പ്രശ്ന പരിഹാരം മതാതീത ചർച്ചകളിലൂടെ: മാർപാപ്പ
Mail This Article
സിംഗപ്പൂർ ∙ പ്രശ്നഭരിതമായ ലോകത്തെ സുഖമാക്കാൻ മതസഹിഷ്ണുതയാണ് വേണ്ടതെന്ന സന്ദേശം ആവർത്തിച്ച് ഫ്രാൻസിസ് മാർപാപ്പ 12 ദിന ദക്ഷിണേഷ്യാ സന്ദർശനം പൂർത്തിയാക്കി റോമിലേക്കു മടങ്ങി. വിവിധ മതവിഭാഗങ്ങളിലെ യുവാക്കളുമായുള്ള സംവാദമായിരുന്നു സിംഗപ്പൂരിലെ അവസാന പരിപാടി. സ്വന്തം വിശ്വാസത്തിന്റെ മേനി പറച്ചിൽ നിർത്തി ക്രിയാത്മകമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന് മാർപാപ്പ അഭ്യർഥിച്ചു.
-
Also Read
പെറു മുൻപ്രസിഡന്റ് ഫുജിമോറി അന്തരിച്ചു
ദൈവം എല്ലാവരുടേതുമാണ്. മതങ്ങൾ ദൈവത്തിലേക്കുള്ള വ്യത്യസ്ത പാതകളും. പരസ്പര ബഹുമാനത്തോടെ വിമർശിക്കാനും വിമർശിക്കപ്പെടാനുമുള്ള ആർജവം യുവാക്കൾ കാട്ടണം. മതങ്ങൾക്കതീതമായി വ്യക്തികൾ തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തി ചർച്ചകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കണം – മാർപാപ്പ പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നിട്ടും 87കാരനായ മാർപാപ്പ 32,824 കിലോമീറ്റർ സഞ്ചരിച്ചാണ് ഇന്തൊനീഷ്യ, പാപുവ ന്യൂഗിനി, കിഴക്കൻ തൈമൂർ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയത്. കിഴക്കൻ തൈമൂറിൽ 6 ലക്ഷത്തിലേറെപ്പേർ പങ്കെടുത്ത കുർബാന ഉൾപ്പെടെ 40 പൊതു പരിപാടികളിൽ മാർപാപ്പ പങ്കെടുത്തു.