ഇത്രയും നാൾ വരാതെ ദാ വന്നേക്കുന്നു എന്ന് തോന്നത്തില്ലേ, പുതിയ ആൾക്കാർ വരട്ടെ: തുറന്നുപറഞ്ഞ് അയിഷ പോറ്റി
Mail This Article
കോട്ടയം∙ ജില്ലാ, ഏരിയ കമ്മിറ്റികളിൽനിന്നു തന്നെ നീക്കണമെന്നു നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതായി സിപിഎം നേതാവും മുൻ എംഎൽഎയുമായ അയിഷ പോറ്റി. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് അയിഷയെ ഒഴിവാക്കിയിരുന്നു. നേതൃത്വവുമായി അകല്‍ച്ചയിലായ അയിഷ കൊട്ടാരക്കര എരിയ സമ്മേളനത്തിന്റെ രണ്ടാംദിവസമെങ്കിലും എത്തുമെന്നു കരുതിയിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. പാർട്ടിയുമായുള്ള നിലവിലെ ബന്ധത്തെപ്പറ്റിയും ഭാവി പദ്ധതികളെ കുറിച്ചും അയിഷ പോറ്റി മനോരമ ഓൺലൈനോടു സംസാരിക്കുന്നു.
∙ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചോ?
എം.വി. ഗോവിന്ദൻ മാഷിന്റെ ജാഥയിൽ പങ്കെടുക്കാൻ പോകവെ വഴുതി വീണ് എനിക്കു കുറച്ച് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. നടുവിലൊരു പ്രശ്നംപ്പറ്റി ചികിത്സയിലായിരുന്നു. 2021ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാലിനും പ്രശ്നംപ്പറ്റി. വേദന ഞാൻ കാര്യമാക്കിയിരുന്നില്ല. അതു പിന്നെ ആകെ കുളമായി. പിന്നീടു നടക്കാൻ വയ്യാതെ ആയി. പ്ലാസറ്ററിട്ടു കിടന്നു. വേദന കാരണം നേരെ നടക്കാൻ സാധിക്കുമായിരുന്നില്ല. എല്ലായിടത്തും ഓടി ഓടിയെത്താൻ പ്രയാസമായിരുന്നു. അങ്ങനെ ഞാൻ പാർട്ടിയിൽനിന്ന് അവധിയെടുത്തു. എന്നിട്ടും ശരിയാകാതെ വന്നപ്പോൾ എന്നെ മാറ്റി ഏരിയ കമ്മിറ്റിയിലേക്കും ജില്ലാ കമ്മിറ്റിയിലേക്കും വേറെ ആരെയെങ്കിലും പരിഗണിക്കണമെന്നു ഞാൻ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പഴയ പോലെ ഓടിയെത്താൻ പറ്റില്ല എന്നാണു ഞാൻ പറഞ്ഞത്. ഇപ്പോഴാണ് എല്ലാമൊന്നു നേരെയായത്.
∙ അപ്പോൾ പാർട്ടി ഒഴിവാക്കിയതല്ല, അങ്ങോട്ട് ആവശ്യപ്പെട്ടതാണ്?
അതെ, എനിക്ക് ഓടാൻ പറ്റില്ലെന്നു ഞാൻ പറഞ്ഞു. എല്ലായിടത്തും ചാടി ഓടി എത്തിയിരുന്ന ഒരാളാണ് ഞാൻ. പുതിയ ആൾക്കാരൊക്കെ വരട്ടെ.
∙ ഭാവി പരിപാടി എന്താണ്?
അഭിഭാഷക എന്ന നിലയിൽ നന്നായി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന ആളാണ് ഞാൻ. 1985 മുതൽ 2000 വരെ ധാരാളം കേസ് ഞാൻ നടത്തിയിരുന്നു. പിന്നീടാണു വഴിത്തിരിഞ്ഞു രാഷ്ട്രീയത്തിലെത്തിയത്. അപ്പോൾ എന്റെ കേസൊക്കെ ചിറ്റപ്പനൊക്കെയാണ് നോക്കിയിരുന്നത്. ചിറ്റപ്പൻ മരിച്ചുപോയി. പ്രാക്ടീസ് വീണ്ടും ഞാൻ ആരംഭിച്ചിട്ടുണ്ട്.
