ഗാസ: ആക്രമണത്തിന് അറുതിയില്ല; 14 മരണം
Mail This Article
ഗാസ ∙ കഴിഞ്ഞയാഴ്ച ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട തുർക്കി വംശജയായ സാമൂഹികപ്രവർത്തക ആയിഷനൂർ ഇസ്ജിക്ക് (26) ജന്മനാട് വിടചൊല്ലി. ഇതിനിടെ ഗാസയിൽ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ഇവരിൽ 4 കുട്ടികളും ഉൾപ്പെടുന്നു. ഗാസയിലെ കുട്ടികൾക്കു പോളിയോ വാക്സീൻ നൽകാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങൾക്കിടെയാണു വീണ്ടും ആക്രമണം. 10 വയസ്സിൽ താഴെയുള്ള 5.6 ലക്ഷത്തോളം കുട്ടികൾക്ക് ഇതുവരെ ആദ്യ ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്. രണ്ടാംഘട്ട ഡോസ് ഈ മാസം അവസാനത്തോടെ നൽകാനാകുമെന്നാണു പ്രതീക്ഷ.
ഇസ്ജിയുടെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരമാണ് അവരുടെ ജന്മനാടായ ദിദിമിൽ എത്തിച്ചത്. ഔദ്യോഗിക ബഹുമതികളോടെ നടന്ന കബറടക്കച്ചടങ്ങിൽ വൻജനാവലി പങ്കെടുത്തു. യുഎസ്- തുർക്കി ഇരട്ട പൗരത്വമുള്ള ഇസ്ജി ഈ മാസം 6ന് വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാർക്കെതിരായ പ്രകടനത്തിനിടെയാണു വെടിയേറ്റു കൊല്ലപ്പെട്ടത്. ആക്രമണം അബദ്ധമാണെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും തുർക്കി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസും സംഭവത്തെ അപലപിച്ചു.
അൽ തുഫ്ഫ, ജബാലിയ, അൽ മവാസി പ്രദേശങ്ങളിലാണ് ഇന്നലെ പ്രധാനമായും ആക്രമണമുണ്ടായത്. ഖാൻ യൂനിസിലെ ഒരു അഭയ കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി.2023 ഒക്ടോബർ 7നു തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 41,182 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണു കണക്ക്. 95,280 പേർക്കു പരുക്കേൽക്കുകയും ചെയ്തു.