‘കാറ്റിൽ പറക്കാനാവാതെ ഹെലിക്കോപ്റ്റർ, അമേരിക്ക അതിജീവിക്കും; വൈറലായ കാട്ടുതീ ഹോളിവുഡിലേത്’
Mail This Article
യുഎസിലെ ലൊസാഞ്ചലസിൽ ഒട്ടേറെപ്പേരുടെ ജീവനെടുത്ത കാട്ടുതീ ഒരാഴ്ചയായി ആളിപ്പടരുകയാണ്. ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. കൂടുതൽ പേരെ ഒഴിപ്പിക്കാനാണു സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അതിവേഗത്തിൽ കാറ്റു വീശുമെന്നു മുന്നറിയിപ്പുള്ളതിനാൽ തീയണയ്ക്കാൻ കഠിനശ്രമമാണ്. തീ അണയ്ക്കുന്ന ഹെലിക്കോപ്റ്ററുകള്‍ക്കു പറക്കാന്‍ പോലും പറ്റാത്തത്ര ശക്തിയുള്ള കാറ്റാണു വീശുന്നതെന്നു യുഎസിൽ താമസിക്കുന്ന മലയാള നടനും നിർമാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി ‘മനോരമ ഓൺലൈനോടു’ പറഞ്ഞു. എത്രത്തോളം ഭീകരമാണു ലൊസാഞ്ചലസിലെ കാട്ടുതീ? ഹോളിവുഡ് താരങ്ങളുടെയെല്ലാം വീടുകൾ ചാമ്പലായോ? അമേരിക്ക മുഴുവനും തീയാണ് എന്നുള്ള പ്രചാരണങ്ങളിൽ വാസ്തവമെത്ര? തമ്പി ആന്റണി വിശദമായി സംസാരിക്കുന്നു.
∙ ‘പ്രകൃതിദുരന്തത്തിൽ സന്തോഷിക്കുന്നത് എങ്ങനെ?’
‘‘ഞാന്‍ കലിഫോര്‍ണിയയിലായതിനാല്‍ തീപിടിത്തത്തിന്റെ വിവരമന്വേഷിച്ചു ധാരാളം കോളുകളും മെസ്സേജുകളും വരുന്നുണ്ട്. കലിഫോര്‍ണിയയിലെ മറ്റൊരു പ്രമുഖ നഗരമായ സാന്‍ഫ്രാന്‍സിസ്‌കോയിലാണു ഞങ്ങള്‍ താമസിക്കുന്നത്. ലൊസാഞ്ചലസിൽനിന്ന് 6 മണിക്കൂറോളം വടക്കോട്ടു ഡ്രൈവ് ചെയ്താല്‍ എത്താവുന്ന ദൂരം. അതുകൊണ്ടുതന്നെ എത്ര ശക്തമായ കാറ്റുണ്ടെങ്കിലും ഞങ്ങള്‍ താമസിക്കുന്ന ഈ മലമുകളിലേക്കു തീയെത്താനുള്ള സാധ്യതയില്ല. പക്ഷേ, തെക്കുനിന്നു വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നവയാണ്. ഇതിനുമുൻപും കലിഫോര്‍ണിയയില്‍ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണത്തെ ‘സാന്റാ അനാ’ കാറ്റിനു ശക്തി കൂടുതലാണ്. തീ കെടുത്താന്‍പോയ ഹെലിക്കോപ്റ്ററുകള്‍ക്കു പറക്കാന്‍പോലും പറ്റാത്ത ശക്തിയിലാണു കാറ്റു വീശുന്നത്.
പസിഫിക് കടല്‍ത്തീരത്തോടു ചേര്‍ന്ന് ഹൈവേ–101 കടന്നുപോകുന്ന ‘പസിഫിക് പാലിസെയ്ഡ്സ്’ എന്ന പ്രദേശത്താണ് ഏറ്റവും കൂടുതല്‍ വീടുകള്‍ കത്തിനശിച്ചത്. മാധ്യമങ്ങളില്‍ പറയുന്നതുപോലെ, ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന ബെവേര്‍ലി ഹില്‍സിലല്ല. ചില താരങ്ങള്‍ക്കു മലമുകളില്‍ കടലിനഭിമുഖമായി വീടുകളുണ്ട്. അതെല്ലാം അവരുടെ ‘സെക്കന്‍ഡ് ഹോം’ ആണ്. ആ വീടുകള്‍ കത്തിനശിച്ചാലും അവയെല്ലാം ഭീമമായ തുകയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളതാണ് എന്നാണറിവ്. മേഖലയിൽ പതിനാലായിരത്തോളം വീടുകള്‍ കത്തിനശിച്ചെങ്കിലും ആളപായം ആയിരം വീടുകള്‍ക്ക് ഒന്ന് എന്ന അനുപാതത്തിലാണ്. അതാണു തെല്ലൊരാശ്വാസം.
