ADVERTISEMENT

വാഷിങ്ടൻ / കീവ് ∙ യുഎസിലെ ഭരണമാറ്റ സാധ്യത മുന്നിൽക്കണ്ട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെ‍‍ൻസ്കി നിലപാട് മയപ്പെടുത്തുന്നു. റഷ്യയുമായി ഒത്തുതീർപ്പിനില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്ന സെലെ‍‍ൻസ്കി, സമാധാനചർച്ചകൾക്കു തയാറാകുന്നതിന്റെ സൂചനകളാണു പുറത്തുവരുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് നവംബറിലെ സമാധാന ഉച്ചകോടിയിലേക്ക് റഷ്യൻ പ്രതിനിധി സംഘത്തെ സെലെൻസ്കി ക്ഷണിച്ചത്. മുൻ ഉച്ചകോടികളിൽ റഷ്യയ്ക്കു ക്ഷണമില്ലായിരുന്നു. യുക്രെയ്ൻ മേഖലകളിൽനിന്നു റഷ്യൻ സേന പിൻവാങ്ങാതെ ചർച്ചയില്ലെന്നായിരുന്നു സെലെൻസ്കിയുടെ പഴയ നയം. 

മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ഫോണി‍ൽ സെലെൻസ്കിയുമായി സംസാരിച്ചിരുന്നു. ഡെമോക്രാറ്റ് പാർട്ടിക്കാരനായ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനിൽനിന്നു വ്യത്യസ്തമായി, യുക്രെയ്ന് ആയുധം സഹായം നൽകുന്നതിനെ അനുകൂലിക്കുന്നയാളല്ല ട്രംപ്. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒപ്പം മത്സരിക്കുന്ന ജെ.ഡി. വാൻസ് ഇക്കാര്യത്തിൽ ട്രംപിനെക്കാൾ കടുത്ത നിലപാടുള്ളയാളാണ്. യുഎസിനെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങൾക്കു പ്രഥമ പരിഗണന നൽകുന്ന വിദേശനയമാണ് വാൻസും മുന്നോട്ടു വയ്ക്കുന്നത്. 

നവംബറിലെ തിരഞ്ഞെടുപ്പി‍ൽ ബൈഡനെതിരെ ട്രംപ് ജയിച്ചാൽ, ആയുധസഹായം കുറയാനോ നിലയ്ക്കാനോ ഉള്ള സാധ്യതയാണു തെളിയുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളുടെ ആയുധസഹായം ആവശ്യത്തിനു ലഭിക്കുന്നില്ലെന്ന പരാതി തുടരുന്ന സെലെ‍ൻസ്കി യുദ്ധമുന്നണിയിൽ വലിയ പ്രതിസന്ധി നേരിടുകയാണെന്നാണു വാർത്തകൾ. 

വെള്ളിയാഴ്ചത്തെ ഫോൺ സംഭാഷണത്തിൽ ലോകസമാധാനം പുനഃസ്ഥാപിക്കുമെന്നും യുക്രെയ്നിലേത് ഉൾപ്പെടെ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സമാധാനത്തിനായി എന്തൊക്കെ ചെയ്യാമെന്നാണ് ട്രംപുമായി സംസാരിച്ചതെന്ന് സെലെൻസ്കി പറഞ്ഞു. 

ട്രംപ്–വാൻസ് ആദ്യ റാലിക്ക് വൻ സുരക്ഷ 

വാഷിങ്ടൻ ∙ റിപ്പബ്ലിക്കൻ പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ജെ.ഡി. വാൻസും ഒരുമിച്ചു വേദിയിലെത്തുന്ന ആദ്യത്തെ തിരഞ്ഞെടുപ്പു റാലിക്ക് വൻ സുരക്ഷാക്രമീകരണങ്ങളൊരുക്കി. പതിവുള്ള തുറന്ന വേദിക്കു പകരം, മിഷിഗണിലെ ഗ്രാൻഡ് റാപിഡ്സിൽ ഇന്നലത്തെ പ്രചാരണ പരിപാടി ഇൻഡോർ വേദിലാണു സജ്ജീകരിച്ചത്. പെൻസിൽവേനിയയിലെ ബട്‌ലറിൽ കഴിഞ്ഞയാഴ്ച നടന്ന പരിപാടിക്കിടെയാണ് ട്രംപിനു നേരെ വധശ്രമം നടന്നത്. 

റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വം സ്വീകരിച്ച് പാർട്ടി ദേശീയ കൺവൻഷനിൽ ട്രംപിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടതായാണു റിപ്പോർട്ടുകൾ. പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും ജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽത്തന്നെയുള്ള പൊതുവികാരം. എന്നാൽ, മത്സരരംഗത്തുനിന്ന് പിന്മാറാനുള്ള അഭ്യർഥനകളെല്ലാം തള്ളിയ ബൈഡൻ കോവിഡ് ഭേദമായ ശേഷം തിരഞ്ഞെടുപ്പു പ്രചാരണത്തിൽ വീണ്ടും സജീവമാകുമെന്ന് പ്രഖ്യാപിച്ചു. 

ഏറ്റവും പുതിയ അഭിപ്രായ സർവേകളിൽ‍ ട്രംപ് മുന്നിലാണ്. വിജയി ആരായിരിക്കുമെന്നു പ്രവചിക്കാൻ ബുദ്ധിമുട്ടുള്ള മിഷിഗൻ പോലെയുള്ള സംസ്ഥാനങ്ങളിലടക്കം ഇതാണു സ്ഥിതി. 

English Summary:

Trump called on phone; Zelensky said there could be talks with Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com