സിംഗപ്പൂരിൽ ഒരു മലയാളി ‘തല’; മലയാളി ‘കണ്ടുപിടിച്ച’ മീൻതലക്കറിക്ക് വൻ ഡിമാൻഡ്
Mail This Article
ചൈനീസ് വംശജരുടെ ഇഷ്ടഭക്ഷണമാണ് മീൻ. മീനിന്റെ തലയുൾപ്പെടെ അവർ മിക്ക വിഭവങ്ങളിലും ചേർക്കും. തിരുവനന്തപുരത്തുനിന്ന് 1930ൽ സിംഗപ്പൂരിലേക്കു ചേക്കേറിയ എം.ജെ.ഗോമസ് എന്ന മരിയൻ ജേക്കബ് ഗോമസ് കേരള സ്റ്റൈൽ മീൻകറിയിൽ മീൻതലയിട്ടത്, ചൈനീസ് വംശജരെ തന്റെ റസ്റ്ററന്റിലേക്ക് ആകർഷിക്കാനാണ്. സംഭവം ക്ലിക്കായെന്നു മാത്രമല്ല, ഇന്നും സിംഗപ്പൂരിന്റെ രുചിഭൂപടത്തിൽ ഈ മലയാളിയുടെ പേരും അദ്ദേഹം പകർന്ന രുചിയുമുണ്ട്.
തലക്കറി ഹിറ്റായതോടെ ചൈനീസ് ഷെഫുമാരും രുചിക്കൂട്ട് പരീക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെ മലയാളിയുടെ മീൻകറിയിൽ പരീക്ഷണം നടത്തിയ ആദ്യകാല ചൈനീസ് ഷെഫാണ് ഹൂങ് ആഹ് കോങ്. മീൻതല ആദ്യം വേവിച്ചു പിന്നീട് കറിയിൽ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഹൂങ് ആഹ് കോങ് 1951ൽ സ്ഥാപിച്ച ചിൻ വാഹ് ഹെങ് എന്ന റസ്റ്ററന്റിലാണ് ആദ്യമായി ഈ മീൻതലക്കറി വിളമ്പിയത്. ഗോമസിന്റെ രുചിക്കൂട്ടിൽനിന്നു വ്യത്യാസം വരുത്തി ചൈനീസ് രുചികൾ കൂടി പകർന്നതോടെ ചൈനീസ് വിഭവങ്ങൾക്കിടയിലും ‘ഫിഷ് ഹെഡ് കറി’ പേരെടുത്തു. മീൻതല ഇലയിൽ പൊതിഞ്ഞും കറി പ്രത്യേക കവറിലുമാണ് നൽകിയിരുന്നത്. മീൻതലക്കറിക്കു പല വകഭേദങ്ങളും പിന്നീടുണ്ടായി. എഴുപതുകളിലും എൺപതുകളിലും സിംഗപ്പൂരിലെ പല സ്റ്റാളുകളിലും ഗോമസ് ഫിഷ് ഹെഡ് കറിയെന്നും ഒറിജിനൽ ഗോമസ് കറിയെന്നും പറഞ്ഞുള്ള പരസ്യങ്ങൾ പോലുമുണ്ടായിരുന്നു.
മുഖംചുവന്ന പ്രധാനമന്ത്രി
1974ൽ ആണ് എം.ജെ.ഗോമസ് അന്തരിച്ചത്. അതിനു പത്തു വർഷം മുൻപേ, 34 വർഷം നീണ്ട തന്റെ പ്രവാസം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിലേക്കു മടങ്ങിയിരുന്നു. ഫിലോമിന സേവ്യറും ഡോ.ജോൺ ഗോമസുമാണ് മക്കൾ. ഡോ.ജോൺ ഗോമസ് (77) കൊല്ലം തങ്കശേരിയിലാണ് ഇപ്പോൾ താമസം. ‘മുത്തച്ഛന്റെ മരണശേഷം 17–ാം വയസ്സിലാണ് അച്ഛൻ സിംഗപ്പൂരിലേക്കു പോയത്. പിന്നീടു നാട്ടിലെത്തി വിവാഹം ചെയ്തു. രണ്ടാം ലോകയുദ്ധം നടക്കുന്ന കാലത്ത് അച്ഛൻ സിംഗപ്പൂരിലാണ്. കത്തുകളൊന്നും ലഭിക്കാതായപ്പോൾ അച്ഛൻ മരിച്ചെന്നുപോലും അമ്മ മറിയാമ്മ കരുതി. ഒരുദിവസം രാവിലെ അദ്ദേഹം വീടിനുമുന്നിൽ നിൽക്കുന്നു. ആദ്യം അച്ഛനെ ആരും തിരിച്ചറിഞ്ഞില്ലത്രേ. മരിച്ചുപോയെന്നു കരുതിയ ആളെ കാണാൻ നാട്ടുകാർ കൂടിയെന്നെല്ലാം അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികൾ തെല്ലൊന്നു ശാന്തമായശേഷമാണ് വീണ്ടും സിംഗപ്പൂരിലേക്കു മടങ്ങിയത്. ഞാൻ അച്ഛനൊപ്പം സിംഗപ്പൂരിലേക്കു പോകുന്നത് രണ്ടാം വയസ്സിലാണ്. 69 സോഫിയ റോഡിലായിരുന്നു അച്ഛന്റെ റസ്റ്ററന്റ്. ‘ഗോമസ് കറി’ എന്നായിരുന്നു പേര്. പിന്നീട് സെൽജി റോഡിലേക്കു കട മാറ്റി. 1949ൽ ആണ് ആദ്യമായി ഫിഷ് ഹെഡ് കറി വിളമ്പിയത്. അന്നത്തെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം കറി കഴിക്കാൻ എത്തിയിരുന്നു. സിംഗപ്പൂർ മുൻ പ്രധാനമന്ത്രി ലീ ക്വാൻ യു, തലക്കറി കഴിക്കാൻ വന്നത് ഇപ്പോഴും ഓർമയുണ്ട്. നല്ല എരിവുള്ള കറി കഴിച്ച് മുഖമെല്ലാം ചുവന്നുതുടുത്താണ് അദ്ദേഹം മടങ്ങിയത്. അവിടെത്തന്നെ ജോലി ചെയ്തിരുന്ന രണ്ടുപേരെ റസ്റ്ററന്റ് ഏൽപിച്ചാണ് അച്ഛൻ തിരികെ വന്നത്. സിംഗപ്പൂരിലെ റസ്റ്ററന്റ് ഇപ്പോഴില്ല എന്നാണ് വിവരം. ഞാനും പിന്നീട് അങ്ങോട്ടു പോയിട്ടില്ല. കറികളുടെ റെസിപ്പി എഴുതി സൂക്ഷിക്കുന്ന ശീലം അച്ഛനില്ലായിരുന്നു.’ – ഡോ. ജോൺ പറഞ്ഞു.