ജഗദീഷ് ‘അമ്മ’ ജനറൽ സെക്രട്ടറിയാകണമെന്ന് ഒരു വിഭാഗം, വനിത വേണമെന്നും വാദം; ആകെയുലഞ്ഞ് സിനിമാമേഖല
Mail This Article
കൊച്ചി ∙ നേതൃത്വത്തിനെതിരെയുള്ള ആരോപണങ്ങളിൽ ഉള്ളുലഞ്ഞ അമ്മ ഇന്നു ചേരാനിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മാറ്റി. അമ്മ പ്രസിഡന്റിന്റെ അസൗകര്യമാണു കാരണമായി പറയുന്നതെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ യോഗം ചേർന്നാൽ സ്ഥിതി സ്ഫോടനാത്മകമാകുമെന്ന വിലയിരുത്തലാണു കാരണമെന്നു സൂചനയുണ്ട്. ജനറൽ സെക്രട്ടറി സിദ്ദിഖ് സ്ഥാനമൊഴിഞ്ഞപ്പോൾ ചുമതല കൈമാറേണ്ട ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണ നിഴലിലായതോടെ നേതൃപ്രതിസന്ധിയുമുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ഓൺലൈൻ യോഗത്തിനാണു കൂടുതൽ സാധ്യത.
പ്രതിഛായയുള്ള വ്യക്തിയെ ജനറൽ സെക്രട്ടറിയാക്കണമെന്ന വാദം ശക്തമാണ്. തുടക്കം മുതൽ തന്നെ സുവ്യക്തമായ നിലപാടു പറഞ്ഞ ജഗദീഷ് ജനറൽ സെക്രട്ടറിയാകണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ, രണ്ടാം വരവിൽ ധാരാളം സിനിമകളുള്ള ജഗദീഷിനു സംഘടനാപദവിയിൽ അത്ര താൽപര്യമില്ല. അമ്മ ആസ്ഥാനം എറണാകുളത്തായതിനാൽ അവിടെയെത്തി പ്രവർത്തിക്കണമെന്നതും അസൗകര്യമാണ്.
മറ്റൊരു വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയ്ക്കെതിരെയും ചില പരാമർശങ്ങൾ വന്നതിനാൽ പൊതുസ്വീകാര്യത കുറവാണ്. ഇന്നത്തെ സാഹചര്യത്തിൽ ജനറൽ സെക്രട്ടറി സ്ത്രീയായിരിക്കണമെന്ന വാദവും ഉയരുന്നുണ്ട്.