ഗാസയിൽ ആക്രമണം രൂക്ഷം: 40 പലസ്തീൻകാർ കൊല്ലപ്പെട്ടു
Mail This Article
ജറുസലം ∙ തെക്കൻ ഗാസയിലെ റഫയിലും വടക്കൻ ഗാസയിലെ ജബാലിയയിലും തുടരുന്ന ശക്തമായ ഇസ്രയേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 40 പലസ്തീൻകാർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ പട്ടണത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ പലസ്തീൻ സായുധപ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദിന്റെ കമാൻഡർ ഇസ്‌ലാം ഖമയസേഹ് കൊല്ലപ്പെട്ടു. ഖമയസേഹ് താമസിച്ചിരുന്ന കെട്ടിടത്തിനുനേരെയാണു മിസൈൽ ആക്രമണമുണ്ടായത്.
വടക്കൻ ഗാസയിലെ കമൽ അഡ്‌വാൻ ഹോസ്പിറ്റലിനു സമീപം പാർപ്പിടസമുച്ചയത്തിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 22 പേരും ജബാലിയയിൽ അൽ ഫലൂജ മേഖലയിൽ വെള്ളമെടുക്കാൻ പോയവർക്കുനേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 8 പേരും കൊല്ലപ്പെട്ടു. യുദ്ധം രൂക്ഷമായതോടെ റഫയിൽനിന്ന് 6.30 ലക്ഷം പേരും വടക്കൻ ഗാസയിൽനിന്ന് ഒരു ലക്ഷം പേരും പലായനം ചെയ്തു.
അതിനിടെ, ചെങ്കടലിൽ യെമൻ തീരത്തു പാനമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറിനുനേരെ ഹൂതികൾ മിസൈലാക്രമണം നടത്തി. കപ്പലിൽ ചെറിയ തീപിടിത്തമുണ്ടായെങ്കിലും അണച്ചു. റഫയിലെ ഇസ്രയേൽ ആക്രമണം തടയണമെന്നാവശ്യപ്പെട്ടു ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ ഹേഗിലെ യുഎൻ കോടതിയിൽ വാദം പൂർത്തിയാക്കി. യുഎന്നിന്റെ പലസ്തീൻ അഭയാർഥി സംഘടനയ്ക്ക് (യുഎൻആർഡബ്ല്യുഎ) ഏർപ്പെടുത്തിയ വിലക്ക് ഓസ്ട്രിയ പിൻവലിച്ചു.