പ്രതിപക്ഷ നേതാവ്: ഇന്ത്യൻ വംശജ പ്രീതി പട്ടേലും ബ്രിട്ടനിൽ മത്സരരംഗത്ത്
Mail This Article
ലണ്ടൻ ∙ കിയേർ സ്റ്റാമെറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരം പിടിച്ചെടുത്ത ബ്രിട്ടനിൽ, പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാകാൻ ഇന്ത്യൻ വംശജയായ മുൻ ആഭ്യന്തര മന്ത്രി പ്രീതി പട്ടേലും രംഗത്ത്. പ്രധാനമന്ത്രിയും പാർട്ടി നേതാവുമായിരുന്ന ഋഷി സുനകിന്റെ പിൻഗാമിയാകാൻ മുൻ ബിസിനസ് സെക്രട്ടറി കെമി ബാഡ്നോക്, മുൻ സുരക്ഷാമന്ത്രി ടോം ടുഗെൻഡ്ഹറ്റ് തുടങ്ങിയവരും മത്സരിക്കുമെന്നാണു സൂചന.
ഭൂരിപക്ഷം കുറഞ്ഞെങ്കിലും എസെക്സിലെ വിറ്റ്‌ഹാമിൽനിന്ന് പ്രീതി (52) പാർലമെന്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നേതാവാകാനുള്ള മത്സരത്തിൽ സ്ഥാനാർഥിയാകാൻ മറ്റ് എംപിമാരുടെ പിന്തുണ ഉറപ്പാക്കുന്ന തിരക്കിലാണിപ്പോൾ. ഏതാനും ദിവസങ്ങൾക്കകം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്നാണു വിവരം.
ഏറ്റവും കൂടുതൽ പിന്തുണയുള്ള 2 സ്ഥാനാർഥികളിൽനിന്ന് പാർട്ടി എംപിമാർ വോട്ടിട്ടാണു വിജയിയെ കണ്ടെത്തുക. ഗുജറാത്ത്– യുഗാണ്ട സ്വദേശികളായ ദമ്പതികളുടെ മകളാണു പ്രീതി പട്ടേൽ. ഇന്ത്യൻ വംശജയായ മറ്റൊരു മുൻമന്ത്രി സ്യുവെല്ല ബ്രേവർമാനും കൺസർവേറ്റീവ് നേതൃമത്സരത്തിന് ഉണ്ടായേക്കാമെന്നാണു റിപ്പോർട്ടുകൾ.