മുസ്‌ലിം ബ്രദർഹുഡ് വീണ്ടും; കർശന നടപടികളുമായി യുഎഇ
Mail This Article
ദുബായ് ∙ യുഎഇയിൽ മുസ്‌ലിം ബ്രദർഹുഡ് പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാൻ രഹസ്യ സംഘടനകൾ പ്രവർത്തിക്കുന്നതായി അധികൃതർ വെളിപ്പെടുത്തി. 2013ൽ നിരോധിച്ച റിഫോം കോൾ എന്ന തീവ്രവാദ സംഘടനയുടെ ഭാഗമായിരുന്നവരാണിതിനു പിന്നിൽ. വിദേശ രാജ്യങ്ങളിലിരുന്നുകൊണ്ടാണ് പ്രവർത്തനം. യുഎഇയിൽനിന്നും രാജ്യത്തിനു പുറത്തുള്ള മറ്റു തീവ്രവാദ സംഘടനകളിൽ നിന്നും ഇവർക്ക് ഫണ്ട് ലഭിക്കുന്നതായും അധികൃതർ വിലയിരുത്തുന്നു.
കോർഡോബ ഫൗണ്ടേഷൻ (ടിസിഎഫ്) എന്ന തീവ്രവാദ സംഘടനയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മധ്യപൂർവദേശത്തെ തീവ്രവാദ ആശയങ്ങളുടെ ബുദ്ധികേന്ദ്രമായാണ് ഇവർ അറിയപ്പെടുന്നത്. വിദേശത്തു കഴിയുന്ന മുസ്‌ലിം ബ്രദർഹുഡ് നേതാവ് അനസ് അൽതിക്രിതിയാണ് ടിസിഎഫിനെ നയിക്കുന്നത്. യുഎഇ എംബസികൾക്കും മറ്റു രാജ്യാന്തര സംഘടനകൾക്കും മുന്നിലെ പ്രതിഷേധങ്ങളുടെ നിയന്ത്രണവും ബുദ്ധികേന്ദ്രവും ഇയാൾ ആണെന്നും വെളിപ്പെടുത്തി.
സംഘടനയിലെ ഒരാൾ പിടിയിലായതോടെയാണു വിവരങ്ങൾ പുറത്തുവന്നത്. അപവാദ പ്രചാരണം, വിദ്വേഷ പ്രസംഗം, ജനങ്ങളിൽ ശത്രുത വളർത്തൽ, രാജ്യനേട്ടങ്ങളെ ചോദ്യം ചെയ്യൽ, തീവ്രവാദ ഫണ്ടിങ്, കള്ളപ്പണ ഇടപാട്, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ എന്നിവ നടത്തിയിരുന്നതായി പിടിയിലായ ആൾ മൊഴി നൽകി.
സംഘടനയിലെ ചില അംഗങ്ങൾ രാജ്യാന്തര മനുഷ്യാവകാശ സംഘടനകളുടെ ഭാഗമാവുകയും തെറ്റായ വിവരങ്ങൾ നൽകി യുഎഇയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. രാജ്യത്തെ മാധ്യമ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ ഇവർ നുഴഞ്ഞുകയറിയിട്ടുണ്ട്. ജീവകാരുണ്യസംഘടനകളെയും ഇവർ സഖ്യത്തിന്റെ ഭാഗമാക്കി. ചില ടെലിവിഷൻ ചാനലുകളും ഈ ഗ്രൂപ്പിലുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ വെളിപ്പെടുത്തി.