യുഎസ് തിരഞ്ഞെടുപ്പ്: ‘മുകളിൽനിന്ന്’ വോട്ട് ചെയ്യാൻ സുനിതയും വിൽമോറും
Mail This Article
വാഷിങ്ടൻ ∙ നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്നു വോട്ടു ചെയ്യുമെന്ന് സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും പറഞ്ഞു. ബാലറ്റ് ആവശ്യപ്പെട്ട് ‘താഴേക്ക്’ അപേക്ഷ നൽകിയതായും രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു സാറ്റലൈറ്റ് ഫോൺ കോളിലൂടെ നടത്തിയ വാർത്താസമ്മേളനത്തിൽ ഇരുവരും അറിയിച്ചു.
-
Also Read
ഗാസ: ആക്രമണത്തിന് അറുതിയില്ല; 14 മരണം
‘വോട്ടു ചെയ്യുന്നത് പൗരരെന്ന നിലയിൽ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ബഹിരാകാശത്തുനിന്നു വോട്ടു ചെയ്യാൻ കാത്തിരിക്കുന്നു’– ഇന്ത്യൻ വംശജയായ സുനിത പറഞ്ഞു. ബഹിരാകാശ നിലയത്തിലുള്ള യുഎസ് പൗരർ 1997 മുതൽ വോട്ടു ചെയ്യുന്നുണ്ട്. പാസ്‌വേഡിലൂടെ സുരക്ഷിതമാക്കിയ പിഡിഎഫ് ഫയലാണ് ഇവരുടെ വോട്ടു രേഖപ്പെടുത്താൻ ഉപയോഗിക്കുന്നത്.
ജൂൺ 7നു ബഹിരാകാശ നിലയത്തിലെത്തിയ സുനിതയും വിൽമോറും ജൂൺ 13നു തിരിച്ചെത്തും വിധമായിരുന്നു യാത്രാപദ്ധതി. എന്നാൽ, ബോയിങ് സ്റ്റാർലൈനർ പേടകത്തിനു തകരാർ സംഭവിച്ചതോടെ മടക്കയാത്ര മുടങ്ങി. ഇരുവരെയും അടുത്ത ഫെബ്രുവരിയിൽ സ്പേസ്എക്സിന്റെ ഡ്രാഗൺ പേടകത്തിൽ തിരിച്ചെത്തിക്കാനാണു തീരുമാനം.
‘സ്റ്റാർലൈനർ പേടകം ഞങ്ങളില്ലാതെ ഭൂമിയിലേക്കു മടങ്ങുന്നത് നോക്കിനിന്നു. നാസയുടെയോ ബോയിങ്ങിന്റെയോ തീരുമാനം നിരാശപ്പെടുത്തിയില്ല. കാരണം, അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടുന്നതിനെക്കുറിച്ചാണ് പരിശീലനത്തിന്റെ 90 ശതമാനവും’– ബഹിരാകാശ നിലയത്തിന്റെ കമാൻഡറുടെ ചുമതല കൂടി ലഭിച്ച സുനിത പറഞ്ഞു.