പെറു മുൻപ്രസിഡന്റ് ഫുജിമോറി അന്തരിച്ചു
Mail This Article
ലിമ ∙ പെറു മുൻ പ്രസിഡന്റ് ആൽബെർട്ടോ ഫുജിമോറി (89) അന്തരിച്ചു. ഒരു ദശകം (1990–2000) പെറു ഭരിച്ച ഫുജിമോറി അധികാരഭ്രഷ്ടനായശേഷം ഭരണകാലത്തു നടന്ന മനുഷ്യാവകാശലംഘനങ്ങളുടെ പേരിൽ 25 വർഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിൽ ജയിൽമോചിതനായശേഷം ലിമയിൽ മകൾക്കൊപ്പമായിരുന്നു താമസം. 2026 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമെന്ന് മകൾ കെയ്കോ ഫുജിമോറി ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു.
ജാപ്പനീസ് വംശജരാണു ഫുജിമോറിയുടെ മാതാപിതാക്കൾ. ഗണിതശാസ്ത്ര പ്രഫസറായിരുന്ന ഫുജിമോറി പെറുവിലെ ഒരു സർവകലാശാലയുടെ ചാൻസലറായിരിക്കെയാണു രാഷ്ട്രീയത്തിലിറങ്ങിയത്. 1990 ലെ തിരഞ്ഞെടുപ്പിലാണു ആദ്യജയം. പ്രശസ്ത നോവലിസ്റ്റ് മരിയ വർഗാസ് യോസയെയാണു തോൽപിച്ചത്.
1990 കളിൽ പെറുവിനു സാമ്പത്തികവളർച്ചയുണ്ടാക്കിയ പരിഷ്ക്കാരങ്ങൾ നടപ്പാക്കിയെങ്കിലും മാവോയിസ്റ്റുകളായ ഷൈനിങ് പാത്തിനെ അടിച്ചമർത്താൻ ഉരുക്കുമുഷ്ടി പ്രയോഗിച്ചതോടെ മനുഷ്യാവകാശലംഘനം ആരോപിക്കപ്പെട്ടു. 2000 ൽ മൂന്നാംവട്ടവും അധികാരത്തിൽ തുടരാൻ ശ്രമിക്കുന്നതിനിടെയാണ് വിശ്വസ്തനായ ചാരസംഘടനാ മേധാവി എംപിമാരെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്ന വിഡിയോ പുറത്തുവന്നത്. ഇതോടെ അദ്ദേഹം രാജ്യം വിട്ടു
ജപ്പാനിൽ അഭയം തേടിയ ഫുജിമോറി രാജിക്കത്ത് അവിടെനിന്നു ഫാക്സ് ചെയ്യുകയായിരുന്നു. 5 വർഷത്തിനുശേഷം 2006 ൽ അയൽരാജ്യമായ ചിലെയിൽ തിരിച്ചെത്തി. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ചിലെ സർക്കാർ അറസ്റ്റ് ചെയ്തു പെറുവിനു കൈമാറി. തുടർന്നാണു മാവോയിസ്റ്റുകളായ 25 പേരെ വധിച്ച കേസിലടക്കം 25 വർഷം തടവിനു 2009 ൽ ശിക്ഷിക്കപ്പെട്ടത്.
മകൾ കെയ്കോ 2011, 2016, 2021 വർഷങ്ങളിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ജയിച്ചില്ല. കാൻസർ ബാധിതനായിരുന്ന ഫുജിമോറിക്കു 2017 ൽ ശിക്ഷയിളവ് അനുവദിച്ചെങ്കിലും പിന്നീടു റദ്ദാക്കി. ഇതിനെതിരെ നൽകിയ അപ്പീലിലാണു ഭരണഘടനാ കോടതി മാനുഷികപരിഗണന നൽകി കഴിഞ്ഞവർഷാവസാനം വിട്ടയച്ചത്.