ഗാസയിൽ ഇസ്രയേൽ ബോംബിങ് ; 37 പലസ്തീൻ കൊല്ലപ്പെട്ടു
Mail This Article
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 37 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയുടെ പടിഞ്ഞാറൻ മേഖലയിൽ ഹമാസും സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ തുടരുന്നുവെന്നാണു റിപ്പോർട്ട്. ശനിയാഴ്ചത്തെ ബോംബാക്രമണത്തിൽ മധ്യഗാസയിൽ ഒട്ടേറെ വീടുകൾ തകർന്നു. ജബാലിയയിൽ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ മാധ്യമപ്രവർത്തകനായ മുഹമ്മദ് അബു ജസീറും ഭാര്യയും 2 കുട്ടികളും കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ അൽ ജലാ സ്ട്രീറ്റിൽ ജനക്കൂട്ടത്തിൽ ബോംബിട്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
കനത്ത ഏറ്റുമുട്ടൽ തുടരുന്ന റഫയിലെ ടെൽ അൽ സുൽത്താൻ പ്രദേശത്ത് ഒട്ടേറെ ഹമാസുകാരെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. മധ്യഗാസയിൽ ഹമാസ് താവളങ്ങളിലാണു ബോംബിങ് തുടരുന്നതെന്നാണ് ഇസ്രയേൽ ഭാഷ്യം. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 38,919 പലസ്തീൻകാർ കൊല്ലപ്പെട്ടു. 89,622 പേർക്കു പരുക്കേറ്റു. അതേസമയം, ഗാസയിലെ വെടിനിർത്തലിനായി ഒരാഴ്ചയിലേറെയായി ദോഹയും കയ്റോയും കേന്ദ്രീകരിച്ചു നടക്കുന്ന മധ്യസ്ഥ ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല.
ചെങ്കടലിലെ ഏദൻ കടലിടുക്കിൽ യെമനിലെ ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിൽ ചരക്കുകപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും ജീവനക്കാർ അണച്ചു.
ദക്ഷിണ ലബനനിൽ ഹുല പട്ടണത്തിൽ ഹിസ്ബുല്ല താവളം ലക്ഷ്യമാക്കി ഇസ്രയേൽ സൈന്യം മിസൈലാക്രമണം നടത്തി. തിരിച്ചടിയായി വടക്കൻ ഇസ്രയേലിലെ മനാറയിലെ സൈനികകേന്ദ്രത്തിനുനേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി.