സന്നിധാനത്ത് തീർഥാടക പ്രവാഹം; 76,934 പേർ ദർശനം നടത്തി, സ്പോട് ബുക്കിങ് വഴി എത്തിയത് 11,244 പേർ

Mail This Article
ശബരിമല∙ സന്നിധാനത്ത് അയ്യപ്പനെ കാണാൻ തീർഥാടക പ്രവാഹം. രാത്രി 10 വരെയുള്ള കണക്ക് അനുസരിച്ച് 76,934 പേർ ദർശനം നടത്തി. ഇതിൽ സ്പോട് ബുക്കിങ് വഴി എത്തിയത് 11,244 പേരാണ്. വെർച്വൽ ക്യൂ വഴി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 10,000 പേർക്കുമാണ് ദർശനം അനുവദിച്ചിരുന്നത്. വെർച്വൽ ക്യൂ ബുക്ക് ചെയ്തതിൽ ആളുകൾ എത്താത്തത് അനുസരിച്ച് അതുകൂടി കണക്കാക്കി സ്പോട് ബുക്കിങ് അനുവദിക്കുകയാണ്. അത്താഴ പൂജ കഴിഞ്ഞ് രാത്രി 11 ന് നട അടയ്ക്കാറായപ്പോഴും പതിനെട്ടാംപടി കയറാൻ സന്നിധാനം വലിയ നടപ്പന്തൽ നിങ്ങിനിറഞ്ഞ് തീർഥാടകരാണ്. എല്ലാ ബാരിക്കേഡും നിറഞ്ഞ് കെഎസ്ഇബി ഭാഗത്തേക്ക് ക്യൂ നീണ്ടിട്ടുണ്ട്. തീർഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ഇനിയുള്ള ദിവസങ്ങളിൽ ഭക്തജനപ്രവാഹം ഉണ്ടാകുമെന്ന സൂചനയാണ് കാണുന്നത്.
പമ്പ ത്രിവേണിയിൽ കെഎസ്ആർടിസി ഇൻഫർമേഷൻ സെന്റർ തുറന്നു. ബസുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും അവിടെ ലഭിക്കും. ത്രിവേണിയിൽ നിന്ന് പമ്പ സ്റ്റാൻഡിലേക്ക് കെഎസ്ആർടിസി സൗജന്യ യാത്ര ഒരുക്കി. ഇതിനായി 2 ബസുകൾ ത്രിവേണിയിൽ ക്രമീകരിച്ചു.മലയിറങ്ങി നടന്നു ക്ഷീണിച്ച് എത്തുന്ന തീർഥാടകർക്ക് ഈ ബസ് അനുഗ്രഹമാണ്. ദർശനത്തിനായി പമ്പയിൽ എത്തുന്ന ആരെയും നിരാശരാക്കി മടക്കി അയയ്ക്കരുതെന്നാണ് ദേവസ്വം ബോർഡ് നിലപാട്. സ്പോട് ബുക്കിങ്ങിന് ആധാർ കാർഡിന്റെ കോപ്പി വേണം. പമ്പാ മണപ്പുറത്താണ് സ്പോട് ബുക്കിങ് കൗണ്ടർ. ആധാറിന്റെ കോപ്പി കൊടുത്താൽ ഉടൻ ഫോട്ടോ എടുക്കും. അധികം താമസിയാതെ പാസ് ലഭിക്കും. വലിയ കാത്തുനിൽപ്പ് വേണ്ടി വരുന്നില്ല.
- 2 month agoJan 20, 2025 10:21 AM IST
ഇത്തവണ 53 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 110 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു.
- 2 month agoJan 20, 2025 10:19 AM IST
തിരുവാഭരണ ഘോഷയാത്ര പമ്പ, വലിയാനവട്ടം, അട്ടത്തോട്, നിലയ്ക്കൽ വഴി രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിൽ തങ്ങും. 21ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തും. 22ന് മാടമൺ, വടശേരിക്കര, ഇടക്കുളം, റാന്നി കുത്തു കല്ലുംപടി, പേരൂർച്ചാൽ, പുതിയകാവ് വഴി വൈകിട്ട് ആറന്മുള കൊട്ടാരത്തിൽ എത്തി അവിടെ തങ്ങും. 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് മടങ്ങി എത്തും.
- 2 month agoJan 20, 2025 10:19 AM IST
മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്നു നിർമാല്യത്തിനു ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.
- 2 month agoJan 14, 2025 06:46 PM IST
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ദർശനപുണ്യത്തിൽ ഭക്തലക്ഷങ്ങൾ
- 2 month agoJan 14, 2025 06:33 PM IST
ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കിഴക്ക് മകര നക്ഷത്രം ഉദിക്കും. പിന്നെ മകരജ്യോതി തെളിയും
- 2 month agoJan 14, 2025 06:32 PM IST
സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം ഏറ്റുവാങ്ങി തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും.
