തനിയെ തുന്നിയ കുപ്പായം; മലയാള സമാന്തര സംഗീതത്തിൽ പുതിയ വഴികൾ തുറക്കുന്നവർ
Mail This Article
‘വൈജീസ് ആൻഡ് ഓജീസ്’, ഇങ്ങനെ ഒരു വരി ഒരു പാട്ടിനായി എനിക്കു കിട്ടി. യങ് ജനറേഷൻ ആൻഡ് ഓൾഡ് ജനറേഷൻ എന്നതിന്റെ ചുരുക്കമായിട്ടാണ് അതു പ്രയോഗിച്ചത്. ഗാനരചയിതാക്കൾ തമാശയായാണ് അതു വിശദീകരിച്ചതെങ്കിലും വലിയൊരു പരിവർത്തനത്തിന്റെ വരികളായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. പുതിയ തലമുറയുടെയും പഴയ തലമുറയുടെയും സംഗീത ശൈലിയെ വിളക്കിച്ചേർക്കുന്ന പാലമെന്നതു മനോഹരമായ ഒരു ആശയമാണല്ലോ. വ്യത്യസ്തമായ സംഗീത ശൈലികൾ സ്വീകരിക്കുന്ന ഒരു പരിവർത്തന ഘട്ടത്തിലാണ് മലയാള സംഗീത ശാഖ. ഇതിൽ നമ്മൾ സ്ഥിരമായി കേൾക്കുന്ന ചിലതുണ്ട്. ആർ ആൻഡ് ബി (റിഥം ആൻഡ് ബ്ലൂസ്), ഹിപ്ഹോപ്, റാപ് മ്യൂസിക് എന്നിവയെല്ലാം അതിലുൾപ്പെടും. മലയാള സമാന്തര സംഗീതത്തിലെ ജനകീയവും വ്യത്യസ്തവുമായ കുറച്ചു പാട്ടുകളെ കുറിച്ചാണ് ഇത്തവണ ചർച്ച ചെയ്യുന്നത്.
മാറ്റത്തിന്റെ ഹിപ്ഹോപ്
1970കളുടെ തുടക്കത്തിൽ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിൽനിന്ന് ഉദ്ഭവിച്ച ജനപ്രിയ സംഗീതത്തിന്റെ ഒരു വിഭാഗമാണിത്. താളാത്മകമായി വാക്കുകൾ കോർത്തിണക്കി ആളുകളോട് ഇടപഴകി അവതരിപ്പിക്കുന്ന രീതി. ഒരു മിക്സഡ് കൾട്ടായിട്ടാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നത്. സിനിമാ പാട്ടുകളിലോ സമാന്തര സംഗീതത്തിലോ ഇത്രയ്ക്കു പ്രകടനാത്മകമായ (എക്സ്പ്രസീവ്) ഒരു രീതി നമ്മൾ പരിചയപ്പെട്ടിട്ടില്ല.
ഫെജോയുടെ കൂടെത്തുള്ള്..
ഹിപ്ഹോപ് സംഗീതത്തിൽ ഏറ്റവും കൂടുതൽ പോപ്പുലർ ആയി തോന്നിയിട്ടുള്ളത് ഫെജോ എന്ന മ്യൂസിഷ്യന്റെ ‘കൂടെത്തുള്ള്’ എന്ന പാട്ടാണ്. ക്ലബ്ബുകളിൽ മാത്രമല്ല സാധാരണ ഇടങ്ങളിലും ഇതു പോപ്പുലർ ആണെന്ന് ഈയിടെയാണു മനസ്സിലായത്. ‘കൂടെത്തുള്ള് ..’ എന്ന പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് കൊച്ചിയിലെ ഒരു സ്റ്റേജിൽ വച്ചായിരുന്നു. ഒപ്പമുള്ള രണ്ടുപേരാണ് ഇതു പാടിയത്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഫെജോയെ പറ്റി അറിഞ്ഞത്. ഫെബിൻ ജോസഫ് എന്നാണ് യഥാർഥ പേര്. സാമൂഹിക– രാഷ്ട്രീയ വിഷയങ്ങൾ വാണിജ്യപരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ഫെജോയുടെ പാട്ടുകളുടെ ആകർഷണം .
തിരുമാലിയുടെ മലയാളി ഡാ..
സാങ്കേതികതയുമായി ഇണക്കി ചേർത്തു വേരുകളിലേക്കു പോകാൻ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന തലമുറയാണ് ഇപ്പോഴുള്ളത്. ഇതു പറയുമ്പോൾ തിരുമാലിയെന്ന കലാകാരന്റെ പേരാണ് മനസ്സിൽ വരുന്നത്. യുകെയിൽ തിരുമാലിക്കൊപ്പം ഒരു പ്രോഗ്രാം ഞാൻ ചെയ്തിരുന്നു. തിരുമാലിയുടെ പാട്ടുകളിൽ എനിക്ക് ഏറെ ഇഷ്ടം ‘മലയാളി ഡാ’ ആണ്. സാധാരണ മലയാളി യുവത്വത്തിന്റെ ആവശ്യങ്ങളും അഭിരുചികളും അറിയിക്കുന്നതാണ് ഈ ഗാനം. പുകവലിക്കെതിരായ സന്ദേശം നൽകുന്ന ‘ശ്വാസകോശ’മെന്ന ആദ്യത്തെ പാട്ട് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. തിരുമാലിയുടെ പല പാട്ടുകളുടെയും മ്യൂസിക് പ്രൊഡക്‌ഷൻ ചെയ്തിരിക്കുന്നത് തഡ്വൈസറാണ്. രണ്ട് ആർട്ടിസ്റ്റുകൾ തമ്മിലുള്ള സഹകരണം ഹിപ്ഹോപ് സംഗീതത്തിന് എപ്പോഴും അത്യാവശ്യമാണ്. യുവജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിലേക്കു തിരുമാലിയുടെ പാട്ടുകളെയും നമുക്കു കണക്കാക്കാം.
