ചന്ദ്രന്റെ അങ്ങേയറ്റത്ത് വീണ്ടും ചൈനയുടെ പേടകം; മണ്ണ് ശേഖരിക്കുക ലക്ഷ്യം
Mail This Article
ബെയ്ജിങ് ∙ ചന്ദ്രന്റെ ഭൂമിയിൽ നിന്നു കാണാൻ കഴിയാത്ത വിദൂരവശത്ത് (ഫാർസൈഡ്) വീണ്ടും ചൈന ബഹിരാകാശ പേടകമിറക്കി. ചാങ്ഇ–6 എന്ന ദൗത്യം ഓർബിറ്റർ, ലാൻഡർ, റിട്ടേണർ, അസൻഡർ എന്നിങ്ങനെ നാലു ഭാഗങ്ങളടങ്ങിയതാണ്. ഇന്നലെ പുലർച്ചെ ആറരയ്ക്കാണ് വിദൂരവശത്തെ അപ്പോളോ ബേസിൻ എന്നയിടത്ത് പേടകം ഇറങ്ങിയത്.
ചൈനയുടെ ചാന്ദ്രദൗത്യ പരമ്പരയുടെ പേരാണ് ചാങ്ഇ. 2019ൽ ഇതിലെ നാലാം ദൗത്യത്തിൽ (ചാങ്ഇ4) വിദൂരവശത്ത് ആദ്യമായി ഇറങ്ങി. 2020ൽ വിക്ഷേപിച്ച ചാങ്ഇ 5 ചന്ദ്രന്റെ കാണാവുന്ന വശത്തുനിന്നു (നിയർസൈഡ്) മണ്ണു ശേഖരിച്ചു കൊണ്ടുവന്നിരുന്നു. ചന്ദ്രന്റെ വിദൂരവശത്തുനിന്നു മണ്ണെടുക്കാനാണു ചാങ്ഇ6 ലക്ഷ്യമിടുന്നത്. ഇതു വിജയിച്ചാൽ ചരിത്രത്തിലെ ആദ്യനേട്ടമാകും. മേയ് 3ന് ആയിരുന്നു വിക്ഷേപണം. പാക്കിസ്ഥാൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഉപഗ്രഹങ്ങളും ചാങ്ഇ–6 വഹിക്കുന്നു.