സല്യൂട്ട് മേജർ; കരസേനയ്ക്കായി പത്തിലേറെ സാങ്കേതിക വിദ്യകൾ വികസിപ്പിച്ച മേജർ രാജ്പ്രസാദ്
Mail This Article
അഗ്നിയസ്ത്ര; ശത്രുവിന്റെ ഒളിത്താവളത്തിലേക്കു ലക്ഷ്യംവച്ച് കരസേനയൊരുക്കുന്ന പുതിയ പ്രതിരോധം. പാലക്കാട് സ്വദേശി മേജർ രാജ്പ്രസാദിന്റെ ആശയവും രൂപകൽപനയുമാണ് ഇന്ത്യൻ സേനയുടെ അഭിമാനമായി മാറിയ ഈ നേട്ടത്തിനു പിന്നിൽ. നിരീക്ഷണ സംവിധാനമുള്ള അഗ്നിയസ്ത്രയിൽ സ്ഫോടകവസ്തുക്കൾ നിറച്ചു ശത്രുപാളയങ്ങളിലെ ബങ്കറുകളിലുൾപ്പെടെ ഇറക്കാം. പരിസരം നിരീക്ഷിച്ചു വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ സ്ഫോടനം നടത്താനുള്ള ശേഷിയുമുണ്ട്. ഒളിത്താവളങ്ങളിലേക്കു നേരിട്ടാക്രമണം നടത്തുമ്പോൾ സൈനികരുടെ ജീവഹാനിയടക്കമുള്ള പ്രത്യാഘാതങ്ങൾക്കു പരിഹാരമാണ് ഈ ആയുധം. ഐഐടി ഡൽഹിയുടെ ഭാഗമായ സ്റ്റാർട്ടപ് കമ്പനിക്കു പുതിയ സാങ്കേതികവിദ്യയുടെ നിർമാണച്ചുമതല കരസേന കൈമാറിക്കഴിഞ്ഞു.
ആർമി ഡിസൈൻ ബ്യൂറോയുടെ (എഡിബി) ഭാഗമായ മേജർ രാജ്പ്രസാദ് ചുരുങ്ങിയ കാലത്തിനിടെ പത്തിലേറെ സാങ്കേതിക വിദ്യകളാണു സൈന്യത്തിനായി വികസിപ്പിച്ചെടുത്തത്. ഇതിൽ പലതും സേന ഉപയോഗിച്ചു തുടങ്ങി. ബാക്കിയുള്ളത് ഗവേഷണ ഘട്ടങ്ങളിലാണ്.
സ്വപ്നത്തിൽ നിന്നകന്ന്
പാലക്കാട് മഞ്ഞപ്ര പോങ്ങോട് സ്വദേശിയായ മേജർ രാജ്‌പ്രസാദ് ജനിച്ചതും വളർന്നതുമെല്ലാം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലാണ്. അമ്മ ശോഭയ്ക്കു ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിലും പിതാവ് രഘുനാരായണനു തമിഴ്നാട് വൈദ്യുതി വകുപ്പിലുമായിരുന്നു ജോലി. അമ്മ വഴി സൈനികമേഖലയെക്കുറിച്ച് അറിയാമായിരുന്നെങ്കിലും സ്കൂൾകാലത്ത് അതു ജോലി സ്വപ്നങ്ങളിൽ ഇല്ലായിരുന്നുവെന്നു മേജർ രാജ്പ്രസാദ് പറയുന്നു. സിവിൽ സർവീസായിരുന്നു അന്നത്തെ ലക്ഷ്യം.
