ADVERTISEMENT

ജറുസലം ∙ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഫിഷയുടെ ഡയറക്ടർ മുഹമ്മദ് അബു സൽമിയ അടക്കം 55 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. വിചാരണയോ കുറ്റപത്രമോ ഇല്ലാതെ 7 മാസം തടവിൽ വച്ചശേഷമാണു വിട്ടയച്ചത്. ഹമാസ് താവളമായി അൽ ഷിഫ ആശുപത്രി ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു ഡോ. സൽമിയയെ സൈന്യം അറസ്റ്റ് ചെയ്തത്. തടവിൽ ക്രൂരമായ പീഡനമേറ്റതായി മോചിതരായവർ പറഞ്ഞു. 

ഇസ്രയേലിലെ ജയിലിൽ പലസ്തീൻ തടവുകാരുടെ എണ്ണം കൂടിയതോടെ സ്ഥലമില്ലാത്തതുമൂലമാണു മോചനമെന്നാണു സൂചന. ഡോ. സൽമിയ അടക്കമുള്ളവർക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ തെളിയിക്കാനും ഇസ്രയേലിനു കഴിഞ്ഞിട്ടില്ല. തടവിൽ രാവും പകലും പീഡനങ്ങൾക്ക് ഇരയായെന്നു ഡോ. സൽമിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജയിൽ ഗാർഡുമാർ തന്റെ വിരലുകളൊടിച്ചു. ലാത്തി വച്ച് അടിച്ചു തലപൊട്ടിച്ചു. നായ്ക്കളെക്കൊണ്ടു കടിപ്പിച്ചു– അദ്ദേഹം പറഞ്ഞു. 

നവംബറിലാണു ഇസ്രയേൽ സൈന്യം അൽ ഷിഫ ആശുപത്രി സമുച്ചയം ആക്രമിച്ചത്. ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഏജൻസിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽനിന്ന് ഒഴിപ്പിച്ച രോഗികളുമായി പോകുമ്പോൾ നവംബർ 22നു ഡോ. സൽമിയ അറസ്റ്റിലായി. 

അതേസമയം, തെക്കൻ ഗാസയിലെ റഫയിലും മധ്യഗാസയിലെ ഷെജയ്യയിലും ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ രൂക്ഷമായ തെരുവുയുദ്ധം തുടരുകയാണ്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 37,900 പേർ കൊല്ലപ്പെട്ടു. 80,060 പേർക്കു പരുക്കേറ്റു. അധിനിവേശ വെസ്റ്റ്ബാങ്കിലെ 5 കുടിയേറ്റമേഖലകൾ നിയമവിധേയമാക്കാൻ ഇസ്രയേൽ സർക്കാർ തീരുമാനിച്ചതിനെതിരായ പലസ്തീൻപ്രതിഷേധവും ശക്തമായിട്ടുണ്ട്. 

തെക്കൻ ഗാസയിൽനിന്നു പലസ്തീൻ ഇസ്‌ലാമിക് ജിഹാദ്, ഇസ്രയേൽ അതിർത്തിമേഖലകളിലേക്ക് ഇരുപതിലേറെ റോക്കറ്റുകൾ തൊടുത്തു. തിരിച്ചടിയായി ഖാൻ യൂനിസിൽ ആക്രമണമുണ്ടാകുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പു നൽകി. 

ഹിസ്ബുല്ലയുമായി സംഘർഷമുള്ള ലബനൻ അതിർത്തിയോടു ചേർന്ന അധിനിവേശ ഗോലാൻ കുന്നിൽ ഡ്രോൺ ആക്രമണത്തിൽ 18 ഇസ്രയേൽ സൈനികർക്കു പരുക്കേറ്റു. അതിനിടെ, യൂറോപ്പിലെ അമേരിക്കൻ സൈനികത്താവളങ്ങളിൽ യുഎസ് സൈന്യം അതീവ ജാഗ്രതാ നിർദേശം നൽകി. ആക്രമണഭീഷണി ശക്തമായതാണു കാരണം. 

English Summary:

Fifty five Palestinian prisoners released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com