നടൻ മാക്സ് വോൺ സിഡോ അന്തരിച്ചു
Mail This Article
പാരിസ് ∙ ഉയരവും പരുക്കൻ ശബ്ദവും കൊണ്ട് സിനിമ ആസ്വാദകരെ വിസ്മയിപ്പിച്ച നടൻ മാക്സ് വോൺ സിഡോ (90) അന്തരിച്ചു. ബെർഗ്‌മാന്റെ വിഖ്യാത ചിത്രം ‘ദ സെവൻത് സീലിൽ’ മരണവുമായി ചെസ് കളിച്ച ആന്റോണിയസ് ബ്ലോക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സിഡോ പ്രശസ്തി നേടിയത്. 65 വർഷം നീണ്ട അഭിനയജീവിതത്തിൽ അദ്ദേഹം ഹോളിവുഡ്, യൂറോപ്യൻ സിനിമകൾക്ക് ശ്രദ്ധേയ സംഭാവനകൾ നൽകി.
സ്വീഡൻകാരനായ സിഡോ, സ്റ്റോക്കോമിലെ റോയൽ ഡ്രമാറ്റിക് തീയറ്ററിലൂടെയാണു അഭിനയജീവിതത്തിലേക്കു കടന്നത്. 1949 ൽ പുറത്തിറങ്ങിയ ‘ഓൺലി എ മദർ’ ആദ്യചിത്രം. ഇംഗ്മർ ബെർഗ്മാനെ തന്റെ ഗുരുവായിക്കണ്ട സിഡോ അദ്ദേഹവുമൊത്ത് 11 ചിത്രങ്ങൾ ചെയ്തു. വൈൽഡ് സ്ട്രോബറീസ്, ത്രൂ എ ഗ്ലാസ് ഡാർക്‌ലി, വിന്റർ ലൈറ്റ്, ഷെയിം തുടങ്ങിയവ ഇവയിൽ ചിലതാണ്.
1973 ൽ ‘ദി എക്സോർസിസ്റ്റ്’ എന്ന ചിത്രത്തിലൂടെ സിഡോ ഹോളിവുഡിൽ സ്ഥാനമുറപ്പിച്ചു. 1980 ൽ പുറത്തിറങ്ങിയ ഫ്ലാഷ് ഗോർഡൻ എന്ന കൾട്ട് സൂപ്പർഹീറോ ചിത്രത്തിലെ മിങ് എന്ന കഥാപാത്രവും ശ്രദ്ധ നേടി. അടുത്തിടെ ഗെയിം ഓഫ് ത്രോൺസ് ടിവി പരമ്പരയിലും അഭിനയിച്ചു.
English summary: Max Von Sydow dies