‘യുഡിഎഫും ബിജെപിയും പണം ഒഴുക്കി ജനവിധി അട്ടിമറിക്കാൻ ശ്രമിച്ചു; ജനം ഇടതുപക്ഷ സ്ഥാനാർഥിയെ ചേർത്തു പിടിച്ചു’
Mail This Article
ചേലക്കര മണ്ഡലത്തിൽ വലിയ തോതിൽ പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ശ്രമം നടന്നതായി ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ്. ചേലക്കരയിലെ ഉജ്വല വിജയത്തിനുശേഷം ‘മനോരമ ഓൺലൈനോട്’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സ്ഥാനാർഥി മുന്നണികൾ ജനങ്ങളോടു പറഞ്ഞ വാക്കുകൾ കൃത്യമായി പാലിച്ചുവെന്നതിന്റെ തെളിവാണ് എൽഡിഎഫിന്റെ ചേലക്കരയിലെ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
∙ ചേലക്കരയിലെ രണ്ടാം വിജയത്തെ എങ്ങനെ വിലയിരുത്തുന്നു?
വലിയ തോതിൽ സർക്കാരിനെതിരെ നടന്ന പ്രചാരണത്തെ എൽഡിഎഫ് മറികടന്നു. വളരെ തരം താഴ്ന്ന രീതിയിൽ ബിജെപിയും യുഡിഎഫും മണ്ഡലത്തിൽ വർഗീയ പ്രചാരണം നടത്തി നോക്കി. ഇത്രയൊക്കെ ചെയ്തിട്ടും ജനം കൈവിട്ടില്ല എന്നതാണു സത്യം. മണ്ഡലത്തിൽ വലിയ രീതിയിൽ പണം ഒഴുക്കും നടന്നു. ബിജെപിയും യുഡിഎഫും വലിയ രീതിയിൽ പണം ഒഴുക്കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു. ബിജെപിയുടെ ഭാഗത്തുനിന്നാണ് കൂടുതൽ പണം ഒഴുക്കിയത്. ഇതിന്റെ തെളിവെല്ലാം എനിക്ക് ലഭിച്ചിരുന്നു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന രീതിയിൽ എന്തു ശ്രമം നടത്തിയിട്ടും ജനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയെ ചേർത്തു പിടിച്ചു.
∙ ഭരണവിരുദ്ധ വികാരം ചേലക്കരയിൽ തിരിച്ചടിയായില്ലെന്ന് വേണ്ടേ കരുതാൻ?
ഭരണവിരുദ്ധ വികാരം എന്നൊന്ന് ഇല്ല. ചേലക്കരയിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്നായിരുന്നു പ്രചാരണം. എന്നാൽ അതൊന്നും ചേലക്കരയിൽ ഇല്ലെന്ന് എൽഡിഎഫ് തുടക്കം മുതൽ തന്നെ പറഞ്ഞിരുന്നു. ജീവിത പ്രശ്നവുമായി ബന്ധപ്പെട്ടു സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ ജനങ്ങൾക്കു തൃപ്തിയുണ്ട്. പക്ഷേ സമയബന്ധിതമായി ഈ ആനുകൂല്യങ്ങൾ കിട്ടണമെന്ന ആവശ്യമാണു മുന്നോട്ടു വച്ചത്. അതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ മണ്ഡലത്തിൽനിന്ന് ഒരു പ്രതിനിധി വേണമെന്ന് അവർ ആഗ്രഹിച്ചു. അതിന് എൽഡിഎഫ് സ്ഥാനാർഥി ജയിക്കണം എന്നു ജനങ്ങൾ തീരുമാനിച്ചു.
∙ സംസ്ഥാനത്ത് എൽഡിഎഫിന് ആശ്വാസ ജയം ചേലക്കരയിലാണ്. നേതാക്കൾ ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ?
എല്ലാ നേതാക്കളും വിളിച്ചിരുന്നു. കൗണ്ടിങ് സെന്ററിലായതിനാൽ പലരും വിളിച്ചപ്പോൾ സംസാരിക്കാൻ സാധിച്ചില്ല. നേതാക്കളെല്ലാം വിളിച്ച് ചേലക്കരയിലെ ഇടതുവിജയത്തെ അഭിനന്ദിച്ചു. നേരത്തെ പ്രിയങ്കരനായ രാധാകൃഷ്ണൻ സഖാവ് തുടങ്ങി വച്ച പദ്ധതികൾ ഉണ്ട്. അതെല്ലാം അവലോകനം നടത്തി നാടിനു സമർപ്പിക്കാനുള്ള നടപടികൾ എടുക്കുക എന്നതാണ് എന്നിൽ അർപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം.
∙ ചേലക്കര പിന്നോക്കം നിൽക്കുന്ന മണ്ഡലം എന്നായിരുന്നു യുഡിഎഫിന്റെയും ബിജെപിയുടെയും ആരോപണം
എല്ലാത്തിനും മറുപടിയാണ് ഈ വിജയം. 96 മുതൽ ഘട്ടംഘട്ടമായി മണ്ഡലത്തിൽ മാറ്റം സംഭവിച്ചുകൊണ്ടേയിരിക്കുകയാണ്. ഇനിയും മാറ്റങ്ങൾ സംഭവിക്കും. പാർട്ടിക്ക് അതീതമായ വോട്ടുകൾ എൽഡിഎഫിനു കിട്ടിയിട്ടുണ്ടാകാം. പക്ഷേ, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം എനിക്ക് ലഭിച്ചില്ലെന്നത് വസ്തുതയാണ്. മുൻപ് എംഎൽഎയായി ഇരുന്നപ്പോൾ സഹായം ചെയ്ത യുഡിഎഫ് നേതാക്കൻമാർ തന്നെ നേരിട്ടു വിളിച്ചിരുന്നു. പാർട്ടിക്ക് അതീതമായി ഇടതുപക്ഷ സ്ഥാനാർഥിയെ ജനം സ്വീകരിച്ചു.