ADVERTISEMENT

തിരുവനന്തപുരം ∙ ‘ഞാൻ മന്ത്രിയായിരുന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനും തീരുമാനത്തിനും തടസ്സമാകും. അതിനാൽ മന്ത്രിയായി തുടരുന്നതു ധാർമികമായി ശരിയല്ല’– ഭരണഘടന അധിക്ഷേപപ്രസംഗത്തിന്റെ പേരിൽ ഗത്യന്തരമില്ലാതെ 2022 ജൂലൈ 6ന് രാജിവയ്ക്കുമ്പോൾ സജി ചെറിയാൻ നൽകിയ വിശദീകരണം ഇതായിരുന്നു. ആ അന്വേഷണം ഒട്ടും സ്വതന്ത്രവും നീതിയുക്തവുമായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുമ്പോൾ അന്നു പറഞ്ഞ അതേ ധാർമികത തന്നെ വീണ്ടും മന്ത്രിക്കും സർക്കാരിനും സിപിഎമ്മിനും മുന്നിലുണ്ട്. 

ഇത്തവണ രാജിയില്ലെന്നാണു മന്ത്രിയുടെ പ്രഖ്യാപനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി പ്രതിരോധം തീർക്കാനാണു തീരുമാനം. അതിൽ തീർപ്പാകും വരെ തുടരന്വേഷണത്തിനും സാധ്യതയില്ല. അതിനാൽ രാജിയും വേണ്ടിവരില്ലെന്നാണ് പാർട്ടി കണക്കാക്കുന്നത്. സജി ചെറിയാന്റെ ഭാഗം കേൾക്കാതെയുള്ള വിധിയാണെന്നതാണ് ഈ സംരക്ഷണത്തിനു പാർട്ടി നിരത്തുന്ന ന്യായം. 

പ്രസംഗ വിവാദമുയർന്നപ്പോൾ മന്ത്രി മാത്രമായിരുന്നു പ്രതിസ്ഥാനത്തെങ്കിൽ ഈ ഹൈക്കോടതി വിധിയോടെ അദ്ദേഹത്തെ രക്ഷിച്ചെടുക്കാൻ പാകത്തിലുള്ള തട്ടിക്കൂട്ട് അന്വേഷണത്തിന്റെ പേരിൽ ആഭ്യന്തര വകുപ്പും പ്രതിക്കൂട്ടിലായിരിക്കുന്നു. അന്വേഷണത്തിലെ കള്ളക്കളി തുറന്നു കാട്ടുന്നതാണു ഹൈക്കോടതി ഉത്തരവ്. 

ആലപ്പുഴയിൽ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ തല്ലിച്ചതച്ച കേസ് തെളിവില്ലെന്ന പേരിൽ എഴുതിത്തള്ളാനുള്ള പൊലീസ് നീക്കം കോടതി ഇടപെടലിലൂടെ പൊളിഞ്ഞതിനു പിന്നാലെയാണ് ഈ കേസിലും പൊലീസും അഭ്യന്തര വകുപ്പും പ്രതിസ്ഥാനത്താവുന്നത്. ഈ 2 സംഭവങ്ങളിലും പ്രാഥമിക തെളിവായി നാടാകെ കണ്ട വിഡിയോ ദൃശ്യങ്ങൾ നിലവിലുള്ളപ്പോഴാണ് അതു കണ്ടില്ലെന്നു നടിച്ചു തെളിവില്ലെന്ന പേരിൽ പൊലീസ് പ്രതിസ്ഥാനത്തുള്ളവരെ കുറ്റവിമുക്തരാക്കിയത്. രാഷ്ട്രീയ താൽപര്യങ്ങൾക്കു വഴങ്ങിയുള്ള അന്വേഷണത്തിലൂടെ കോടതികൾക്കു മുന്നിൽ വീണ്ടും പൊലീസ് നാണംകെടുന്നു. 

വിവാദ പ്രസംഗം പുറത്തായപ്പോൾ വൻ പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷത്തിന് പക്ഷേ പൊലീസ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയപ്പോൾ ആ ഉശിരുണ്ടായിരുന്നില്ല. 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് മടങ്ങിയെത്തി. തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതും പ്രതിപക്ഷമല്ല. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിൽ ആദ്യം മുഖ്യമന്ത്രിയെ വിയോജിപ്പ് അറിയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഭാവിയിൽ തിരിച്ചടിയുണ്ടായാൽ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നു മുന്നറിയിപ്പു നൽകിയാണ് സമ്മർദത്തിനു വഴങ്ങിയത്. ഗവർണർ പറഞ്ഞ ആ തിരിച്ചടി ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു. 

സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം ∙ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ വീണ്ടും പ്രതിക്കൂട്ടിലായിരിക്കെ അദ്ദേഹം കൂടി ഉൾപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. എകെജി സെന്ററിൽ രാവിലെ ഈ യോഗത്തെ തുടർന്ന് ഇടതു മുന്നണി യോഗവും നടക്കും. 

2022 ജൂലൈയിൽ പ്രസംഗ വിവാദം ഉയർന്ന ഘട്ടത്തിൽ അത് ചർച്ച ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടെന്നായിരുന്നു തീരുമാനിച്ചത്. അന്നത്തെ യോഗം കഴിഞ്ഞു പുറത്തേക്കിറങ്ങിയ സജി ചെറിയാൻ എന്തിനു രാജിവയ്ക്കണമെന്നാണ് മാധ്യമങ്ങളോടു പ്രതികരിച്ചത്. എന്നാൽ സിപിഎം മന്ത്രിയുടെ ഭരണഘടനാ അധിക്ഷേപം ബിജെപി ദേശീയ തലത്തിൽ ചർച്ചയാക്കുമെന്നതടക്കം ചൂണ്ടിക്കാട്ടി പാർട്ടി കേന്ദ്രനേതൃത്വം ശക്തമായി ഇടപെട്ടതോടെ അന്നു വൈകിട്ടു തന്നെ രാജിവയ്ക്കേണ്ടി വന്നു. ഇത്തവണ സാഹചര്യം വ്യത്യസ്തമാണെന്നാണ് പാർട്ടി നേതൃത്വം കണക്കാക്കുന്നത്. സജി ചെറിയാനെ കേൾക്കാതെയുള്ള വിധിയെന്ന ന്യായീകരണം നിരത്തി അപ്പീൽ നൽകാൻ നിർദേശിച്ചു കഴിഞ്ഞു. 

English Summary:

Saji Cherian Stands Firm on Moral Ground, Home Department Faces Challenge After High Court Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com