ട്രംപിനുനേരെയുള്ള വധശ്രമം: യുഎസ് സീക്രട്ട് സർവീസ് മേധാവി രാജിവച്ചു
Mail This Article
വാഷിങ്ടൻ ∙ യുഎസ് സീക്രട്ട് സർവീസ് ഡയറക്ടർ കിംെബർലി ചീറ്റൽ രാജിവച്ചു. തിരഞ്ഞെടുപ്പു റാലിക്കിടെ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമം തടയുന്നതിൽ സീക്രട്ട് സർവീസ് പരാജയപ്പെട്ടെന്ന കടുത്ത വിമർശനത്തെത്തുടർന്നാണു രാജി.
യുഎസ് പ്രസിഡന്റിന്റെയും മുൻപ്രസിഡന്റുമാരുടെയും സുരക്ഷയാണു സീക്രട്ട് സർവീസിന്റെ ചുമതല. 2022 ൽ ആണു ചീറ്റൽ മേധാവിയായത്. 1981 ൽ പ്രസിഡന്റ് റൊണാൾഡ് റീഗനു നേരെയുണ്ടായ വധശ്രമത്തിനുശേഷം സീക്രട്ട് സർവീസിനുണ്ടായ ഏറ്റവും പരാജയമാണു ട്രംപ് വധശ്രമമെന്നു ചീറ്റൽ ഉത്തരവാദിത്തമേറ്റിരുന്നു. പുതിയ മേധാവിയുടെ നിയമനം ഉടൻ ഉണ്ടാകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
പെൻസിൽവേനിയയിൽ ഈ മാസം 13 നു തിരഞ്ഞെടുപ്പുറാലിക്കിടെ ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നാണ് അക്രമി ട്രംപിനുനേരെ വെടിവച്ചത്. വെടിയുണ്ട മുൻപ്രസിഡന്റിന്റെ വലതുചെവിയിൽ ഉരസി കടന്നുപോയി.