പാവെലിന്റെ അറസ്റ്റ് അസംബന്ധമെന്ന് ടെലിഗ്രാം
Mail This Article
പാരിസ് ∙ ലൈംഗിക ചൂഷണം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടെലിഗ്രാം മെസഞ്ചർ സിഇഒ പാവെൽ ദുറോവ് ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിൽ തുടരുന്നു. റഷ്യയിൽ ജനിച്ച പാവെൽ അസർബൈജാനിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ശനിയാഴ്ച രാത്രി ഫ്രാൻസിലെ ലെ ബുർഷെ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്. ടെലിഗ്രാമിലെ ഉള്ളടക്കത്തിനെതിരെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയാനുള്ള ഫ്രഞ്ച് ഏജൻസി ഓഫ്മിന്റെ പരാതിയിലാണ് അറസ്റ്റ്.
ഇതേസമയം, യൂറോപ്യൻ യൂണിയൻ നിയമം പാലിച്ച് പ്രവർത്തിക്കുന്ന ദുബായ് ആസ്ഥാനമായുള്ള ടെലിഗ്രാം മെസഞ്ചർ നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ടെലിഗ്രാമിലെ മെസേജുകളുടെ ഉള്ളടക്കത്തിന്റെ പേരിൽ കമ്പനിയുടെ സ്ഥാപകൻ പാവെലിനെ അറസ്റ്റ് ചെയ്തത് അസംബന്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു. പാവെലിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രസ്താവന തുടരുന്നു.
ടെലിഗ്രാമിലെ സ്വകാര്യ മെസേജുകൾ വായിക്കാൻ സൗകര്യമൊരുക്കണമെന്ന കോടതി വിധി ലംഘിച്ചതിന് പാവെൽ റഷ്യയിലും നിയമനടപടി നേരിടുന്നുണ്ട്. ഇതിനെത്തുടർന്ന് 2014 ൽ പാവെൽ റഷ്യ വിട്ടു. 2021 ലാണ് ഫ്രഞ്ച് പൗരത്വം ലഭിച്ചത്. റഷ്യ, യുഎഇ, സെന്റ് കിറ്റ്സ്, നെവിസ് പൗരത്വവും പാവെലിനുണ്ട്.