ADVERTISEMENT

തൊഴിൽ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരായ‌ പോരാട്ടങ്ങൾക്കു ലോകമെങ്ങും കുതിപ്പേകിയ സംഭവമായിരുന്നു പ്രമുഖ ഹോളിവുഡ് നിർമാതാവും മിറാമാക്സ് സ്റ്റുഡിയോ സ്ഥാപകനുമായ ഹാർവി വെയ്ൻസ്റ്റൈനെതിരായ ലൈംഗികപീഡനക്കേസ്. ‌‌2017 ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറും ഉയർത്തിയ ആരോപണങ്ങൾ ഹോളിവുഡിനെ പിടിച്ചുകുലുക്കി.

സിനിമാ വ്യവസായത്തിന്റെ മറവിൽ ഒരു ഡസനിലധികം സ്ത്രീകളെ വെയ്ൻസ്റ്റൈൻ ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്ന റിപ്പോർട്ടിനു പിന്നാലെ നടി ആ‍​ഞ്ജലീന ജോളിയും സംവിധായിക ഗ്വിനത്ത് പാൾട്രൊയും ഉൾപ്പെടെ പ്രശസ്ത നടിമാരും മോഡലുകളും ലൈംഗിക ആരോപണവുമായി രംഗത്തെത്തി. ലിയ സെയ്ദു, റോസ് മഗവൻ, ആസിയ അർജന്റോ, ആംബ്ര ഗൂറ്റ്യറെസ്, ആഷ്‌ലി ജൂഡ്, കാറ ഡെലവീൻ, ഹെതർ ഗ്രഹാം, ലുസിയ ഇവാൻസ് തുടങ്ങി ഒട്ടേറെ നടിമാരും മോഡലുകളും സമാന ആരോപണങ്ങൾ ഉയർത്തി. 

ലൈംഗികചൂഷണങ്ങൾക്കെതിരെ റീസ് വിതർസ്പൂൺ, നികോൾ കിഡ്‌മൻ, ജെനിഫർ അനിറ്റ്സൻ, ആഷ്‌‌ലി ജൂഡ്, അമേരിക്ക ഫെരേര, നടലി പോർട്‌മൻ, എമ്മ സ്റ്റോൺ, കെറി വാഷിങ്ടൻ, മാഗോ റോബി തുടങ്ങിയ പ്രശസ്ത നടിമാർ മുൻകയ്യെടുത്തു തുടങ്ങിയ ടൈം ഇസ് അപ് (Time's Up) എന്ന പ്രതിഷേധക്കൂട്ടായ്മയ്ക്കു വൻപിന്തുണയാണു ലഭിച്ചത്.

പീഡനത്തിരയാകുന്നവർക്കു നിയമസഹായ ഫണ്ടും പിന്തുണയും നൽകിയതിനു പുറമേ ഗോൾഡൻ ഗ്ലോബ്, കാൻ ചലച്ചിത്രമേള തുടങ്ങിയ വേദികൾ പ്രതികരണങ്ങൾക്കുളള ഇടവുമാക്കി. ആഗോളതലത്തിൽ തൊഴിൽസ്ഥലത്തെ ലൈംഗികചൂഷണങ്ങൾക്കെതിരെ ‘മീ ടൂ’ മുന്നേറ്റമുണ്ടായതും വെയ്ൻസ്റ്റൈൻ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്. 

പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006 ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013 ലും പീഡിപ്പിച്ചെന്ന കേസുകളിൽ 2020ൽ വെയ്ൻസ്റ്റൈനിനെ 23 വർഷം തടവിനു ശിക്ഷിച്ചു. എന്നാൽ, 2024 ഏപ്രിലിൽ തടവുശിക്ഷ ന്യൂയോർക്ക് അപ്പീൽ കോടതി ഭൂരിപക്ഷ വിധിയിലൂടെ റദ്ദാക്കി. കേസിൽ പുനർവിചാരണ പൂർത്തിയാകാത്തതിനാൽ വെയ്ൻസ്റ്റൈൻ ഇപ്പോഴും ജയിലിലാണ്. 

‘മീ ടൂ’ ക്യാംപെയ്ൻ

2017 ഒക്ടോബറിൽ 15ന് ഹോളിവുഡ് നടി അലീസ മിലാനോ തുടങ്ങിയ ‘മീ ടൂ’ ക്യാംപെയ്ൻ പ്രതിഷേധങ്ങളുടെ വേറിട്ട ധാരയായിരുന്നു. വെയ്ൻസ്റ്റൈനെതിരെ ഉയർന്ന പീഡനാരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അലീസയുടെ ക്യാംപെയ്ൻ. ആരെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ തന്റെ ട്വീറ്റിന് ഞാനും ഇരയായി എന്ന അർഥത്തിൽ #MeToo എന്ന ഹാഷ്ടാഗിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമങ്ങൾ അതിജീവിച്ചവരോട് സ്റ്റേറ്റസ് അപ്‌ഡേറ്റായി #MeToo എന്നു നൽകാനും ആഹ്വാനം ചെയ്തു. അന്നു രാത്രിയായപ്പോഴേക്കും 2 ലക്ഷം പേർ അതിനോടു പ്രതികരിച്ചു. ഒരുദിവസം പിന്നിട്ടപ്പോഴേക്കും 5 ലക്ഷമായി. ഫെയ്‌സ്ബുക്കിൽ 24 മണിക്കൂറിനകം 47 ലക്ഷം പേർ ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച് 1.25 കോടി കുറിപ്പുകളിട്ടു. 

English Summary:

Molestation case in Hollywood also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com