ADVERTISEMENT

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഏറെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയ ആലുവ സ്വദേശിയായ നടി പരാതികളിൽ നിന്ന് പിന്മാറുന്നു. നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോൻ, ഇടവേള ബാബു തുടങ്ങി ഒട്ടേറെ പേർക്കെതിരെ നടി ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെ പ്രത്യേകാന്വേഷണ സംഘം കേസുകളുമെടുത്തു. കേസുകൾ നേരിടുന്ന എല്ലാവരും തന്നെ ഇപ്പോൾ ജാമ്യത്തിലാണ്. അതിനിടെയാണ് താൻ കേസിൽ നിന്ന് പിന്മാറുന്നു എന്ന് വ്യക്തമാക്കി നടി രംഗത്തു വന്നിരിക്കുന്നത്. തന്റെ പോരാട്ടത്തിന് സർക്കാർ പിന്തുണ നൽകുന്നില്ല എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്. 

‘‘ഞാൻ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് മുന്നോട്ടുവന്നത്. എന്റെ ലക്ഷ്യം ഇനിയും പെൺകുട്ടികളോട് ആരും അഡ്ജസ്റ്റ്മെന്റ് ചോദിക്കരുത്. എന്നാൽ എനിക്കെതിരെയുള്ള കള്ള പോക്സോ കേസ് തെളിയിക്കാൻ സർക്കാരിനു കഴിഞ്ഞില്ല. ഒരു മീഡിയ പോലും മുൻപോട്ടു വന്ന് എന്നെ സപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് എല്ലാ കേസുകളും ഞാൻ പിൻവലിക്കാൻ പോണു. കാരണം പോക്സോ കേസ് കള്ളക്കേസ് ആണെന്നറിഞ്ഞിട്ടും ആ സ്ത്രീക്കെതിരെ അഥവാ അവളുടെ പുറകിൽ അവളെ ചെയ്യിപ്പിച്ചവരെ പിടിക്കാനും ശ്രമിക്കുന്നില്ല. മീഡിയയ്ക്ക് പോലും അനക്കമില്ല. അതുകൊണ്ട് ഞാൻ എല്ലാത്തിൽനിന്നും സ്വയം പിന്മാറുന്നു’’, എന്നതാണ് നടി വാട്സാപ്പിൽ പങ്കുവച്ച സന്ദേശം. തുടർന്ന് മാധ്യമങ്ങളോടും അവർ ഇക്കാര്യം സ്ഥിരീകരിച്ചു.

നടിയുടെ പരാതിയിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിന്റെ അരികിൽ വരെ എത്തിയിരുന്നു. പ്രതിപക്ഷമടക്കം മുകേഷിന്റെ രാജിക്കായി മുറവിളി കൂട്ടുകയും ചെയ്തിരുന്നു. പരാതി ലഭിച്ചവർക്കെതിരെ അന്വേഷണ സംഘം കേസുകളെടുത്തതോടെ എല്ലാവരും തന്നെ ഹൈക്കോടതിയേയും കീഴ്‌ക്കോടതിയേയും സമീപിച്ച് ജാമ്യമെടുക്കുകയായിരുന്നു. അതിനിടെയാണ് നടിക്കെതിരെ ബന്ധു കൂടിയായ യുവതി ലൈംഗിക ചൂഷണ ആരോപണവുമായി രംഗത്തു വന്നത്. പ്രായപൂർത്തിയാകാത്ത പ്രായത്തിൽ തന്നെ ചെന്നൈയിലെത്തിച്ച് കാഴ്ചവയ്ക്കാൻ ശ്രമിച്ചു എന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. ഈ പരാതിയിൽ നടിക്കെതിരെ പോക്സോ അടക്കം ചുമത്തുകയും ചെയ്തു. ഇതിനിടെ പരാതി ഉന്നയിച്ച ബന്ധുവായ  യുവതിയുടെ പേരുവിവരങ്ങളും ചിത്രങ്ങളുമടക്കം നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിനെതിരെയും കേസുണ്ട്. 

താന്‍ വെളിപ്പെടുത്തലുകൾ നടത്തുകയും പരാതി നൽകുകയും ചെയ്തിട്ടും സർക്കാർ പിന്തുണയ്ക്കുന്നില്ലെന്നാണ് നടിയുടെ ആരോപണം. തനിക്കെതിരെ ഉന്നയിക്കപ്പെട്ട പോക്സോ കേസ് കള്ളമാണെന്ന് അറിഞ്ഞിട്ടും അതിനെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും അവർ പറയുന്നു. ഈ സാഹചര്യത്തിൽ പരാതികൾ പിന്‍വലിക്കുന്നതായി അന്വേഷണ സംഘത്തെ രേഖാമൂലം അറിയിക്കുമെന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം, നടി പിന്മാറിയാലും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ള സാഹചര്യത്തിൽ അന്വേഷണം നടത്തി കേസിൽ തീർപ്പാക്കേണ്ടി വരും. 

English Summary:

An actress in Kerala, who accused prominent figures in the Malayalam film industry of sexual abuse, has withdrawn her complaints citing lack of government support.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com