പ്രതിപക്ഷ പോരാട്ടം ഇന്ത്യൻ ഭരണകൂടത്തിനെതിരെയെന്ന് രാഹുൽ; കോൺഗ്രസിന്റെ തനിനിറം വെളിപ്പെട്ടെന്ന് ബിജെപി
Mail This Article
ന്യൂഡൽഹി∙ മോഹൻ ഭാഗവതിന്റെ വിവാദ പരാമർശനത്തിനു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നൽകിയ മറുപടി വിവാദത്തിൽ. പ്രതിപക്ഷം പോരാടുന്നത് ബിജെപിയോടും ആർഎസ്എസിനോടും മാത്രമല്ലെന്നും ഇന്ത്യൻ ഭരണകൂടത്തിനെതിരെയാണെന്നും (ഇന്ത്യൻ സ്റ്റേറ്റ്) പറഞ്ഞതാണ് വിവാദമായത്. ന്യൂഡൽഹിയിൽ കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു രാഹുലിന്റെ വിവാദ പരാമർശം.
‘‘ആർഎസ്എസ് പ്രത്യയശാസ്ത്രത്തോടുള്ള നമ്മളുടെ പോരാട്ടം ന്യായമായ പോരാട്ടമാണെന്ന് ആരും കരുതരുത്. ഇതിൽ ഒരു ന്യായവുമില്ല. നമ്മൾ പോരാടുന്നത് ബിജെപി എന്ന രാഷ്ട്രീയ സംഘടനക്കെതിരെയാണ്. ആർഎസ്എസിനെതിരാണ്. എന്താണ് രാജ്യത്ത് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് നിങ്ങൾക്കു മനസ്സിലായിട്ടില്ല. ബിജെപിയും ആർഎസ്എസും ചേർന്ന് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുത്തു. പോരാട്ടം ബിജെപിക്കെതിരെയാണ്, ആർഎസ്എസിനെതിരെയാണ്, ഇന്ത്യൻ ഭരണകൂടത്തിനെതിരെയാണ്.’’ – രാഹുൽ പറഞ്ഞു.
പിന്നാലെ, രാഹുലിന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസിന്റെ തനിനിറം ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണെന്നു ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ തുറന്നടിച്ചു. രാജ്യത്തിന് അറിയാവുന്ന കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് രാഹുൽ ഗാന്ധിയെ താൻ അഭിനന്ദിക്കുകയാണെന്നും രാഹുൽ ഗാന്ധിക്കു അർബൻ നക്‌സലുകളുമായും ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന ‘ഡീപ് സ്റ്റേറ്റ്’ ശക്തികളുമായും ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം ഇന്ത്യക്കെതിരെയാണു പോരാടുന്നതെങ്കിൽ രാഹുൽ ഗാന്ധി പിന്നെ എന്തിനാണു ഭരണഘടനയുടെ പകർപ്പ് കയ്യിൽ വച്ചിരിക്കുന്നതെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചത്.