അമെൻഹോടെപ് മൂന്നാമന്റെ മുഖം പുനഃസൃഷ്ടിച്ചു
Mail This Article
കയ്റോ ∙ ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ ധനികരിൽ ഒരാളും ഈജിപ്തിലെ ശക്തനായ ഫറവോയുമായിരുന്ന അമെൻഹോടെപ് മൂന്നാമന്റെ മുഖം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചു. ഈജിപ്തിൽ നിന്നു കണ്ടെത്തിയ മമ്മിയിലൂടെ ലോകപ്രശസ്തനായ ഫറവോ തുത്തൻഖാമന്റെ മുത്തച്ഛനാണ് ഇദ്ദേഹം.156 സെന്റിമീറ്റർ പൊക്കവും അമിതവണ്ണവും കഷണ്ടിയുമുള്ളയാളായിരുന്നു അമെൻഹോടെപ് മൂന്നാമനെന്ന് ഗവേഷകർ വിലയിരുത്തുന്നു.
ചരിത്ര വ്യക്തിത്വങ്ങളുടെ രൂപങ്ങൾ കംപ്യൂട്ടർ ഗ്രാഫിക്സ് സാങ്കേതികവിദ്യയിലൂടെ തയാറാക്കുന്നതിൽ വിദഗ്ധനായ സിസെറോ മോറിസാണ് ഗവേഷണത്തിനു നേതൃത്വം വഹിച്ചത്. ശാസ്ത്രജ്ഞരുടെ സഹായത്തോടെ മമ്മിയിൽ പഠനം നടത്തിയാണ് മുഖം പുനഃസൃഷ്ടിച്ചത്.
ബിസി 1386 ൽ 12–ാം വയസ്സിലാണ് അമെൻഹോടെപ് മൂന്നാമൻ അധികാരമേറ്റത്. ഈജിപ്തിലെ 18–ാം രാജവംശത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ടിയി എന്ന റാണിയായിരുന്നു പ്രധാനഭാര്യ.
ഈജിപ്ഷ്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളായ അമെൻഹോടെപ് മൂന്നാമൻ രാജ്യത്തെ സാമ്പത്തികമായും സാംസ്കാരികമായും ഉന്നതിയിലെത്തിച്ചു. അദ്ദേഹത്തിന്റെ സാമ്രാജ്യം ആഫ്രിക്കയിലെ സുഡാൻ മുതൽ ഇറാഖിലെ യൂഫ്രട്ടീസ് നദിക്കര വരെ പരന്നു കിടന്നു.
അമേൻഹോടെപ് മൂന്നാമൻ പണികഴിപ്പിച്ച വിഖ്യാതമായ സുവർണനഗരം ഇടയ്ക്ക് കണ്ടെത്തിയിരുന്നു. അനേകം പ്രതിമകൾ അദ്ദേഹത്തിന്റേതായുണ്ട്. ലൂക്സർ, മെംഫിസ്, എൽകാബ്, അർമാന്റ്, തീബ്സ് തുടങ്ങിയ പ്രാചീന ഈജിപ്ഷ്യൻ ചരിത്രകേന്ദ്രങ്ങളിൽ പ്രശസ്ത ദേവാലയങ്ങൾ അദ്ദേഹം പണി കഴിപ്പിച്ചു. മെംമ്‌നോണിലെ അദ്ഭുത പ്രതിമകൾ നിർമിച്ചതും അദ്ദേഹമാണ്.