∙ അപ്പോൾ രാഷ്ട്രീയ പ്രവർത്തനം ഇനിയില്ല?
രാഷ്ട്രീയ പ്രവർത്തനമെന്ന് പറയുമ്പോൾ കൊല്ലത്തൊക്കെ പോകേണ്ടി വരും. എല്ലാ കമ്മിറ്റികളിലും പങ്കെടുക്കേണ്ടി വരും. എംഎൽഎ അല്ലാതിരുന്നിട്ടും രണ്ടു വർഷം ഈ കമ്മിറ്റികളിലൊക്കെ ഞാൻ ഓടി എത്തിയിരുന്നതാണ്.
∙ പാർട്ടിയുമായി എന്താണ് പ്രശ്നം?
അങ്ങനെയൊന്നുമില്ലന്നേ. കുറേനാൾ കഴിഞ്ഞു നമ്മളൊക്കെ മാറിയാലേ പുതിയ ആൾക്കാർക്കു വരാൻ പറ്റൂ. 1991ൽ പാർട്ടിയിൽ വന്ന ആളാണ് ഞാൻ. ഇത്രയും നാൾ പ്രവർത്തിച്ചില്ലേ. ഇനി പുതിയ തലമുറ വരട്ടെ. നല്ല ആക്ടീവായി ഇരിക്കാൻ പറ്റിയവർ എല്ലാ സ്ഥാനത്തും വരട്ടെ.
∙ മൂന്നു തവണ എംഎൽഎ ആയെങ്കിലും മന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചില്ല. വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്കും പേരു കേട്ടിരുന്നു. പ്രയാസമുണ്ടോ?
അതൊന്നും ഒരു കാര്യമല്ലന്നേ. ഒന്നും അല്ലാതിരുന്നിട്ടും ഈ നാട്ടിൽ എന്തൊക്കെ കാര്യങ്ങൾ ഞാൻ ചെയ്തു. പദവിയൊന്നും വേണമെന്നില്ല. ഞാൻ ഇതൊന്നും ആഗ്രഹിക്കുന്ന ആളേയല്ല. എല്ലാം പാർട്ടി എനിക്ക് ഇങ്ങോട്ടു തന്നതാണ്. ഞാൻ ഒന്നും ചോദിച്ചു വാങ്ങിയിട്ടില്ല. അഭിഭാഷക ആയി പ്രാക്ടീസ് ചെയ്ത സമയത്തു നല്ല വരുമാനം എനിക്കുണ്ടായിരുന്നു. ഒത്തിരി കാര്യങ്ങൾ മണ്ഡലത്തിലെ മനുഷ്യർക്കു വേണ്ടി ചെയ്തിട്ടുണ്ട്, അതിൽ സംതൃപ്തയാണ്.
∙ തീരുമാനം അറിഞ്ഞു നേതാക്കൾ വിളിച്ചിരുന്നോ?
ഇല്ല. ഏരിയ സമ്മേളനത്തിനു ചെല്ലണമെന്നു പറഞ്ഞ് എല്ലാവരും വിളിച്ചു. ഇത്രയും നാൾ വരാതെ ഇരുന്നിട്ടു സമ്മേളനത്തിനു പോകുന്നത് അത്ര സുഖമുള്ള കാര്യമല്ല. അതുകൊണ്ടാണു ഞാൻ പോകാത്തത്. സമ്മേളനത്തിൽ മാത്രം പോകുമ്പോൾ ബാക്കിയുള്ളവർക്ക് എന്താണ് തോന്നുക? ഇത്രയും നാൾ വരാതെ ദാ വന്നേക്കുന്നു എന്ന് തോന്നത്തില്ലേ. പുതിയ പുതിയ ആൾക്കാർ വരട്ടെ.