പാക്ക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം; ഒരു മരണം
Mail This Article
ഇസ്‌ലാമാബാദ് ∙ ഗോതമ്പുപൊടിക്കും വൈദ്യുതിക്കും വിലവർധിപ്പിച്ചതിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായി. വെടിവയ്പിൽ ഒരു പൊലീസ് ഓഫിസർ കൊല്ലപ്പെട്ടു. നൂറോളം പേർക്കു പരുക്കേറ്റു. ഇതിലേറെയും പൊലീസുകാരാണ്. കടകളടച്ചും വാഹനങ്ങൾ തടഞ്ഞും ശനിയാഴ്ച നടത്തിയ പ്രതിഷേധത്തിനിടെ കോട്‌ലി, പൂഞ്ച് ജില്ലകളിൽനിന്ന് മുസഫറാബാദിലേക്ക് സംയുക്ത അവാമി ആക്‌ഷൻ കമ്മിറ്റി (ജെഎഎസി)യുടെ നേതൃത്വത്തിൽ നടത്തിയ റാലി പൊലീസ് തടഞ്ഞതാണു സംഘർഷത്തിൽ കലാശിച്ചത്. സബ് ഇൻസ്പെക്ടർ അദ്നൻ ഖുറേഷിയാണ് മരിച്ചത്.
ഇതോടെ പിഒകെയിലെ എല്ലാ ജില്ലകളിലും പൊതുയോഗങ്ങളും റാലികളും ഘോഷയാത്രകളും നിരോധിച്ചു. ഇന്റർനെറ്റും റദ്ദാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ഇന്ന് അടിയന്തര യോഗം വിളിച്ചു. സമരക്കാരുമായി ചർച്ചകൾക്കു തയാറാണെന്ന് പിഒകെ ധനമന്ത്രി അബ്ദുൽ മജീദ് ഖാൻ അറിയിച്ചു. മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക, ഗോതമ്പുപൊടിക്ക് സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരത്തിന്റെ മുൻനിരയിൽ പ്രധാനമായും വ്യാപാരികളാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമരക്കാരെ അറസ്റ്റ് ചെയ്യുകയും വീടുകളിൽ റെയ്ഡ് നടത്തുകയും ചെയ്തത് സംഘർഷം വർധിക്കാനിടയാക്കി.
മുസഫറാബാദിലേക്കു റാലി പ്രവേശിക്കാതിരിക്കാൻ അധികൃതർ മണ്ണിട്ടുതടഞ്ഞു. പ്രക്ഷോഭകർ കല്ലും കുപ്പിയും വലിച്ചെറിഞ്ഞതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കോട്‌ലിയിൽ 78 പൊലീസുകാർക്കും റഹാൻ ഗല്ലിയിൽ 59 പൊലീസുകാർക്കും സെഹ്ൻസ ബറോയനിൽ 19 പൊലീസുകാർക്കും പരുക്കേറ്റു. 29 പ്രക്ഷോഭകർക്കും പരുക്കേറ്റിട്ടുണ്ട്.