ഡാപ്സിയുടെ രംഗപ്രവേശം
ഇപ്പോൾ ഏറ്റവും ട്രെൻഡിങ്ങിൽ നിൽക്കുന്ന ഗായകനാണ് ഡാപ്സി. മണവാളൻ തഗ് എന്ന പാട്ടിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. വളരെ വ്യത്യസ്തമായ ശൈലിയും താളങ്ങളുമാണ് ഡാപ്‌സിയുടെ സവിശേഷത. അദ്ദേഹത്തിന്റെ എത്‌നിക് പോപ് കാറ്റഗറിയിലുള്ള പാട്ടുകളും ആകർഷകമാണ്. സ്റ്റേജ് ഷോകൾക്കും പ്രത്യേകതകൾ ഏറെയാണ്. ഹൈ വോൾട്ടേജ്, ഹൈ എനർജി, പവർഫുൾ മ്യൂസിക്കാണ് വേദികളെ ചടുലമാക്കുന്നത്. ഇല്യുമിനാറ്റി, വട്ടയപ്പം തുടങ്ങിയ ട്രെൻഡിങ്ങിൽ നിൽക്കുന്ന ഒട്ടേറെ പാട്ടുകൾ ഡാപ്സിയുടേതായുണ്ട്.
എടുത്തു പറയേണ്ട മറ്റൊരു പേരാണ് വേടൻ. വളരെ വികാരം നിറയ്ക്കുന്ന ഹിപ്ഹോപ് ശൈലിയാണ് അദ്ദേഹത്തിന്റേത്. വളരെ അപൂർവമായി മാത്രം നമ്മുടെ നാട്ടിൽ കാണുന്ന ഒരു ശൈലിയാണത്. വോയ്സ് ഓഫ് വോയ്സ്‌ലെസ് ആണ് അദ്ദേഹത്തിന്റെ മ്യൂസിക് ഹിറ്റുകളിൽ ഒന്ന്. മഞ്ഞുമ്മൽ ബോയ്സിൽ സുഷിൻ ശ്യാം സംഗീതം നൽകിയ കുതന്ത്രം എന്ന പാട്ടും ഏറെ ശ്രദ്ധേയമായി.
തക്തോം തകധിമി തോം..
ടുകെ കാലി എന്ന യുകെ ബാൻഡുമായി സഹകരിച്ചാണ് മലയാളം ഹിപ്ഹോപ് ഇൻഡസ്ട്രിയിൽ ഞാൻ ആദ്യമായി പാടുന്നത്. അഗ്നിവേശ് എന്ന ആർട്ടിസ്റ്റിന്റെ പാട്ടും പാടാനായി. ഏറ്റവും ഒടുവിൽ റിക്കോർഡ് ചെയ്തത് തക്തോം തകധിമി തോം എന്ന പാട്ടാണ്. ഈ പാട്ടിനു വേണ്ടി പുതിയ ഒരു ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ചപ്പോഴാണ് ഈ സംഗീതത്തിൽ വന്ന മാറ്റങ്ങൾ തിരിച്ചറിയാനായത്.
പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുകയെന്നത് ഒരു കലാകാരനെ സംബന്ധിച്ചു വളരെ പ്രധാനമാണ്. സഹപ്രവർത്തകരോട് ഞാൻ എപ്പോഴും ഇതു പറയാറുണ്ട്. കാലം മാറുന്നതിനനുസരിച്ച് ഉരുത്തിരിഞ്ഞു വരുന്ന സംഗീതത്തിലേക്ക് ഇറങ്ങി ചെല്ലാനും പുതിയ പാട്ടുകളിലേക്കു കൊണ്ടു പോകാനും പുതിയ പരീക്ഷണത്തിലേക്കു നയിക്കാനും മാറുന്ന കാലത്തിനനുസരിച്ചുള്ള സംരംഭങ്ങളോടു ചേർന്നു നിന്നാൽ സാധിക്കും.
ഞാൻ ചെയ്ത പാട്ടിന്റെ റിക്കോർഡിങ് നടന്നത് അയർലൻഡിൽ വച്ചാണ്. ഷോട്കട്ട് എന്ന ഒരു ഐറിഷുകാരനാണ് റിക്കോർഡിങ് കൈകാര്യം ചെയ്തത്. റെയാനും മെൽവിനുമാണ് പാട്ട് തയാറാക്കിയത്. ആ പാട്ട് യുഎസിലും യുകെയിലും വളരെ പോപ്പുലർ ആയിക്കൊണ്ടിരിക്കുകയാണ്. ഇതു വഴി സംഗീതത്തിലെ പുതിയ കൂട്ടുകെട്ടുകൾ അറിയാനും പരിചയപ്പെടാനും എനിക്കും അവസരം ലഭിച്ചു.