കമൽഹാസന്റെ വലംകൈ; പാർട്ടിയെ നയിക്കാൻ ഡോ. സന്തോഷ് ബാബു
Mail This Article
തിരുവനന്തപുരം സ്വദേശി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നു എംബിബിഎസ് ബിരുദം. 1995 തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ. തമിഴ്നാട്ടിലെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരിക്കെ, സ്വയം വിരമിച്ചു ഡോ.സന്തോഷ് ബാബു മക്കൾ നീതി മയ്യത്തിൽ ചേർന്നതു എന്തു കൊണ്ട്?
ഐഎഎസ് എന്ന മൂന്നക്ഷരം പേരിനൊപ്പം ചേർക്കും മുൻപേ ഡോക്ടറായിരുന്നു സന്തോഷ് ബാബു. ഇന്ത്യൻ സിവിൽ സർവീസിൽ കയറിയ ശേഷവും അദ്ദേഹം ചികിൽസ നിർത്തിയില്ല. ആദ്യം രോഗികളെയായിരുന്നെങ്കിൽ സിവിൽ സർവീസിൽ ചികിൽസിച്ചതു സർക്കാർ വകുപ്പുകളെയായിരുന്നു. എല്ലായിടത്തും ഉപയോഗിക്കുന്നതു ഒറ്റ മരുന്ന് - സാങ്കേതിക വിദ്യ. എട്ടു വർഷത്തെ സേവനം ബാക്കി നിൽക്കെ പടിയിറങ്ങി, രാഷ്ട്രീയമെന്ന പുതിയ തട്ടകത്തിൽ പ്രവേശിക്കുമ്പോഴും ബ്യൂറോക്രാറ്റ് ഡോക്ടറുടെ മനസ്സിലുള്ളതു കുറിപ്പടികളാണ്.
രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്നതിനുള്ള മരുന്നുകൾ. അതിനുള്ള വഴി തേടിയാണു കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിൽ ചേർന്നത്. പാർട്ടി ആസ്ഥാനത്തെ ജനറൽ സെക്രട്ടറിയായി നിയമിച്ചതിലൂടെ കമൽ സന്തോഷ് ബാബുവിനു മുന്നിൽവയ്ക്കുന്ന ദൗത്യം വ്യക്തം- സംഘടനാ സംവിധാനം ചിട്ടപ്പെടുത്തുക. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കുന്നതിന്റെ ചുമതലയുമുണ്ട്.
ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ, തമിഴ്നാട്ടിലെ 12,000 ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സംവിധാനമെത്തിക്കുന്നതിനുള്ള ഭാരത് നെറ്റ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രത്യേക സംവിധാനമായ ടാൻഫിനെറ്റിന്റെ ചുമത സന്തോഷ് ബാബുവിനായിരുന്നു.പദ്ധതിയുടെ ടെൻഡറുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നു അദ്ദേഹത്തെ കരകൗശല വികസന കോർപറേഷനിലേക്കു സ്ഥലം മാറ്റി. ഇതിനു പിന്നാലെയാണ് സ്വയം വിരമിക്കലിനു അപേക്ഷ നൽകിയത്.
അഴിമതി ആരോപണത്തെത്തുടർന്നു കേന്ദ്ര സർക്കാർ പിന്നീട് ടെൻഡർ റദ്ദാക്കിയിരുന്നു. ഭാരത് നെറ്റ് ടെൻഡർ പദ്ധതിയിൽ തനിക്കുമേൽ സമ്മർദമുണ്ടായിരുന്നുവെന്നു സന്തോഷ് ബാബു പറഞ്ഞു. ആരാണു സമ്മർദം ചെലുത്തിയതെന്ന ചോദ്യത്തോടു അദ്ദേഹം പ്രതികരിച്ചില്ല. അഴിമതിക്കെതിരെ കടുത്ത നിലപാടെടുത്ത സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന പരിവേഷത്തോടെയാണു അദ്ദേഹം രാഷ്ട്രീയ ഇന്നിങ്സിനു തുടക്കമിടുന്നത്.
രാഷ്ട്രീയത്തെക്കുറിച്ച്, മക്കൾ നീതി മയ്യത്തെക്കുറിച്ച്, സിവിൽ സർവീസ് ജീവിതത്തെക്കുറിച്ച് ഡോ.സന്തോഷ് ബാബു മനോരമയോട്...........
∙എന്തു കൊണ്ട് രാഷ്ട്രീയത്തിൽ?
