സന്ദീപ് വാരിയർ വന്നതും പിണറായി വിജയൻ പറഞ്ഞതും! രാഹുലിന്റെ തേരു വലിച്ചത് ഇവർ ; വീണ്ടും ചർച്ചയായി തൃക്കാക്കര മോഡൽ
Mail This Article
പാലക്കാട് ∙ കൊണ്ടും കൊടുത്തും പാലക്കാടൻ കാറ്റു പോലെ പറന്നുയർന്ന പ്രചാരണത്തിനൊടുവിൽ കൊടുങ്കാറ്റായി രാഹുലും യുഡിഎഫും. ആദ്യ റൗണ്ടുകളിൽ ലീഡുകൾ മാറി മറിഞ്ഞെങ്കിലും പാലക്കാടൻ കോട്ട പോലെ രാഹുൽ മാങ്കൂട്ടത്തിൽ തലയുയർത്തി നിന്നു. നഗര മേഖലകളിലെ ബിജെപിയുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്തിയ ബുൾഡോസർ എഫക്ടാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം. ആദ്യ മൂന്നു റൗണ്ടിലും വമ്പൻ ലീഡ് പ്രതീക്ഷിച്ച ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് ആദ്യ റൗണ്ടിൽത്തന്നെ ബിജെപിയുടെ ലീഡ് കുറഞ്ഞപ്പോൾ കൃഷ്ണ കുമാർ അപകടം മണത്തിരുന്നു. രണ്ടും മൂന്നും റൗണ്ടിൽ യുഡിഎഫ് അപ്രതീക്ഷിത ലീഡ് നേടിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ വിജയഭേരി മുഴക്കി തെരുവിലിറങ്ങി.
ബിജെപിയുടെ ഉരുക്കുകോട്ടയായ മൂത്താന്തറയിലേക്ക് വോട്ടെണ്ണൽ എത്തിയപ്പോഴേക്കും 960 വോട്ടുകളോടെ ബിജെപി ലീഡ് തിരിച്ചുപിടിച്ചു. തെക്കൻ ജില്ലകളിൽ നിന്നെത്തിയ ആർഎസ്എസ് പ്രവർത്തകർ ക്യാംപ് ചെയ്ത് പ്രവർത്തനം നടത്തിയത് ഗുണമായി മാറിയെങ്കിലും ഏഴാം റൗണ്ടിനു ശേഷമുള്ള രാഹുലിന്റെ തേരോട്ടത്തെ മറികടക്കാൻ കൃഷ്ണകുമാറിനു ഈ ലീഡ് മതിയാകുമായിരുന്നില്ല. ഏഴാം റൗണ്ടിൽ എൽഡിഎഫ് രണ്ടാമത് എത്തിയതോടെ ബിജെപി പ്രതീക്ഷകൾ അസ്തമിച്ചു. യുഡിഎഫിന്റെ കണക്കുക്കൂട്ടലുകൾ അനുസരിച്ചായിരുന്നു പിന്നീടുള്ള കഥ നീങ്ങിയത്. പാലക്കാട്ടു വലിയ നഷ്ടം സംഭവിച്ചത് ബിജെപിക്കാണ്. വോട്ടുകളിൽ ഭൂരിപക്ഷവും കോൺഗ്രസിലേക്കും സിപിഎമ്മിലേക്കും ചിതറിയതാണ് തിരിച്ചടിയായത്.
∙ പുതുപ്പള്ളിയല്ല പാലക്കാട്, വിജയിച്ചത് തൃക്കാക്കര മോഡൽ
കൂറുമാറ്റങ്ങളടക്കം ഒന്നിനു പിന്നാലെ മറ്റൊന്നായി വിവാദങ്ങൾ ഉയർന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റേത് രാഷ്ട്രീയ വിജയം കൂടിയാണ്. സിറ്റിങ് സീറ്റ് ആണെങ്കിൽ പോലും തൃക്കാക്കരയും പുതുപ്പള്ളിയും പോലെ എളുപ്പത്തിൽ ജയിച്ചുകയറാമെന്ന പ്രതീക്ഷ പാലക്കാടിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കില്ലായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ പാർട്ടി ഒന്നാകെ പ്രവർത്തിച്ചപ്പോൾ പാലക്കാട് കോൺഗ്രസിനൊപ്പം നിന്നു; സതീശന്റെ നേതൃത്വത്തിൽ തൃക്കാക്കര ജയിച്ചതു പോലെ.
സന്ദീപ് വാരിയർ കോൺഗ്രസിലേക്കെത്തിയത് ന്യൂനപക്ഷ വോട്ടുകളെ ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. വോട്ടെടുപ്പ് ദിവസവും തങ്ങൾക്കെതിരെ എൻ.എൻ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ നിലപാടെടുത്തു. മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലയിൽ തിളക്കമാർന്ന ലീഡ് രാഹുൽ നേടിയപ്പോൾ രാഷ്ട്രീയ വായനയിൽ ലീഗിന്റെ കൂടി അഭിമാന വിജയമായി മാറുകയാണ് പാലക്കാട്ടേത്.
∙ അത് ഇ. ശ്രീധരന്റെ വോട്ടായിരുന്നു
മൂന്നു വർഷം മുൻപു നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മെട്രോമാൻ ഇ. ശ്രീധരനെ പിന്നിലാക്കി ഷാഫി പറമ്പിൽ ജയിച്ചത്. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭ മണ്ഡലത്തിൽ വി.കെ. ശ്രീകണ്ഠൻ സി. കൃഷ്ണകുമാറിനെതിരെ 9,707 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനൊപ്പം മണ്ഡലത്തിലെ പ്രബല വിഭാഗങ്ങളുടെ വോട്ടുകളും ഇത്തവണ രാഹുലിനെ തുണച്ചു. ഭരണവിരുദ്ധ തരംഗമായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. ശ്രീധരനെപ്പോലൊരു സ്ഥാനാർഥി എതിർചേരിയിൽ ഇല്ലാതെ പോയതും കോൺഗ്രസിനു ഗുണമായി. ശ്രീധരനു ലഭിച്ച പല വോട്ടുകളും ബിജെപിയിലേക്ക് എത്തിയില്ല. വോട്ടെണ്ണലിന്റെ ഒൻപതാം റൗണ്ടിൽ പോലും 9046 വോട്ടിന്റെ ലീഡ് ഉയർത്താൻ ശ്രീധരനു സാധിച്ചിരുന്നു.
∙ സതീശനും വേണുഗോപാലിനും ആശ്വസിക്കാം
പാലക്കാട് കൈവിട്ടുപോയാൽ പേരുദോഷം കെ. സുധാകരനെയും വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും ബാധിക്കുമായിരുന്നു. സരിനും പ്രാദേശിക നേതാക്കളും പാർട്ടി വിട്ടത് ഷാഫിയുടെ ഏകാധിപത്യം കാരണമാണ് എന്ന തരത്തിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറികളുമുണ്ടാകുമായിരുന്നു. യുവനേതാവ് എന്ന നിലയിൽ ജില്ല മാറി മത്സരിക്കാനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാവിയും അനിശ്ചിതത്വത്തിലാകുമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് നേതൃമാറ്റം അടക്കമുള്ള മുറവിളികളും ഉയരുമായിരുന്നു.