അടിയന്തര വെടിനിർത്തൽ: യുഎസ് പദ്ധതിയോട് യോജിപ്പെന്ന് ഇസ്രയേൽ; ഒത്തുതീർപ്പുപദ്ധതി ലഭിച്ചിട്ടില്ലെന്ന് ഹമാസ്
Mail This Article
ജറുസലം ∙ ഗാസയിൽ അടിയന്തര വെടിനിർത്തലിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച പദ്ധതി ‘മെച്ചമല്ലെങ്കിലും അംഗീകരിക്കും’ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഒഫിൽ ഫാക് പറഞ്ഞു. ബന്ദികളെ എല്ലാവരെയും മോചിപ്പിക്കണമെന്നതിനാലാണു പദ്ധതി പരിഗണിക്കുന്നത്.
അതേസമയം ഹമാസിനെ ഇല്ലാതാക്കാതെ അന്തിമ വെടിനിർത്തൽ ഉണ്ടാകില്ലെന്ന നിലപാട് ഇസ്രയേൽ ആവർത്തിച്ചു. 6 ആഴ്ചത്തെ വെടിനിർത്തൽ, അതു സ്ഥിരമാക്കി മാറ്റൽ, രാജ്യാന്തര സഹായത്തോടെ ഗാസ പുനർനിർമാണം എന്നിങ്ങനെ 3 ഘട്ടങ്ങളായുള്ള പദ്ധതിയാണ് 31ന് ബൈഡൻ മുന്നോട്ടുവച്ചത്.
അതേസമയം ഇസ്രയേലിൽനിന്നുള്ള ഒത്തുതീർപ്പ് പദ്ധതി ലഭിച്ചിട്ടില്ലെന്നു ഹമാസ് വ്യക്തമാക്കി. മുൻപ് പലവട്ടവും സമാനമായ വെടിനിർത്തൽ പദ്ധതികൾ ബൈഡൻ അവതരിപ്പിച്ചെങ്കിലും ഒന്നും ഇസ്രയേൽ അംഗീകരിച്ചിട്ടില്ല.
അതേസമയം യുഎ സ് വെടിനിർത്തൽ പദ്ധതിയെപ്പറ്റി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും അബുദാബിയിൽ ചർച്ച നടത്തി. വെടിനിർത്തൽ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയുണ്ടാകുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. യുഎൻ പലസ്തീൻ അഭയാർഥി ഏജൻസിയെ (യുഎൻആർഡബ്ല്യൂഎ) ‘ഭീകരസംഘടന’യെന്നു മുദ്ര കുത്തിയ ഇസ്രയേൽ നിലപാടിനെ ഖത്തർ അപലപിച്ചു.
അതിനിടെ, ഇസ്രയേൽ സൈന്യം പിൻവാങ്ങിയ ജബാലിയ അഭയാർഥി ക്യാംപിൽ നിന്ന് 50 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അധിനിവേശ വെസ്റ്റ് ബാങ്കിൽ 16, 17 വയസ്സുകാരായ 2 പലസ്തീൻ ചെറുപ്പക്കാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36,439 ആയി.