ധാക്കയിൽ വിദ്യാർഥികളും അൻസാർ സേനയും ഏറ്റുമുട്ടി; 40 പേർക്ക് പരുക്ക്
Mail This Article
ധാക്ക ∙ ബംഗ്ലദേശ് സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തിയ വിദ്യാർഥികളും അർധസൈനിക വിഭാഗമായ അൻസാർ ബാഹിനി വോളന്റിയർമാരും ഏറ്റുമുട്ടി. ലാത്തിച്ചാർജിലും കല്ലേറിലും നാൽപതോളം പേർക്കു പരുക്കേറ്റു. ജോലിയിലെ സ്വദേശിവൽക്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് അൻസാർ അംഗങ്ങൾ സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധം നടത്തുന്നതിനിടയ്ക്കാണ് ആയുധങ്ങളും വടിയുമായി വിദ്യാർഥികളുടെ സംഘം അവിടേക്കു മാർച്ച് ചെയ്തത്.
ഇടക്കാല സർക്കാരിലെ ഉപദേഷ്ടാവ് നഹിദ് ഇസ്‌ലാമിനെ അൻസാർ അംഗങ്ങൾ തടഞ്ഞുവച്ചതറിഞ്ഞാണ് അവർ എത്തിയത്. ആദ്യം അൻസാർ അംഗങ്ങൾ സ്ഥലത്തുനിന്നു പിൻവാങ്ങിയെങ്കിലും പിന്നീട് ഇഷ്ടികയും വടിയുമായി വിദ്യാർഥികളെ നേരിട്ടു. ഏറ്റുമുട്ടൽ 2 മണിക്കൂറോളം നീണ്ടു. രാജ്യത്തെ പിടിച്ചുകുലുക്കിയ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തങ്ങൾ സജീവമായിരിക്കുമ്പോഴും അൻസാർ അംഗങ്ങൾ സമരത്തിലായിരുന്നു എന്ന് വിദ്യാർഥികൾ ആരോപിച്ചു.
∙ അൻസാർ ബാഹിനി
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ബംഗ്ലദേശ് അൻസാർ ആൻഡ് വില്ലേജ് ഡിഫൻസ് ഫോഴ്‌സ്, അൻസാർ ബാഹിനി എന്നും അറിയപ്പെടുന്നു. 3 ഡിവിഷനുകളായി ക്രമീകരിച്ചിരിക്കുന്ന സേനയിൽ ഏകദേശം 60 ലക്ഷം അംഗങ്ങളുണ്ട്. ഇതിലെ ചില വിഭാഗങ്ങൾക്കു സ്ഥിര ശമ്പളമില്ല. 1965 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ അതിർത്തി പോസ്റ്റുകൾ സംരക്ഷിക്കാൻ അൻസാർ അംഗങ്ങളെ വിന്യസിച്ചിരുന്നു.