ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വീണ്ടും മത്സരിക്കാൻ നിജാദ്
Mail This Article
ടെഹ്റാൻ ∙ ഇറാനിൽ 28നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദ് (85) രംഗത്ത്. ഉന്നതസമിതിയായ ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചാൽ അദ്ദേഹം സ്ഥാനാർഥിയാകും. 11ന് ഗാർഡിയൻ കൗൺസിൽ യോഗ്യരായ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
കടുത്ത യാഥാസ്ഥിതികനായ നിജാദ് 2005 മുതൽ 2013 വരെ ഇറാൻ പ്രസിഡന്റായിരുന്നു. തുടർച്ചയായി രണ്ടുവട്ടം പ്രസിഡന്റായിരുന്ന അദ്ദേഹം 2021ൽ മത്സരിക്കാൻ രംഗത്തിറങ്ങിയെങ്കിലും ഗാർഡിയൻ കൗൺസിൽ വിലക്കി. വിട്ടുവീഴ്ചയില്ലാത്ത ആണവപദ്ധതിയുടെ പേരിൽ ഇറാനും യുഎസും തമ്മിലുള്ള ഭിന്നത രൂക്ഷമായത് നിജാദിന്റെ കാലത്താണ്.
2009ൽ നിജാദ് രണ്ടാം തവണ പ്രസിഡന്റായപ്പോൾ ഗ്രീൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ രാജ്യമെങ്ങും നടന്ന പ്രക്ഷോഭം സർക്കാർ ഉരുക്കുമുഷ്ടിയുപയോഗിച്ച് അടിച്ചമർത്തി. എങ്കിലും ഭരണകാലത്തു പാവങ്ങൾക്കായി നടപ്പാക്കിയ ഭവനപദ്ധതിയും മറ്റും അദ്ദേഹത്തെ ജനകീയനാക്കി. സ്വന്തം മന്ത്രിസഭയിലെ രണ്ടു വൈസ് പ്രസിഡന്റുമാർ ഉൾപ്പെടെ അഴിമതിക്കു ജയിലിലായെങ്കിലും അഴിമതിക്കെതിരെ നടത്തുന്ന രൂക്ഷവിമർശനങ്ങളും ജനപ്രിയത കൂട്ടുന്നു.