അണ്ണാ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നു ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബിടെക്കും ശേഷം പവർ സിസ്റ്റം എൻജിനീയറിങ്ങിൽ എംടെക്കും നേടി. എംബിഎ അല്ലെങ്കിൽ പിഎച്ച്ഡി എന്നിങ്ങനെ ആലോചനയുടെ ഘട്ടത്തിലാണു യുപിഎസ്‌സിയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാൻ തീരുമാനിച്ചത്. ഇതിലൂടെയാണ് കരസേനയിലേക്ക് എൻജിനീയർമാരെ എടുക്കുന്നത്. 2014ൽ പരീക്ഷയെഴുതി വിജയിച്ചു. 7 എൻജിനീയറിങ് റെജിമെന്റിന്റെ ഭാഗമായി ആയിരുന്നു ആദ്യ നിയമനം. മദ്രാസ് സാപ്പേഴ്സിനൊപ്പം യൂണിറ്റിലേക്കു നിയോഗിക്കപ്പെട്ടു. ആദ്യ പോസ്റ്റിങ്ങിനു ശേഷം പുണെ കോളജ് ഓഫ് മിലിറ്ററി എൻജിനീയറിങ്ങിൽ (സിഎംഇ) യങ് ഓഫിസേഴ്സ് കോഴ്സിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടു.
സാങ്കേതിക മികവിലേക്ക്
നിലവിൽ ആർമി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ എന്തൊക്കെയാണ്, സേവനം ആവശ്യമുള്ളത് ഏതെല്ലാം മേഖലയിലാണ് എന്നെല്ലാം മനസ്സിലാക്കുന്നതും തനിക്കെന്തു ചെയ്യാൻ കഴിയുമെന്നു തിരിച്ചറിയുന്നതും പുണെയിൽ നിന്നാണെന്നു രാജ്‌പ്രസാദ് പറയുന്നു. ആ ഘട്ടത്തിലാണു ചില ചെറിയ പ്രോജക്ടുകൾ ആരംഭിക്കുന്നത്. പണം എവിടെ നിന്നു ലഭിക്കുമെന്നോ, എങ്ങനെ വികസിപ്പിക്കുമെന്നോ ഒന്നും അറിയാത്ത ഘട്ടം. അപ്പോൾ കരുത്തു പകർന്നത് കേന്ദ്രത്തിലെ കമൻഡാന്റ് ലഫ്. ജനറൽ മൈക്കിൾ മാത്യൂസാണ്. കോഴ്സിനു ശേഷം അദ്ദേഹം സിഎംഇയിലേക്ക് അറ്റാച്ച് ചെയ്തു.
വയർലെസ് ഇലക്ട്രോണിക് ഡിറ്റനേഷൻ സർക്കീറ്റ് എന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത് അവിടെ വച്ചാണ്. മുൻപു യുദ്ധമേഖയിൽ ബോംബ് പൊട്ടിച്ചിരുന്നതു സൈനികർ തന്നെയാണ്. പല അപകടങ്ങൾക്കും അതു കാരണമാകുമായിരുന്നു. 400 മീറ്റർ വരെയായിരുന്നു റേഞ്ച്. ഇതിനു പകരം ആദ്യം മെക്കാനിക്കൽ സംവിധാനവും പിന്നീടു ഡിജിറ്റൽ സംവിധാനവുമാണു വികസിപ്പിച്ചത്. ഇത് ആർമിയുടെ ഭാഗമായിക്കഴിഞ്ഞു. 2.5 കിലോമീറ്ററാണ് ഇപ്പോഴത്തെ ദൈർഘ്യം.
വിദ്യുത് രക്ഷക് ആണു പിന്നാലെയെത്തിയത്. ജനറേറ്ററുകൾ കൈകാര്യം ചെയ്യാൻ സൈനികരെ നിയോഗിക്കുന്നതു യുദ്ധസാഹചര്യങ്ങളിൽ കടുത്ത വെല്ലുവിളിയാണ്. റഷ്യ–യുക്രെയ്ൻ യുദ്ധ സമയത്ത് വൈദ്യുതി ജനറേറ്ററുകൾക്കു നേരെയായിരുന്നു ആദ്യ ആക്രമണം. ജനറേറ്ററിനൊപ്പം ഘടിപ്പിക്കുന്ന വിദ്യുത് രക്ഷക്കിലൂടെ വിദൂരത്തു നിന്നു ഇവ പരിശോധിക്കാനും നിയന്ത്രിക്കാനുമെല്ലാം സാധിക്കും. വിദ്യുത് രക്ഷക്കിന്റെ സാങ്കേതിക വിദ്യ സ്റ്റാർട്ടപ് കമ്പനികൾക്കു കൈമാറി പ്രൊഡക്‌ഷൻ നിലയിലേക്ക് എത്തിക്കഴിഞ്ഞു.
