ADVERTISEMENT

ലണ്ടൻ ∙ ‘ബ്ലൂസ്ബ്രേക്കേഴ്സ്’ ബാൻഡുമായി ജനപ്രിയ സംഗീതത്തിന്റെ പുതിയ ചക്രവാളങ്ങൾ തേടിയ ബ്രിട്ടിഷ് ഇതിഹാസം ജോൺ മേയൽ (90) അന്തരിച്ചു. ഏറെ നാളുകളായി അസുഖബാധിതനായിരുന്നു. കലിഫോർണിയയിലെ വീട്ടി‍ലായിരുന്നു മരണം. 

ചടുലതാളങ്ങളിലൂടെ പ്രകമ്പനം കൊള്ളിക്കുന്ന വികാരസുന്ദര ഗാനങ്ങളുമായി യുഎസിലെ ആഫ്രിക്കൻ വംശജർ പരിചയപ്പെടുത്തിയ വേറിട്ട സംഗീതധാരയെ ബ്രിട്ടിഷ് ആസ്വാദകർ ഏറെ ഇഷ്ടപ്പെട്ടുതുടങ്ങിയത് മേയൽ നയിച്ച ബാൻഡിലൂടെ ആയിരുന്നു. 

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിനടുത്ത് ബെറിലിന്റെയും പിയാനോ വിദഗ്ധൻ മറി മേയലിന്റെയും മകനായി 1933 നവംബർ 29നായിരുന്നു ജനനം.

1964 ലായിരുന്നു ബ്ലൂസ്ബ്രേക്കേഴ്സിന്റെ അരങ്ങേറ്റം. എറിക് ക്ലാപ്റ്റൻ, ജാക്ക് ബ്രൂസ്, മിക്ക് ഫ്ലീറ്റ്‍വുഡ്, ജോൺ മക്‌വീ തുടങ്ങിയ താരനിരയുമായി അവർ സംഗീതത്തിലെ ഇടിമുഴക്കമായി. ഗായകനായി മാത്രമല്ല, പാട്ടെഴുത്തുകാരനായും മുദ്ര പതിപ്പിച്ച മേയലിനു വഴങ്ങാത്ത സംഗീതോപകരണങ്ങൾ കുറവായിരുന്നു. ബ്ലൂസ് എലോൺ (1967) ആൽബത്തിൽ ഡ്രം ഒഴിച്ചുള്ളതെല്ലാം ഒറ്റയ്ക്കു കൈകാര്യം ചെയ്തു. 1969 ലാണ് യുഎസിലെ കലിഫോർണിയയിലേക്കു താമസം മാറ്റിയത്. ഡ്രം ഇല്ലാതെ സാക്സഫോണും ഗിറ്റാറുമുൾപ്പെട്ട മൃദുസംഗീതമായി അൽപകാലം. 2013 ൽ‍  സ്വന്തം പേരിൽ ബാൻഡ് തുടങ്ങി.

English Summary:

Bluesbreakers legend John Mayall passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com