ആവേശമായി റോഡ്ഷോയും പൊതുപരിപാടികളും; പ്രചാരണച്ചൂടിൽ രാജ്യതലസ്ഥാനം
![PTI01_09_2025_000212B New Delhi: Delhi Chief Minister Atishi with Punjab CM Bhagwant Mann and AAP National Convenor Arvind Kejriwal during a press conference after meeting with the Chief Election Commissioner, in New Delhi, Thursday, Jan. 9, 2025. (PTI Photo/Kamal Singh) (PTI01_09_2025_000212B)](https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/1/11/arvind-kejriwal.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കിനിൽക്കെ റോഡ്ഷോയും പൊതുപരിപാടികളും നാമനിർദേശപത്രികാ സമർപ്പണവുമായി ഡൽഹിയിൽ സദീവമായി രാഷ്ട്രീയപാർട്ടികൾ.
പത്രിക സമർപ്പിച്ച് കേജ്‌രിവാൾ
ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി പർവേഷ് വർമ, കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് എന്നിവർക്കെതിരെ മത്സരിക്കുന്ന കേജ്‌രിവാൾ ഇന്നലെ നാമനിർദേശപത്രിക സമർപ്പിച്ചു.
വാൽമീകി, ഹനുമാൻ ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷം പദയാത്രയായി എത്തിയാണ് പത്രിക നൽകിയത്. ദേശീയ തലസ്ഥാനത്ത് ഇനിയും ഒരുപാട് ജോലികൾ ചെയ്യാനുണ്ടെന്ന് കേജ്‌രിവാൾ പത്രിക സമർപ്പിച്ചതിന് ശേഷം പറഞ്ഞു. ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനു പിന്നാലെ കേജ്‌രിവാളിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
40 താരപ്രചാരകരുമായി ബിജെപി
40 താരപ്രചാരകരെ ബിജെപി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ഭോജ്പുരി താരങ്ങളും എംപിമാരുമായ മനോജ് തിവാരി, രവി കിഷൻ, പൂർവാഞ്ചലി നേതാക്കളായ ദിനേശ് ലാൽ യാദവ് നിരാഹുവ എന്നിവർ പട്ടികയിൽ ഉൾപ്പെടുന്നു.
യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്‌നാവിസ്, ഹിമന്ത ബിശ്വ ശർമ, പുഷ്കർ സിങ് ധാമി, നായബ് സിങ് സയ്നി ഉൾപ്പെടെ 7മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ശിവരാജ് സിങ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ, പിയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ഹർദീപ് സിങ് പുരി, ഗിരിരാജ് സിങ് എന്നിവരും പ്രചരണത്തിനെത്തും.
ഡൽഹിയിൽ നിന്നുള്ള 7 എംപിമാരും പട്ടികയിലുണ്ട്. ഡൽഹി ബിജെപി ഇൻ-ചാർജ് ബൈജയന്ത് പാണ്ഡെ, സഹ-ചാർജ് അൽക ഗുർജാർ, പാർട്ടിയുടെ സംസ്ഥാന യൂണിറ്റ് മേധാവി വീരേന്ദ്ര സച്ച്‌ദേവ എന്നിവരും താര പ്രചാരകരായിരിക്കും. 1998 മുതൽ അധികാരത്തിൽ നിന്ന് പുറത്തായ ബിജെപി, 2015 മുതൽ ഡൽഹി ഭരിക്കുന്ന കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയെ താഴെയിറക്കാൻ കഠിന പരിശ്രമത്തിലാണ്. പ്രധാനമന്ത്രി 2–3 റാലികളിൽ പങ്കെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓരോ ലോക്‌സഭാ മണ്ഡലത്തിലും 7 തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുമെന്നും പാർട്ടി അറിയിച്ചു. പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. പത്രിക സമർപ്പിക്കുന്നതിന് മുൻപ് ബിജെപി സ്ഥാനാർഥികൾക്കായി പ്രത്യേക പൂജകളും (ലഗൻ) പാർട്ടി നടത്തുന്നുണ്ട്.