കുഴിയിൽ ‘എഐ ബോംബ്’
നെറ്റ്്‌വർക് കമാൻഡ് മൈൻ സിസ്റ്റം (എൻസിഎംഎസ്) എന്ന സംവിധാനമാണു മറ്റൊരു കണ്ടെത്തൽ. യുദ്ധമേഖലകളിലും അതിർത്തിപ്രദേശങ്ങളിലുമെല്ലാം ശത്രുക്കളെ തുരത്താൻ ഭൂമിക്കടിയിൽ കുഴിബോംബുകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ പ്രദേശത്തെ താമസക്കാരും സൈനിക വാഹനങ്ങളുമെല്ലാം അബദ്ധത്തിൽ ഇതിൽപ്പെട്ട് അപകടങ്ങളുണ്ടാകുന്നതു പതിവാണ്. ഇതെല്ലാം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ സംവിധാനം തയാറാക്കിയത്. മൈൻ ഫീൽഡിൽ എത്തിയ ആളുകളെ തിരിച്ചറിഞ്ഞു ആക്ടീവ് ആകുന്നതാണ് എൻസിഎംഎസ്. ആർട്ടിഫിഷൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയാണ് ഇതു തയാറാക്കിയിരിക്കുന്നത്.
ഏതു തരം വഴിയിലൂടെയും യാത്ര ചെയ്യാൻ സാധിക്കുന്ന എക്സ്പോഡർ എന്ന ആളില്ലാ ചെറു വാഹനവും രാജ്പ്രസാദിന്റെ കണ്ടുപിടിത്തമായുണ്ട്. സ്ഫോടകവസ്തുക്കൾ എത്തിക്കാനും ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) നിർവീര്യമാക്കാനുമെല്ലാം ഇതിലൂടെ സാധിക്കും. സൈനികർ നേരിട്ടെത്തി ഐഇഡി പരിശോധിക്കുന്നത് ഇതോടെ ഒഴിവാക്കാമെന്നാണു പ്രതീക്ഷ.
സോളർ പാനലുകൾ ശുചീകരിക്കാനുള്ള സംവിധാനം, സേനയിലെ ജിപ്സികൾ വൈദ്യുത വാഹനങ്ങളാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ പദ്ധതികൾ പല ഘട്ടങ്ങളിലെത്തി നിൽക്കുന്നു. ‘പുത്തൻ കണ്ടുപിടിത്തങ്ങളും പ്രവർത്തനരീതിയും കണ്ട് ഏറെപ്പേർ ഇപ്പോൾ റിസർച് ആൻഡ‍് ഡവലപ്മെന്റിലേക്കു വരുന്നുണ്ട്. ഗവേഷണങ്ങൾക്കായി സമയം മാറ്റിവയ്ക്കാൻ കഴിയും എന്നുറപ്പുള്ളവരാണ് ഈ മേഖല തിരഞ്ഞെടുക്കേണ്ടത്’ മേജർ രാജ്പ്രസാദ് പറയുന്നു. ഭാര്യ, സൈക്യാട്രിയിൽ എംഡി പൂർത്തിയാക്കിയ ഡോ.ജെ.ആതിര ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളാണു തന്റെ കരുത്തെന്നും ഇദ്ദേഹത്തിന്റെ വാക്കുകൾ.