- 2 month agoJan 14, 2025 06:29 PM IST
തിരുവാഭരണവുമായുള്ള ഘോഷയാത്രയ്ക്ക് ദേവസ്വം ബോർഡ് വരവേൽപു നൽകി സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും.
- 2 month agoJan 14, 2025 05:56 PM IST
തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം. സന്നിധാനത്തേയ്ക്ക് പുറപ്പെട്ടു
- 2 month agoJan 14, 2025 05:49 PM IST
മകരജ്യോതി ദർശനത്തിനായി പമ്പ ഹിൽ ടോപ്പിൽ കാത്തിരിക്കുന്ന തീർഥാടകർ. ചിത്രം: ഹരിലാൽ ∙ മനോരമ - 2 month agoJan 14, 2025 05:47 PM IST
അതിനിടെ ശബരിമല ദർശനത്തിന് വെർച്വൽ ക്യു സംവിധാനം വഴി ബുക്ക് ചെയ്തിട്ട് എത്താത്തവർ തങ്ങളുടെ ബുക്കിങ് ക്യാൻസൽ ചെയ്യണമെന്ന് സാധ്യമാകുന്ന എല്ലാ മാർഗങ്ങളിലൂടെയും പരസ്യം ചെയ്യാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യത്തിന് വ്യാപകമായ പ്രചാരണം കൊടുക്കാനാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീ കൃഷ്ണ തുടങ്ങിയവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിർദേശം. വെർച്വൽ ക്യു സംവിധാനം വഴി ബുക്ക് ചെയ്യുന്നവരിൽ 20–25 ശതമാനം പേർ ദർശനത്തിന് എത്തുന്നില്ലെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഇത്.
ദർശനത്തിന് വരാത്തവർ ബുക്കിങ് റദ്ദാക്കാത്തതു മൂലം ഒഴിവു വരുന്ന സ്ലോട്ടുകൾ മറ്റു ഭക്തർക്ക് നൽകാൻ സാധിക്കുന്നില്ല. ബുക്ക് ചെയ്തതിനു ശേഷം വരാത്തവർ അത് ക്യാൻസൽ ചെയ്യണമെന്ന് കാട്ടി എസ്എംഎസ് അയയ്ക്കുന്നുണ്ടെന്നും ഇതിൽ വീഴ്ച വരുത്തിയാൽ ഇവരുടെ ഇ–മെയിൽ ഐഡി താത്കാലികമായി ബ്ലോക് ചെയ്യുമെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ശബരിമലയിൽ ഇന്നലെ എത്തിയത് 77,026 പേരാണ്. ഇന്നലെ 122 കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തിയത്. ഇതിൽ 87,709 തീർഥാടകർ നിലയ്ക്കല്‍ നിന്നും പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്തു. ഭക്തരെ സഹായിക്കാനായി പതിനെട്ടാം പടിയിൽ വിന്യസിച്ചിരിക്കുന്ന ആദ്യ ബാച്ച് പൊലീസ് ഉദ്യോഗസ്ഥർ 15 ദിവസം പൂർത്തിയാകുന്ന ഈ മാസം 29ന് മാറി പുതിയ ബാച്ച് പൊലീസ് ഉദ്യോഗസ്ഥരെ 30ന് വിന്യസിക്കുമെന്ന് ശബരിമല ചീഫ് പൊലീസ് കോഓർഡിനേറ്ററും കോടതിയെ അറിയിച്ചു. പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരായിരിക്കണം ഇവിടെ വിന്യസിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
കാണിക്ക, അരവണ, അപ്പം വരുമാനത്തിൽ വർധന
തീർഥാടകരുടെ തിരക്കു കുറവായിരുന്നെങ്കിലും കാണിക്ക, അരവണ, അപ്പം എന്നിവയുടെ വരുമാനത്തിൽ ഇക്കുറി വർധനയുണ്ട്. കാണിക്ക ഇനത്തിൽ ബുധനാഴ്ച വരെ 3.11 കോടി രൂപയും അരവണ വിറ്റുവരവിലൂടെ 9.52 കോടിയും അപ്പം വിറ്റുവരവിലൂടെ 1.26 കോടിയും ലഭിച്ചു. ബുധനാഴ്ചത്തെ നടവരവ് 1.77 കോടി രൂപയാണ്. അരവണ വിറ്റുവരവിൽ കഴിഞ്ഞ വർഷത്തെക്കാൾ 2.16 കോടി രൂപയുടെയും അപ്പം വിറ്റുവരവിൽ 22.40 ലക്ഷത്തിന്റെയും വർധനയാണുള്ളത്. തിരക്കു കുറവായതിനാൽ അധികം കാത്തുനിൽക്കാതെ വഴിപാട് പ്രസാദം വാങ്ങാൻ സാധിക്കുമെന്നതാണ് വരുമാനം കൂടാൻ കാരണം. 10 ടിൻ അരവണ പാക്കറ്റിന് (1010 രൂപ) ഇത്തവണ പ്രിയം കൂടുതലാണ്.