ഇസ്മായിൽ കദാരെ അന്തരിച്ചു; ലോകപ്രശസ്ത അൽബേനിയൻ നോവലിസ്റ്റ്
Mail This Article
ടിരാനാ ∙ വിശ്രുത അൽബേനിയൻ നോവലിസ്റ്റ് ഇസ്മായിൽ കദാരെ (88) അന്തരിച്ചു. ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന കൃതികൾക്കു നൽകുന്ന ഇന്റർനാഷനൽ ബുക്കർ പ്രൈസ് പ്രഥമ ജേതാവാണ് (2005). ദീർഘകാലം സാഹിത്യ നൊബേൽ സമ്മാനത്തിന്റെ ഊഹപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
6 ദശകം നീണ്ട സാഹിത്യജീവിതത്തിൽ ബാൾക്കൻ മേഖലയുടെ ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്നതും മനഃശാസ്ത്രപരമായ ആഴമുള്ളതുമായ കൃതികളെഴുതി. അൽബേനിയ കമ്യൂണിസ്റ്റ് സ്വേച്ഛാധികാരത്തിനു കീഴിലായിരുന്ന കാലത്തു പ്രസിദ്ധീകരിച്ച ‘ദ് ജനറൽ ഓഫ് ദ് ഡെഡ് ആർമി’ (1962) യുടെ ഇംഗ്ലിഷ് പരിഭാഷ (1970) യാണു കദാരെയെ ലോകപ്രശസ്തനാക്കിയത്.
ഏകാധിപത്യ ഭരണകൂടവുമായി ഒത്തുപോയെന്ന ആക്ഷേപം നേരിട്ടെങ്കിലും ‘ദ് പാലസ് ഓഫ് ഡ്രീംസ്’ (1981) പോലെയുള്ള കൃതികളിലൂടെ സ്വേഛാധികാരത്തെ വിമർശിച്ചു. കമ്യൂണിസ്റ്റ് ഭരണം തകരുന്നതിന് ഏതാനും മാസം മുൻപ് 1990 ൽ കദാരെ ഫ്രാൻസിലേക്കു കുടിയേറി. ദീർഘകാല പാരിസ് വാസത്തിനുശേഷം സമീപകാലത്താണു നാട്ടിലേക്കു മടങ്ങിയെത്തിയത്.
നോവൽ, നാടകം, തിരക്കഥ, ലേഖനം, കഥ എന്നിങ്ങനെ എൺപതിലേറെ കൃതികൾ അൽബേനിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ചു. മലയാളം അടക്കം 45 ലോകഭാഷകളിലേക്കും വിവർത്തനം ചെയ്തു. മറ്റ് പ്രധാന കൃതികൾ: ദ് ഗ്രേറ്റ് വിന്റർ, ക്രോണിക്കിൾസ് ഇൻ സ്റ്റോൺ, ദ് ത്രീ ആർച്ഡ് ബ്രിജ്, അഗമെന്നൻസ് ഡോട്ടർ, ദ് പിരമിഡ്, എ ഡിക്ടേറ്റർ കോൾസ്. കഴിഞ്ഞ വർഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അൽബേനിയ സന്ദർശിച്ചപ്പോൾ ഫ്രാൻസിന്റെ ഉന്നത ബഹുമതി നൽകി ആദരിച്ചു.