കഥ, തിരക്കഥ, സംവിധാനം, സംഭാഷണം...; നിയമസഭയിലും പിൻഗാമിയാകുമോ? പോരാളിയും തേരാളിയും ഈ ഷാഫി
Mail This Article
പാലക്കാട് ∙ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയത്തേരിലേറിയത് രാഹുൽ മാങ്കൂട്ടത്തിലെങ്കിലും അഗ്നി പരീക്ഷ ഡിസ്റ്റിങ്ഷനോടെ പാസായതിന്റെ ആശ്വാസത്തിലാണ് ഷാഫി പറമ്പിൽ. ട്വിസ്റ്റും സസ്പെൻസും നിറഞ്ഞ സിനിമ പോലെയായിരുന്നു തുടക്കം മുതൽ പാലക്കാട് തിരഞ്ഞെടുപ്പെങ്കിൽ കോൺഗ്രസ് ക്യാംപിന്റെ പ്രചാരണം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തത് ഷാഫി പറമ്പിലാണ്. സംവിധായകനു പ്രീ പ്രൊഡക്ഷണൻ സമയത്തേ ഒറ്റ കണ്ടീഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലാകണം. തന്റെ വിശ്വസ്തനെ സ്ഥാനാർഥിയാക്കണമെന്ന ഷാഫിയുടെ ആവശ്യത്തിനു മുന്നിൽ നിർമാതാവ് എന്നു വിശേഷിപ്പിക്കാവുന്ന നേതൃത്വം വഴങ്ങിയതോടെയാണ് രാഹുലിനു പാലക്കാട്ടേക്ക് നറുക്കു വീണത്. പത്തനംതിട്ട ജില്ലക്കാരനായ രാഹുലിനെ സ്ഥാനാർഥിയാക്കുന്നതിന് എതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം ഉയർത്തിയ എതിർപ്പ് ചെറുതായിരുന്നില്ല. ഡിസിസി നായകനായി നിർദേശിച്ച കെ. മുരളീധരനെയും വെട്ടിയാണ് രാഹുലിനെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയത്.
സ്ഥാനാർഥി കുപ്പായം തുന്നിയ പലരും പാർട്ടിയുമായി ഇടഞ്ഞു. ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ആയിരുന്ന സരിൻ തന്നെ നേതൃത്വത്തെ ഞെട്ടിച്ച് എതിർപാളയത്തിലെത്തി സ്ഥാനാർഥിയായി. വോട്ടെടുപ്പിനു തൊട്ടുമുന്നെ വരെയും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടർന്നു. ഷാഫിയുടെ ഏകാധിപത്യത്തിൽ പ്രതിഷേധിച്ച് പാർട്ടി വിടുന്നു എന്നായിരുന്നു എല്ലാവരുടെയും കമന്റ്. വോട്ടെണ്ണി കഴിഞ്ഞപ്പോൾ നേടിയ ആധികാരിക ജയം ഷാഫിയെ ജില്ലയിലെ മാത്രമല്ല, സംസ്ഥാന കോൺഗ്രസിലെ തന്നെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായാണ് ഉയർത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ മരണശേഷം നാഥനില്ലാത്ത എ ഗ്രൂപ്പ് ഇനി ഷാഫിയിലേക്ക് കേന്ദ്രീകരിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ട്രോളി ബാഗ് വിവാദം അടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യാവസാനം ഷാഫിക്കെതിരെ ആരോപണങ്ങൾ നെയ്യാനാണ് എതിർപക്ഷം ശ്രദ്ധിച്ചിരുന്നത്. അതൊന്നും കൂസാതെ രാഹുലിനൊപ്പം ഓടി നടന്ന ഷാഫി വോട്ടെണ്ണലിനു കോൺഗ്രസിന്റെ ചീഫ് കൗണ്ടിങ് ഏജന്റുമായി.
ഷാഫിയുടെ ഒഴിവിലേക്ക് രാഹുൽ നിയമസഭയിലേക്ക് എത്തുന്നതോടെ പ്രതിപക്ഷ നിരയുടെ കരുത്തു വർധിക്കും. പലപ്പോഴും സഭയിൽ പ്രതിപക്ഷത്തിന്റെ തുറുപ്പുചീട്ടായിരുന്നു ഷാഫി. ഇനി ആ റോൾ രാഹുലായിരിക്കും വഹിക്കുക. സർക്കാരിനെതിരായ സമരത്തിനു പലതവണ ജയിലിൽ അടയ്ക്കപ്പെട്ട രാഹുലിന്റെ മധുര പ്രതികാരമാണ് എംഎൽഎ പദവി. വീട് വളഞ്ഞ് ഉറങ്ങികിടന്ന രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ട് അധിക കാലമായിരുന്നില്ല. മറ്റൊരു കേസിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തലേ ദിവസമാണ് രാഹുൽ ജയിൽ മോചിതനായത്. സത്യപ്രതിജ്ഞക്കായി സഭയിലേക്ക് എത്തി രാഹുൽ മുഖ്യമന്ത്രിക്ക് കൈകൊടുക്കുന്നത് കോൺഗ്രസ് അണികളെ ആവേശം കൊള്ളിക്കുന്ന കൗതുക കാഴ്ചയാകും.
എംഎൽഎമാരുടെ എണ്ണത്തിൽ കുറവെങ്കിലും പി.സി. വിഷ്ണുനാഥും റോജി എം.ജോണും മാത്യു കുഴൽനാടനും സി.ആർ. മഹേഷുമൊക്കെയുള്ള പാർട്ടിയുടെ യുവനിര കൂടുതൽ ആവേശമാകും. ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുൻപായിരുന്നു എം.ലിജുവിനെ കെ.സുധാകരന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. കെപിസിസി പുനഃസംഘടനയും വൈകാതെ നടക്കുന്നതോടെ ലിജുവിനൊപ്പം പ്രവർത്തിക്കാൻ ഒരു യുവനിര തന്നെ പാർട്ടിയിലുണ്ടാകും. ഇതോടെ നിയമസഭയ്ക്ക് അകത്തും പുറത്തും രണ്ടായിരത്തിനു ശേഷം യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആയവരുടെ നേതൃത്വത്തിലേക്ക് കോൺഗ്രസ് പതിയെ എത്തിച്ചേരുകയാണ്.
ചേലക്കര നഷ്ടപ്പെട്ടെങ്കിലും തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ് പാലക്കാട്ടെ വിജയം. ഒത്തൊരുമിച്ചാൽ മലയും പോരും എന്നാണ് വിജയം നൽകുന്ന സന്ദേശം. സതീശനും സുധാകരനും ഇരുവരുടെയും കസേര ഉറപ്പിക്കാം. സന്ദീപ് വാരിയർക്ക് കോൺഗ്രസിൽ ഇനി എന്താണ് റോൾ, ഒരാൾക്ക് ഒരു പദവി വ്യവസ്ഥയിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദം ഒഴിയുമോ എന്നെല്ലാമാണ് കണ്ടറിയേണ്ടത്.