സ്വയം കുഴിച്ച കുഴിയിൽ വീണ് ബിജെപി; പാലക്കാടും സന്ദീപും കയ്യിൽനിന്ന് പോയി, സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തമാകും
| Palakkad Kerala Bypoll Election News
Mail This Article
കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ തൃശൂർ വിജയത്തിനു പിന്നാലെ പാലക്കാടിലൂടെ നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാമെന്നായിരുന്നു ബിജെപി പ്രതീക്ഷ. രണ്ടു ജില്ലകളിലും സംഘടനാ സംവിധാനങ്ങൾ ശക്തം, അനുകൂല ഘടകങ്ങളും ഏറെ. പാലക്കാട്ട് വിജയിച്ചിരുന്നെങ്കിൽ ബിജെപിക്ക് വലിയ രാഷ്ട്രീയ നേട്ടമാകുമായിരുന്നു. സ്വയംകുഴിച്ച കുഴികളിൽ വീണ് സ്വപ്നം പൊലിഞ്ഞു. പാലക്കാടും, സന്ദീപ് വാരിയരും കയ്യിൽനിന്ന് പോയി. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും പാലക്കാട്ടെ സ്ഥാനാർഥി കൃഷ്ണകുമാറിനും എതിരെ പാർട്ടിയിൽ പടയൊരുക്കം ശക്തമാകുമെന്നതാണ് അനന്തരഫലം.
ആദ്യഘട്ടത്തിലെ ബിജെപി നീക്കങ്ങൾ കൃത്യമായിരുന്നു. കോൺഗ്രസ് വിട്ട് സരിൻ സിപിഎമ്മിലേക്ക് പോയതും, ഇതര ജില്ലക്കാരനായ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ ജില്ലാ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിർപ്പും നിലനിൽക്കുന്ന സാഹചര്യത്തിലാണ് മണ്ഡലത്തിൽ സ്വീകാര്യനായ കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയത്. മറ്റ് പാർട്ടികൾ കുഴപ്പങ്ങളിൽ പെട്ടപ്പോൾ ബിജെപി ചിട്ടയായ പ്രവർത്തനം നടത്തി. സ്ഥാനാർഥിത്വത്തിന്റെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ ലക്ഷ്യമിട്ട് സന്ദീപ് വാരിയർ പൊട്ടിച്ച വെടി പാർട്ടിയുടെ നെഞ്ചത്താണ് കൊണ്ടത്. കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തെപ്പറ്റി പാർട്ടിയിൽ തന്നെ ഭിന്നസ്വരമുണ്ടായി. സമാധാന അന്തരീക്ഷം തകർന്നു. സന്ദീപ് വാരിയർ പാർട്ടി വിട്ടു.
അടുത്തിെട മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് വിഹിതം കുത്തനെ ഉയർത്തിയ ശോഭാ സുരേന്ദ്രൻ സ്ഥാനാർഥിയാകുമെന്നായിരുന്നു പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിനു താൽപര്യം. കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തെയാണ് സന്ദീപ് വാരിയർ എതിർത്തത്. ശോഭയുടെ സ്ഥാനാർഥിത്വത്തോട് എതിർപ്പില്ലായിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സന്ദീപിനെ അനുനയിപ്പിച്ച് കൂടെ നിർത്താൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചില്ലെന്ന് കരുതുന്നവർ പാർട്ടിയിലുണ്ട്. സന്ദീപ് പാർട്ടി വിടുന്ന സാഹചര്യം ഒഴിവാക്കിയിരുന്നെങ്കിൽ ഈ പരാജയവും ഒഴിവാക്കാമായിരുന്നെന്ന് അവർ പറയുന്നു. സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തോടെ മറ്റു പാർട്ടികളെ ബാധിച്ച വിഷയങ്ങൾ ദുർബലമായി.
ബിജെപിയിൽ കെ.സുരേന്ദ്രന്റെ പ്രവർത്തന രീതിക്കെതിരെ പ്രതിഷേധമുള്ളവരുണ്ട്. തൃശൂരിലെ വിജയത്തോടെ ഈ എതിർപ്പുകളെ മറികടക്കാൻ സുരേന്ദ്രനു കഴിഞ്ഞിരുന്നു. പാലക്കാട്ടെ തോൽവിയോടെ ശോഭാ സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിനു വേണ്ടി വാദിച്ചവർ സംസ്ഥാന നേതൃത്വത്തിനെതിരെ തിരിഞ്ഞേക്കാം. നഗര മേഖലകളിൽ വോട്ട് നില ഉയർത്തി, മറ്റു മേഖലകളിലെ വോട്ട് നിലനിർത്തിയാൽ ജയിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ നഗരമേഖലയിലെ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽപോലും വോട്ടുകൾ നഷ്ടമായി. ഇ.ശ്രീധരനെക്കാൾ 10671 വോട്ടുകൾ കൃഷ്ണകുമാറിന് കുറഞ്ഞു. അനാവശ്യ വിവാദങ്ങൾ വോട്ടുചോർച്ചയുടെ ഒരു പ്രധാന ഘടകമായി. കഴിഞ്ഞ തവണ ഇ.ശ്രീധരന് വ്യക്തിപരമായി ലഭിച്ച വോട്ടുകളും പാർട്ടിക്ക് നഷ്ടമായി.