25 വർഷത്തെ സിവിൽ സർവീസ് പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഒരു കാര്യം ഉറപ്പിച്ചു പറയാനാകും. അസാധാരണമായ വിഭവ ശേഷിയുള്ള സംസ്ഥാനമാണു തമിഴ്നാട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബിഹാറിനോടും യുപിയോടുമല്ല, വിദേശത്തെ വികസിത രാജ്യങ്ങളോടാണു തമിഴ്നാട് മത്സരിക്കേണ്ടത്.ചെന്നൈയ്ക്കു സിംഗപ്പൂരായി വികസിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.ഭാവനാശേഷിയില്ലാത്ത രാഷ്ട്രീയ നേതൃത്വവും നയരൂപീകരണത്തിലെ പോരായ്മകളുമാണു ഇവയ്ക്കെല്ലാം തടസ്സം. ഭാവനാ സമ്പന്നമായ രാഷ്ട്രീയ നേതൃത്വംവരികയെന്നതാണു പരിഹാരം. സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ പ്രവർത്തിക്കുന്നതിനു പരിമിതികളുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിൽ കൂടുതൽ ക്രിയാത്മകമായ പങ്ക് വഹിക്കാനുള്ള മാർഗമെന്ന നിലയിലാണു രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്.
∙രാഷ്ട്രീയത്തിലിറങ്ങാനാണോ സിവിൽ സർവീസിൽ നിന്നു സ്വയം വിരമിച്ചത്?
എട്ടു വർഷമായി രാഷ്ട്രീയ പ്രവർത്തനത്തിന്റെ സ്വന്തം മാനിഫെസ്റ്റോ ഞാൻ തയ്യാറാക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ അതിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തന രീതി, സ്വപ്ന പദ്ധതികൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി തയാറാക്കിയിരുന്നു.സർവീസിൽ നിന്നു വിരമിച്ച ശേഷം തമിഴക നല്ലാച്ചി കക്ഷി (തമിഴ്നാട് സത്ഭരണ പാർട്ടി) യെന്ന പേരിൽ സ്വന്തം പാർട്ടി തുടങ്ങാനുള്ള ഒരുക്കങ്ങൾ നടത്തി. ചില കാരണങ്ങളാൽ അവസാനഘട്ടത്തിൽ ഉപേക്ഷിക്കേണ്ടി വന്നു.
∙എന്ത് കൊണ്ട് മക്കൾ നീതി മയ്യം?
എല്ലാ നിലയിലും യോജിക്കാൻ കഴിയുന്ന പാർട്ടിയെന്ന നിലയിലാണു മക്കൾ നീതി മയ്യത്തിൽ ചേർന്നത്. കുറേ നാളുകളായി ചർച്ച നടക്കുന്നുണ്ട്. പാർട്ടിയിൽ ചേരുന്നതിനു തലേ ദിവസം പാർട്ടി പ്രസിഡന്റ് കമൽ ഹാസനുമായി 3 മണിക്കൂർ ഒറ്റയ്ക്കു ചർച്ച നടത്തിയിരുന്നു. തമിഴ്നാടിനെക്കുറിച്ച് മികച്ച സ്വപ്നങ്ങളുള്ള, മറ്റുള്ളവരെ കേൾക്കാൻ തയ്യാറാകുന്ന, ആത്മാർഥതയോടെ രാഷ്ട്രീയത്തെ സമീപിക്കുന്ന ഒരാളാണു അദ്ദേഹമെന്നു ബോധ്യമായി. അതോടെയാണ്, മക്കൾ നീതി മയ്യത്തിൽ ചേരാൻ തീരുമാനിച്ചത്.
∙മറ്റു പാർട്ടികളിൽ നിന്നു ക്ഷണം ലഭിച്ചിരുന്നോ?
ബിജെപിയുൾപ്പെടെ ചില പാർട്ടികളിൽ ക്ഷണിച്ചിരുന്നു. എല്ലാ നിലയിലും യോജിക്കാൻ കഴിയുന്ന പാർട്ടിയെന്ന നിലയിലാണു മക്കൾ നീതി മയ്യം തിരഞ്ഞെടുത്തത്.
∙മക്കൾ നീതി മയ്യം ചെറിയ പാർട്ടിയാണല്ലോ? മനസ്സിലുള്ള പദ്ധതികൾ നടപ്പാക്കണമെങ്കിൽ ഭരണം ലഭിക്കണം. ഇപ്പോൾ ചേർന്ന പാർട്ടിയിൽ അങ്ങനെയൊരു സാധ്യതയുണ്ടോ?
ചെറിയ പാർട്ടികളാണല്ലോ വലുതാകുന്നത്. തമിഴ്നാടിനെക്കുറിച്ച് വ്യക്തമായ പദ്ധതികളുള്ള പാർട്ടിയാണു എംഎൻഎം എന്നു ഉറപ്പിച്ചു പറയാൻ കഴിയും. കമൽ ഹാസനെപ്പോലെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനുള്ള മുഖവുമുണ്ട്. രാഷ്ട്രീയ മാറ്റത്തിനു ചെറിയ കാലയളവ് മതി. തമിഴ്നാട്ടിൽ തന്നെ അത്തരം ചരിത്രമുണ്ടല്ലോ.
∙മലയാളിയാണല്ലോ? രാഷ്ട്രീയ പ്രവർത്തനത്തിനു എന്തു കൊണ്ടു കേരളം തിരഞ്ഞെടുത്തില്ല?
സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ 25 വർഷം പ്രവർത്തിച്ചതു തമിഴ്നാട്ടിലാണ്. തമിഴ്നാടിനെയാണു എനിക്കു കൂടുതൽ അറിയുക. സംസ്ഥാനത്തിന്റെ പ്രശ്നങ്ങളും സാധ്യതകളും പഠിച്ചിട്ടുണ്ട്.
∙എട്ടു വർഷം സർവീസ് ബാക്കിയിരിക്കെ, സ്വയം വിരമിക്കാനുള്ള തീരുമാനമെടുത്തതു എന്തുകൊണ്ടാണ്?
അത്തരം ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല. സർവീസിലിരുന്ന കാലത്ത് ആത്മാർഥതയോടെയും സത്യസന്ധതോടെയുമാണു പ്രവർത്തിച്ചത്. ഭാരത് നെറ്റ് പദ്ധതിയുമായി ബന്ധപ്പെട്ടു 9 തവണ ഡൽഹി യാത്ര നടത്തിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകൾ പോലും മാറ്റിവച്ചു ഓടി നടന്നു. പ്രധാനമന്ത്രിയുടെ ഓഫിസിനു കീഴിലുള്ള mygov സിഇഒയായി ക്ഷണം ലഭിച്ചെങ്കിലും പോയില്ല. സംസ്ഥാനത്തെ പദ്ധതി പൂർത്തിയാക്കണമെന്ന ആഗ്രഹമായിരുന്നു കാരണം. എന്നാൽ, അതേ ആത്മാർഥത തിരിച്ചു കിട്ടിയില്ലെന്നു മാത്രം പറയാം. ജനന-മരണ സർട്ടിഫിക്കറ്റുകളുൾപ്പെടെ അടിസ്ഥാന സർക്കാർ രേഖകൾ അപേക്ഷിക്കാതെ മൊബൈലിലേക്കു അയച്ചു നൽകന്ന പ്രഡിക്ടീവ് ഗവേണൻസ് പദ്ധതിക്കു തുടക്കം കുറിക്കാനായതിൽ അഭിമാനമുണ്ട്.
∙മത്സരിക്കുമോ?
പാർട്ടി ആവശ്യപ്പെട്ടാൽ തീർച്ചയായും മത്സരിക്കും.പണത്തിന്റെയും ആൾബലത്തിന്റെയും നീരാളിപ്പിടിത്തത്തിൽ നിന്നു തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെ രക്ഷിക്കുക കൂടി പാർട്ടിയുടെ ലക്ഷ്യമാണ്. ആദ്യം മാറ്റം വരേണ്ടതു രാഷ്ട്രീയത്തിലാണ്. ഭരണ തലത്തിലെ മാറ്റം അതിനു പിന്നാലെവരും.തമിഴ്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കുന്നതിനുള്ള വ്യക്തമായ കർമ പദ്ധതിയും അതിനായി പ്രവർത്തിക്കുന്ന മികച്ച നേതൃത്വവുമുണ്ടെന്നതാണു മക്കൾ നീതി മയ്യത്തിന്റെ ഏറ്റവും വലിയ അഡ്വാന്റേജ്. അതാണു മുഖ്യം. രാഷ്ട്രീയത്തിൽ ഒന്നും അസാധ്യമല്ല.
25 വർഷത്തെ സേവനത്തിനിടെ സന്തോഷ് ബാബു സബ് കലക്ടർ മുതൽ ഐടി പ്രിൻസിപ്പൽ സെക്രട്ടറിവരെ ഒട്ടേറെ പദവികൾ വഹിച്ചു. ചുമതലയിലുണ്ടായിരുന്ന ഓരോ വകുപ്പിലും സ്വന്തം മുദ്രയുള്ള ഒരു നൂതന പദ്ധതിയെങ്കിലും നടപ്പാക്കി.കൃഷ്ണഗിരി ജില്ലാ കലക്ടറായിരിക്കെ സ്കൂളിൽ നിന്നു കൊഴിഞ്ഞു പോകുന്ന കുട്ടികളെ തിരിച്ചെത്തിക്കാൻ നടപ്പാക്കിയ ബാക്ക്ടുസ്കൂൾ പദ്ധതി (www.back2school.in) മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ അഭിനന്ദം നേടിയിരുന്നു.കൃഷ്ണഗിരി കലക്ടറായിരിക്കെ കർഷകർക്കായി നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളുടെ സ്നേഹം ഓണക്കാലത്ത് വാഹനം നിറയെ പൂക്കളായി ഇപ്പോഴും സന്തോഷ് ബാബുവിനെത്തേടിയെത്തുന്നുണ്ട്. രാഷ്ട്രീയക്കാരനെന്ന നിലയിൽ ജനകീയ അംഗീകാരത്തിന്റെ പൂമാല കഴുത്തിലണിയാൻ അദ്ദേഹത്തിനു കഴിയുമോ? കാത്തിരുന്നു കാണാം.
English Summary: Former Tamil Nadu IAS officer Dr Santhosh Babu joins Kamal Haasan’s MNM party