
English Summary:

Ammu A. Sajeev, a promising nursing student in Kerala, tragically passed away after falling from her hostel building.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com