നഴ്സിങ് വിദ്യാർഥിനിയുടെ മരണം: സഹപാഠികള് റിമാൻഡിൽ, ഐ ക്വിറ്റ്’ എന്നെഴുതിയത് അമ്മു?
Mail This Article
പത്തനംതിട്ട∙ ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ (21) മരണത്തിൽ അറസ്റ്റിലായ 3 വിദ്യാർഥിനികളെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. അലീന ദിലീപ്, എ.ടി.അക്ഷിത, അഞ്ജന മധു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. മൂന്നുപേരെയും കോളജ് കൗൺസിൽ സസ്പെൻഡ് ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് അനിശ്ചിതകാലത്തേക്കാണ് സസ്പെൻഷൻ.
കഴിഞ്ഞ ദിവസം വീടുകളിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പത്തനംതിട്ട സ്റ്റേഷനിൽ ചോദ്യം ചെയ്ത് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിൻസിപ്പലിന് പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. മൊഴികളിലെ വൈരുധ്യം, ഫോൺ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ഇവർ ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്നും പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാർ പറഞ്ഞു. ചോദ്യം ചെയ്ത് കാര്യങ്ങളിൽ വ്യക്തത വരുത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്.
അമ്മുവിന്റെ ഫോൺ പരിശോധനയ്ക്കായി വിട്ടിട്ടില്ല, കോടതിയിലാണുള്ളത്. അമ്മുവിന്റെ പുസ്തകത്തിൽ ‘ഐ ക്വിറ്റ്’ എന്നെഴുതിയിരുന്നു. ഇത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് സഹോദരൻ അഖിൽ സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കയ്യക്ഷരം അമ്മുവിന്റേതാണോ എന്ന് ഉറപ്പിക്കുന്നതിനായി ഫോറൻസിക് സയൻസ് ലാബോറട്ടറിയിൽ വിടുമെന്നും ഡിവൈഎസ്പി അറിയിച്ചു.
അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. അന്വേഷണ റിപ്പോർട്ട് അടുത്ത ആഴ്ച കൈമാറിയേക്കും. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നാണു സൂചന. ആരോഗ്യ സർവകലാശാല സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ ഡോ. വി.വി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം ഡോ.എസ്.കെ.ഹരികുമാർ, നഴ്സിങ് വിഭാഗം ഡീൻ രാജി രഘുനാഥ്, പാരിപ്പള്ളി ഗവ.നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഡോ.എൽ.സിന്ധു എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.