ആലപ്പുഴയിലും അപകടം: ശുചിമുറിയിലെ കോൺക്രീറ്റ് പാളി ഇളകിവീണു, പ്രതിഷേധവുമായി ഉദ്യോഗസ്ഥർ
Mail This Article
ആലപ്പുഴ∙ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ശുചിമുറിയുടെ സീലിങ്ങിലെ കോൺക്രീറ്റ് പാളി ഇളകി വീണു. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ സെക്രട്ടേറിയറ്റിലെ ശുചിമുറിയുടെ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
സിവിൽ സ്റ്റേഷനിലെ ഡപ്യൂട്ടി കൺട്രോളറുടെ ഓഫിസിൽ പരിശോധന നടത്താനാണ് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ ഇന്നലെ ആലപ്പുഴയിലെത്തിയത്. പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലാണ് ഇവർ താമസിച്ചത്. ഉദ്യോഗസ്ഥൻ രാവിലെ ശുചിമുറിയിൽനിന്ന് പുറത്തിറങ്ങിയ ഉടനെയാണ് കോൺക്രീറ്റ് പാളി താഴേക്കു വീണത്. സെക്രട്ടേറിയറ്റിലെ അപകടത്തിനു പിന്നാലെയുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് പ്രതിഷേധമുണ്ട്. മിക്ക ഓഫിസുകളിലെയും ശുചിമുറികൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്സ് കെട്ടിടത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വലതു കാലിന് ആഴത്തിൽ പരുക്കേറ്റ തദ്ദേശഭരണ വകുപ്പിലെ അസിസ്റ്റന്റിനെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിൽ തുന്നലിട്ട ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ജീവനക്കാരിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്കു പരുക്കേറ്റ സംഭവത്തില്‍ കേരളാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. സെക്രട്ടേറിയറ്റില്‍ അടിയന്തരമായി അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് അനക്‌സ് വണ്‍ കെട്ടിടത്തിനു മുന്നിൽ ‘ജീവനക്കാരുടെ ജീവന് എന്തുവില’ എന്ന പ്ലക്കാര്‍ഡുമായി ജീവനക്കാര്‍ പ്രതിഷേധിച്ചു.