ഞാൻ ഷൂസിടട്ടെന്ന് ട്രംപ്..., സർ, നമുക്ക് നീങ്ങാം...; നാടകീയ നിമിഷങ്ങൾ
Mail This Article
വെടിശബ്ദം മുഴങ്ങിയപ്പോഴേക്കും പ്രസംഗം നിർത്തി നിലത്തു കുനിഞ്ഞിരുന്ന ഡോണൾഡ് ട്രംപിനെ വനിതകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പൊതിഞ്ഞു. ട്രംപിനെ എത്രയും പെട്ടെന്നു വാഹനത്തിൽ കയറ്റാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം.
‘ഒന്നു നിൽക്കൂ’ എന്നു പറഞ്ഞ ട്രംപ് ഊരിപ്പോയ ഷൂസ് നേരെയാക്കി. ‘സർ, നമുക്കു നീങ്ങാം’ എന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടായിരുന്നു. ജനക്കൂട്ടത്തെ നോക്കി മുഷ്ടി ചുരുട്ടി ‘ഫൈറ്റ്’ എന്നു പറഞ്ഞതും ‘യുഎസ്എ, യുഎസ്എ..’ എന്ന് അവർ ഏറ്റുവിളിച്ചുകൊണ്ടിരുന്നു.
ഐക്യദാർഢ്യവുമായി ലോകനേതാക്കൾ
രാഷ്ട്രീയ അക്രമങ്ങൾക്ക് സമൂഹത്തിൽ ഒരു സ്ഥാനവുമില്ലെന്നും ട്രംപിനും കുടുംബത്തിനും ക്ഷേമം നേരുന്നെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു. വെടിവയ്പ് വലിയ വിഷമമുണ്ടാക്കുന്നതാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. ജനാധിപത്യത്തിനു നേരെയുള്ള ഏത് അക്രമത്തെയും ചെറുക്കണമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ആവശ്യപ്പെട്ടു. ട്രംപിനായി പ്രാർഥിക്കുന്നുവെന്നും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മക്രോ പറഞ്ഞു.