ലൊസാഞ്ചലസിലെ ‘സണ്‍സെറ്റ്’ എന്ന നഗരാതിര്‍ത്തിയിലായതു കൊണ്ടാണ് ഇത്രയധികം വീടുകള്‍ കത്തിനശിച്ചത്. ഗതാഗതക്കുരുക്ക് കാരണം പലര്‍ക്കും വില കൂടിയ കാറുകൾ ഉപേക്ഷിച്ചു പോകേണ്ടി വന്നു. ആളപായം കുറവായതുകൊണ്ട്, അമേരിക്കയെപ്പോലെ സമ്പന്നമായ രാഷ്ട്രത്തിന് ഇതൊരു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കില്ല. കേരളത്തിലടക്കം ഇന്ത്യയിലെ ചില ചാനലുകളും യുട്യൂബുകാരും പ്രചരിപ്പിക്കുന്നതു ന്യൂയോര്‍ക്ക് കത്തുന്നു, അമേരിക്ക മുഴുവനും തീയാണ് എന്നൊക്കെയാണ്. ആ വാര്‍ത്തകള്‍ സത്യവിരുദ്ധമാണ്. ന്യൂയോര്‍ക്കില്‍ ഒരു വീടുമാത്രം കത്തിയതു വാര്‍ത്തയാക്കി ആഘോഷിക്കുകയാണു ചിലര്‍. ടിവിയിൽ കാണിക്കുന്ന പല ദൃശ്യങ്ങളും ഹോളിവുഡ് ചിത്രങ്ങളില്‍നിന്ന് അടിച്ചുമാറ്റിയതാണ്!
പ്രകൃതിദുരന്തങ്ങള്‍ ഏതു രാജ്യത്തും എപ്പോള്‍ വേണമെങ്കിലുമുണ്ടാവാം. കേരളത്തില്‍ അടുത്ത കാലത്തുണ്ടായ ദുരന്തങ്ങള്‍ നമ്മളാരും മറന്നിട്ടില്ല. ജപ്പാനില്‍ ഭൂകമ്പങ്ങളില്‍ ആയിരങ്ങള്‍ മരിക്കുന്നത് ആരോടു യുദ്ധം ചെയ്തിട്ടാണ്? ഒരു രാജ്യത്തു പ്രകൃതിദുരന്തം ഉണ്ടാകുമ്പോള്‍ അതില്‍ സന്തോഷിക്കുന്നതിന്റെ മനശ്ശാസ്ത്രം മനസ്സിലാകുന്നില്ല. ഗാസയിലെ യുദ്ധത്തിനു പകരമായി അമേരിക്കയ്ക്കു കിട്ടിയ ശിക്ഷയാണു കാട്ടുതീ എന്ന മട്ടിലുള്ള ദുഷ്പ്രചാരണങ്ങളും ഇക്കൂട്ടത്തിൽ കാണുന്നു. കലിഫോർണിയ അറ്റോർണി ജനറലായിരുന്ന കമല ഹാരിസും കലിഫോർണിയയിലെ ജനങ്ങളുമാണു പലസ്തീനെ ഏറ്റവും കൂടുതൽ പിന്തുണച്ചതെന്ന് ഈ അവസരത്തിൽ ഓർക്കാം. കര്‍മഫലംപോലും അന്ധവിശ്വാസമാണെന്ന കാര്യമറിയാവുന്നവര്‍ ഈ വ്യാജവിവരങ്ങളെ ചിരിച്ചുതള്ളും’’– തമ്പി ആന്റണി പറഞ്ഞു.
അതേസമയം, 5 സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായതിൽ പാലിസെയ്ഡിലും ഈറ്റണിലും സ്ഥിതി ഗുരുതരമാണെന്നാണു റിപ്പോർട്ട്. പാലിസെയ്ഡ്സിൽ 13 ശതമാനവും ഈറ്റണിൽ 27 ശതമാനവും സ്ഥലത്തെ തീ മാത്രമാണു നിയന്ത്രണവിധേയമായത്. 160 ചതുരശ്ര കിലോമീറ്റർ സ്ഥലം അഗ്നി വിഴുങ്ങി. 1400 ഫയർ എൻജിനുകളുടെയും 84 വിമാനങ്ങളുടെയും സഹായത്തോടെ 14,000 പേരാണു തീയണയ്ക്കാൻ അഹോരാത്രം അധ്വാനിക്കുന്നത്. കാനഡയും മെക്സിക്കോയും അഗ്നിരക്ഷാ സൈനികരെ അയച്ചു. 8 മാസമായി മഴയില്ലാത്ത പ്രദേശമായതിനാലാണു തീ ആളിപ്പടർന്നതെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി.