ADVERTISEMENT

ജറുസലം ∙ മധ്യഗാസയിൽ ബോംബാക്രമണം തുടരുന്നതിനിടെ റഫയുടെ തെക്കൻ മേഖലയിലേക്കും ഇസ്രയേൽ സൈനികനടപടി വ്യാപിപ്പിച്ചു. 24 മണിക്കൂറിനിടെ ഗാസയിൽ 81 പലസ്തീൻകാർ കൊല്ലപ്പെട്ടു. 198 പേർക്കു പരുക്കേറ്റു. യുഎൻ അഭയകേന്ദ്രങ്ങളായ 8 സ്കൂളുകളിൽ കഴിഞ്ഞ 10 ദിവസത്തിനിടെ ബോംബിട്ടതായി യുഎൻ പലസ്തീൻ അഭയാർഥി സംഘടന (യുഎൻആർഡബ്ല്യൂഎ) അറിയിച്ചു.

9 മാസം പിന്നിട്ട യുദ്ധത്തിൽ യുഎൻആർഡബ്ല്യൂഎയുടെ 70 % സ്കൂളുകളും ബോംബിട്ടു തകർത്തു; 539 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 38,794 പലസ്തീൻകാർ കൊല്ലപ്പെട്ടു. 89,364 പേർക്കു പരുക്കേറ്റു. അതിനിടെ, 13 പലസ്തീൻ തടവുകാരെ കൂടി മോചിപ്പിച്ചു. തടവിൽ ക്രൂരമർദനമാണു നേരിടുന്നതെന്നു തടവുകാരുടെ സംഘടന പറഞ്ഞു. ലബനിലെ ജനങ്ങൾക്കുനേരെയുള്ള ആക്രമണം തുടർന്നാൽ ഇസ്രയേലിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസൻ നസ്‌റല്ല മുന്നറിയിപ്പു നൽകി.

ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ നടത്തിയ കടന്നാക്രമണത്തിൽ ഹമാസ് യുദ്ധക്കുറ്റങ്ങളും ക്രൂരപീഡനങ്ങളും നടത്തിയെന്ന് യുഎസ് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് വാച്ച് തയാറാക്കിയ റിപ്പോർട്ടിൽ ആരോപിച്ചു. ആക്രമണം അതിജീവിച്ചവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. ഇസ്രയേലിന്റെ കഥകൾ അതേപടി റിപ്പോർട്ടാക്കുകയാണ് ഹ്യുമൻ റൈറ്റ്സ് വാച്ച് ചെയ്തതെന്ന് ഹമാസ് കുറ്റപ്പെടുത്തി. കഴിഞ്ഞമാസം യുഎൻ പുറത്തുവിട്ട മറ്റൊരു റിപ്പോർട്ടിൽ ഇസ്രയേൽ സൈന്യവും ഹമാസും ഗാസ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഒട്ടേറെ ക്രൂരതകൾ കാട്ടിയതായി ആരോപിച്ചിരുന്നു.

അതിനിടെ, ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി യോഗത്തിനിടെ, ഗാസയിലെ ഇസ്രയേലി ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 2 പ്രതിഷേധക്കാർ പ്ലക്കാർഡുമായി മുദ്രാവാക്യമുയർത്തി. റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് പ്രസംഗിക്കാൻ തുടങ്ങിയപ്പോഴായിരുന്നു 2 യുവതികളുടെ പ്രതിഷേധം.

English Summary:

Israel bomb attack in Gaza kills many people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com